ബിജെപിയില്‍ ഗ്രൂപ്പ് പോര് കനക്കുന്നു; ശബരിമല സമരം പരാജയപ്പെട്ടത് ശ്രീധരന്‍പിളളയുടെ കഴിവ് കേടെന്ന് ആര്‍എസ്എസ്; കുമ്മനത്തെ തിരികെ കൊണ്ട് വരണമെന്നും ആവശ്യം

ബിജെപി കേരള ഘടകത്തിലെ ശക്തമായ ഗ്രൂപ്പിസത്തിന്റെ പശ്ചാത്തലത്തില്‍ കുമ്മനം രാജശേഖരനെ തിരികെ കൊണ്ട് വരണമെന്ന് ആര്‍എസ്എസ് അമിത് ഷായോട് ആവശ്യപ്പെട്ടു. ശബരിമല വിഷയത്തില്‍ പാര്‍ടിയെ ഏകോപിപ്പിക്കാന്‍ ശ്രീധരന്‍പിള്ളയ്ക്ക് കഴിയുന്നില്ലെന്നും ആര്‍എസ്എസ് വിമര്‍ശിച്ചു.

തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ താല്‍പര്യമില്ലെന്നും മോഹല്‍ലാല്‍ അറിയിച്ചെന്നും ആര്‍എസ്എസ് സംസ്ഥാന ഘടകം ബിജെപി കേന്ദ്ര നേതാക്കളെ അറിയിച്ചു.

ശബരിമല സമരം പരാജയപ്പെട്ടത് അദ്ധ്യക്ഷന്‍ ശ്രീധരന്‍പിളളയുടെ കഴിവ് കേടാണന്ന് ശക്തമായ വിമര്‍ശനം ആര്‍എസ്എസിനുണ്ട്.മിസോറാം ഗവര്‍ണ്ണറായിരിക്കുന്ന കുമ്മനം രാജശേഖരനെ സംസ്ഥാനത്ത് നിയമിച്ചാല്‍ ഗ്രൂപ്പിസം നിയന്ത്രിക്കാന്‍ കഴിയുമെന്ന് അമിത് ഷായെ ആര്‍എസ്എസ് അറിയിച്ചു.

വി.മുരളീധര വിഭാഗവും കൃഷ്ണദാസ് പക്ഷവും നിലവില്‍ ശ്രീധരന്‍പിളളയോട് ഒപ്പമില്ല. ജയിലിലായിരിക്കുന്ന സുരേന്ദ്രന്‍ പുറത്തിറങ്ങിയാല്‍ അദ്ധ്യക്ഷപദവിക്കായി ശ്രമിക്കുമെന്ന് കൃഷ്ണദാസ് പക്ഷം കരുതുന്നു. കുമ്മനം രാജശേഖരെ നിയമിച്ചാല്‍ ശ്രീധരന്‍പിള്ളയേയും സുരേന്ദ്രനേയും ഒരുപോലെ ഒതുക്കാം.

തിരുവനന്തപുരം ലോക്‌സഭാ സീറ്റില്‍ മത്സരിക്കാനില്ലെന്ന് മോഹല്‍ലാല്‍ അറിയിച്ച കാര്യം ആര്‍എസ്എസ് നേതൃത്വം അമിത്ഷായെ ധരിപ്പിച്ചു. പകരം കുമ്മനം രാജശേഖരന് തിരുവനന്തപുരം സീറ്റ്, എന്‍എസ്എസ് പിന്തുണയോടെ പി.സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന് പത്തനം തിട്ട സീറ്റ് ഇത്തരത്തിലും ധാരണകള്‍ ദില്ലിയില്‍ രൂപപ്പെടുന്നു.

കുമ്മനം തിരികെ എത്തിയാല്‍ വല്‍സന്‍ തില്ലങ്കേരിയേയും ബിജെപിയിലേയ്ക്ക് കൊണ്ട് വരും. അതിശക്തമായ കേരളഘടകത്തിലെ ഗ്രൂപ്പിസം പാര്‍ടിയെ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ അപഹാസ്യരാക്കിയതിനാല്‍ നിലിവിലെ നേതാക്കളെ മാറ്റി സംസ്ഥാന സമിതി പുനസംഘടിപ്പിക്കാനും ദേശിയ നേതൃത്വം തയ്യാറായേക്കും.

മിസോറാമില്‍ തൂക്ക്മന്ത്രിസഭയാണെങ്കില്‍ കുമ്മനം രാജശേഖരനെ മാറ്റുന്നത് വൈകും. ഡിസംബര്‍ പതിനഞ്ചോടെ ഇക്കാര്യത്തില്‍ തീരുമാനമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here