തിരുവനന്തപുരം: നവോത്ഥാന പൈതൃകമുള്ള സംഘനകളുടെ യോഗത്തില്‍ പങ്കെടുത്തവരെ അടച്ചാക്ഷേപിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സ്ഥാനത്തിന് യോജിത്താത്ത അഭിപ്രായപ്രകടനമാണ് പ്രതിപക്ഷ നേതാവ് നടത്തിയത്. നവോത്ഥാന പൈതൃകമുള്ള സംഘടനകളോടും അവയുടെ നേതാക്കളോടും എത്രമാത്രം അധിക്ഷേപ സ്വഭാവമുള്ള പുച്ഛമനോഭാവമാണ് പ്രതിപക്ഷ നേതാവിന് ഉള്ളതെന്ന് വ്യക്തമായി.

സമൂഹത്തിലെ എടുക്കാച്ചരക്കുകളെ മുഴുവന്‍ മഹത്വവത്കരിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നാണ് ചെന്നിത്തല പറഞ്ഞത്. കേവലം ജാതി സംഘനകളെന്ന് പറഞ്ഞ് ആ സംഘനകളെ ആക്ഷേപിച്ചു. സാമാന്യ മര്യാദയുടെ എല്ലാ സീമകളും പ്രതിപക്ഷ നേതാവ് ലംഘിച്ചുവെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ ഭൂരിഭാഗം സംഘനകളും എത്തി. ഇപ്പോള്‍ വ്യത്യസ്ത നിലപാടാണെങ്കിലും നവോത്ഥാന കാലത്ത് പങ്ക് വഹിച്ചവരെയെല്ലാം ക്ഷണിച്ചിരുന്നു. യോഗത്തില്‍ വരാത്തവര്‍ മോശക്കാരെന്ന അഭിപ്രായം സര്‍ക്കാരിനില്ല.

കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളെ പുതിയ കാലത്തിനനുസരിച്ച് മുന്നോട്ടു കൊണ്ടുപോകുന്നതില്‍ ഈ സംഘനടകള്‍ക്കും അതിന്റെ നേതാക്കള്‍ക്കും പൊതുസമൂഹത്തിനും വലിയ പങ്ക് വഹിക്കാനുണ്ട്.

എന്നാല്‍ കേരളീയ സമൂഹത്തിന്റെ വികാസത്തില്‍ ഈ സംഘടനകള്‍ വഹിച്ച് പങ്ക് നിരാകരിക്കുന്ന സമീപനമാണ് പ്രതിപക്ഷ നേതാവ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവോത്ഥാന തുടര്‍ച്ചാ ശ്രമങ്ങളില്‍ നിന്ന് കേരളത്തിലെ കോണ്‍ഗ്രസ് എന്തുകൊണ്ട് മുഖം തിരിഞ്ഞു നില്‍ക്കുന്നു എന്ന് ഇപ്പോള്‍ വ്യക്തമാകുന്നുണ്ട്. ഇതില്‍ ആര്‍എസ്എസിന്റെയും കോണ്‍ഗ്രസിന്റെയും നിലപാടുകളിലെ ആശയപരമായ യോജിപ്പ് തെളിഞ്ഞുകാണാനാകും.

സര്‍ക്കാര്‍ വിളിച്ച യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോള്‍ വനിതാ മതില്‍ എന്ന പരിപാടിയെക്കുറിച്ച് സംസാരിച്ചിരുന്നില്ല. യോഗത്തിലെ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന പൊതുവികാരത്തിന്റെ പ്രതിഫലനമായിട്ടുള്ള തീരുമാനമായിരുന്നു അത്.

സ്ത്രീകളുടേതായ ഒരു മതില്‍ ഉണ്ടാകുമ്പോള്‍ അത് പൊളിക്കുമെന്ന് പറയുന്നത് പുരുഷമേധാവിത്വ മനോനിലയില്‍ നിന്നാണ്. അതിനോട് കേരളത്തിലെ പ്രബുദ്ധരായ സ്ത്രീകള്‍ തന്നെ പ്രതികരിക്കും.

നവോത്ഥാന മുന്നേറ്റ ചരിത്രത്തില്‍ വലിയ പങ്ക് വഹിച്ചവരാണ് സ്ത്രീകള്‍. എന്നാല്‍ അതിനനുസൃതമായി അവര്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തിയിട്ടില്ല എന്നതാണ് വസ്തുത.

ചരിത്രത്തില്‍ വലിയ പങ്ക് വഹിച്ചിട്ടും മാറ്റിനിര്‍ത്തപ്പെട്ട വിഭാഗത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ സന്ദേശം വിളംബരം ചെയ്യുന്നത് കൂടിയാകും വനിതാ മതില്‍. സ്ത്രീകളുടെ ഉണര്‍വുണ്ടാകുമ്പോള്‍ അതിനെ തകര്‍ക്കുക എന്ന മനസാണ് പ്രതിപക്ഷ നേതാവിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു.