കളിയുടെ ഇരുപകുതിയിലുമായി ആധിപത്യം പങ്കിട്ടു; ഒടുവില്‍ ഇന്ത്യയും ബല്‍ജിയവും സമനിലയില്‍ പിരിഞ്ഞു

കളിയുടെ ഇരുപകുതിയിലുമായി ആധിപത്യം പങ്കിട്ട ഇന്ത്യയും ബല്‍ജിയവും സമനിലയില്‍ പിരിഞ്ഞു. ലോകകപ്പ് ഹോക്കിയിലെ നിര്‍ണായക പോരില്‍ ഇരുകൂട്ടരും ഈരണ്ടു ഗോള്‍ നേടി.

ആദ്യ പകുതിയില്‍ ഒരു ഗോളിനു പിന്നില്‍നിന്ന ശേഷം തിരിച്ചുവന്ന ഇന്ത്യയെ അന്ത്യഘട്ടത്തില്‍ നേടിയ ഗോളിന് ബല്‍ജിയം കുരുക്കുകയായിരുന്നു. ഹര്‍മന്‍പ്രീത് സിങ്ങും സിമ്രന്‍ജീത് സിങ്ങും ആതിഥേയരുടെ ഗോളുകള്‍ നേടി.

അലക്‌സാണ്ടര്‍ ഹെഡ്രികും സൈമണ്‍ ഗൗഗ്‌നാര്‍ഡും എതിരാളികളുടെ ഗോളുകള്‍ കുറിച്ചു. പ്രതിരോധതാരം വരുണ്‍ കുമാറാണ് കളിയിലെ താരം. പൂള്‍ സിയിലെ മറ്റൊരു കളിയില്‍ ദക്ഷിണാഫ്രിക്കയും കനഡയും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു.

പൂളില്‍ നാലുപോയിന്റുള്ള ഇന്ത്യ മെച്ചപ്പെട്ട ഗോള്‍ ശരാശരിയില്‍ ഒന്നാമതാണ്. രണ്ടാമതുള്ള ബല്‍ജിയത്തിനും നാല് പോയിന്റാണ്. പൂളിലെ അവസാന മത്സരങ്ങള്‍ ജേതാക്കളെ നിശ്ചയിക്കും.

ഏഴു ഗോളടിച്ച ഇന്ത്യ രണ്ടെണ്ണം വഴങ്ങി. ബല്‍ജിയം നാലെണ്ണം അടിച്ചപ്പോള്‍ മൂന്ന് തിരിച്ചുവാങ്ങി. ഇന്ത്യയുടെ അവസാന മത്സരം കനഡയ്‌ക്കെതിരെയാണ്. ബല്‍ജിയം ദക്ഷിണാഫ്രിക്കയെ നേരിടും. അത്ഭുതമൊന്നും സംഭവിച്ചില്ലെങ്കില്‍ ഇന്ത്യ പൂളില്‍ ഒന്നാമതായി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കും. രണ്ടാം സ്ഥാനക്കാര്‍ക്ക് അടുത്തഘട്ടത്തില്‍ എത്താന്‍ ക്രോസ് ഓവര്‍ മത്സരം കളിക്കണം.

ആദ്യ പകുതിയില്‍ ബല്‍ജിയം പൂര്‍ണ ആധിപത്യം പുലര്‍ത്തി. എതിരാളിക്ക് അമിത ബഹുമാനം നല്‍കിയ ഇന്ത്യ കൂടുതല്‍ സമയം പ്രതിരോധത്തിലായിരുന്നു. ബല്‍ജിയത്തിന്റെ വേഗമേറിയ നീക്കങ്ങള്‍ക്കു മുന്നില്‍ പകച്ചുനില്‍ക്കുകയും ചെയ്തു. ആസൂത്രിതമായ നീക്കങ്ങളൊന്നും ഇന്ത്യക്കാരുടെ ഭാഗത്തുനിന്നുണ്ടായില്ല.

ഇരുപാര്‍ശ്വങ്ങളിലൂടെയും അതിവേഗ നീക്കങ്ങളിലൂടെ ബല്‍ജിയം എതിര്‍ ഗോള്‍മുഖത്ത് ഭീതി ഉയര്‍ത്തി. ബല്‍ജിയം നേടിയെടുത്ത തുടര്‍ച്ചയായ രണ്ട് പെനല്‍റ്റി കോര്‍ണറുകള്‍ ഇന്ത്യ അതിജീവിച്ചു. എന്നാല്‍, മൂന്നാം പെനല്‍റ്റി കോര്‍ണറില്‍ പിഴച്ചില്ല. അലക്‌സാണ്ടര്‍ ഹെഡ്രിക് തൊടുത്ത കനത്ത ഷോട്ട് ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷിന്റെ കാലുകള്‍ക്കിടയിലൂടെ പോസ്റ്റില്‍ കയറി.

ഗോളിയുടെ തൊട്ടുമുന്നില്‍വച്ച് മന്‍ദീപ് സിങ് അവസരം നഷ്ടപ്പെടുത്തുന്നതു കണ്ട് ആദ്യ ക്വാര്‍ട്ടര്‍ അവസാനിച്ചു. രണ്ടാം ക്വാര്‍ട്ടറില്‍ ഇരുകൂട്ടരും വലിയ സാഹസത്തിനൊന്നും മുതിര്‍ന്നില്ല. കളി പലപ്പോഴും വിരസമായി. ഇടവേളയ്ക്കു ശേഷം ഇന്ത്യയുടെ കളിക്ക് അടിമുടി രൂപമാറ്റം വന്നു.

ആക്രമിച്ചു കളിച്ച ഇന്ത്യ ബല്‍ജിയത്തെ എല്ലാ മേഖലയിലും പിന്നിലാക്കി. മന്‍പ്രീത് സിങ്ങും മന്‍ദീപ് സിങ്ങും ഹര്‍മന്‍പ്രീതും സിമ്രന്‍ജീതും എതിര്‍നിരയെ കീറിമുറിച്ച് മുന്നോട്ടു കടന്നു. ഏതു നിമിഷവും ഇന്ത്യ ഗോളടിക്കുമെന്ന സ്ഥിതിയായി. മൂന്നാം ക്വാര്‍ട്ടറില്‍ ഇന്ത്യക്ക് ലഭിച്ച ആദ്യ പെനല്‍റ്റി കോര്‍ണര്‍ ഗോളിലേക്കു വഴിതുറന്നു.

ഈ പെനല്‍റ്റി കോര്‍ണര്‍ ബല്‍ജിയം താരം കാലുകൊണ്ട് തടുത്തിട്ടതിനെ തുടര്‍ന്ന് മറ്റൊരു പെനല്‍റ്റി കോര്‍ണര്‍ ലഭിച്ചു. ഹര്‍മന്‍പ്രീതിന്റെ ഷോട്ട് ഇത്തവണ ഗോള്‍ലൈനില്‍ ബല്‍ജിയം താരം കാലുകൊണ്ട് തടഞ്ഞു. റഫറി പെനല്‍റ്റി വിധിച്ചു. ഹര്‍മന്‍പ്രീത് അനായാസം ഷോട്ട് ലക്ഷ്യത്തില്‍ എത്തിച്ചു.

സമനിലയായതോടെ ഇന്ത്യക്ക് ആവേശമായി. കാണികളുടെ ആര്‍പ്പുവിളിയില്‍നിന്ന് ഊര്‍ജംനേടിയ പോലെയായിരുന്നു പിന്നീടുള്ള നീക്കങ്ങള്‍. നാലാം ക്വാര്‍ട്ടറില്‍ ഇന്ത്യ ലീഡ് നേടി. കോതജിത് സിങ് വലതുവിങ്ങിലൂടെ കയറ്റിക്കൊണ്ടുവന്ന പന്ത് ഗോള്‍പോസ്റ്റിനു സമാന്തരമായി നല്‍കി. കാത്തിരുന്ന സിമ്രന്‍ജീത് അനായാസം പന്തിനെ പോസ്റ്റിലേക്ക് തിരിച്ചുവിട്ടു.

ലീഡ് നേടിയിട്ടും ഇന്ത്യ പിന്‍വാങ്ങിയില്ല. എന്നാല്‍, അവസാനഘട്ടത്തിലെ പ്രത്യാക്രമണത്തില്‍ ബല്‍ജിയം സമനില കുറിച്ചു. വലതുപാര്‍ശ്വത്തില്‍നിന്നുള്ള സൈമണ്‍ ഗൗഗ്‌നാര്‍ഡിന്റെ ഷോട്ട് ഇന്ത്യയെ ഞെട്ടിച്ച് ഗോളായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News