നിയമസംഹിതയേക്കാള്‍ ഒരുപടി മുന്നോട്ടുനടക്കുകയായിരുന്നു നവോത്ഥാനപ്രസ്ഥാനങ്ങള്‍; ഇപ്പോള്‍ നിയമസംഹിതകള്‍ മുന്നോട്ടുവയ്ക്കുന്ന സമത്വത്തെ നിഷേധിക്കാനുള്ള ഇടപെടലുകള്‍ സമൂഹത്തില്‍ നടക്കുന്നു: മുഖ്യമന്ത്രിയുടെ ആഹ്വാനം

നിയമസംഹിതയേക്കാള്‍ ഒരുപടി മുന്നോട്ടുനടക്കുകയായിരുന്നു നവോത്ഥാനപ്രസ്ഥാനങ്ങള്‍. ഇപ്പോള്‍ നിയമസംഹിതകള്‍ മുന്നോട്ടുവയ്ക്കുന്ന സമത്വത്തെ നിഷേധിക്കാനുള്ള ഇടപെടലുകള്‍ സമൂഹത്തില്‍ നടക്കുന്നു. ഇത്തരം ശ്രമങ്ങള്‍ക്കെതിരായി നവോത്ഥാന ആശയങ്ങള്‍ മുറുകെപ്പിടിച്ചുകൊണ്ടുള്ള പ്രസ്ഥാനം വളര്‍ത്തിയെടുക്കാനാകണം- മുഖ്യമന്ത്രിയുടെ ആഹ്വാനം.

(സാമൂഹ്യ സംഘടനകളുടെ യോഗത്തില്‍ മുഖ്യമന്ത്രി ചെയ്ത ഉദ്ഘാടനപ്രസംഗം. അവസാന ഭാഗം)

നവോത്ഥാനപരമായ കാഴ്ചപ്പാടുകളെ ദേശീയപ്രസ്ഥാനം ഏറ്റെടുക്കുകയുണ്ടായി. നവോത്ഥാനപ്രസ്ഥാനങ്ങളില്‍ നേതൃപരമായ പങ്ക് വഹിച്ചവര്‍ ദേശീയപ്രസ്ഥാനത്തില്‍ സജീവമായതോടെ ഇത്തരമൊരു ചിന്താഗതി അതിന്റെ ഭാഗമായും മാറി.

ടി കെ മാധവനെ ഈ ഘട്ടത്തില്‍ അനുസ്മരിക്കാതിരിക്കാനാകില്ല. അദ്ദേഹമാണ് നവോത്ഥാനപ്രസ്ഥാനത്തെയും ദേശീയപ്രസ്ഥാനത്തെയും പരസ്പരം കണ്ണിചേര്‍ത്തുള്ള ഇടപെടലിന് നേതൃത്വം നല്‍കിയത്. വൈക്കം സത്യഗ്രഹംപോലുള്ള സത്യഗ്രഹത്തിന്റെ ചരിത്രപ്രാധാന്യവും ഇതുതന്നെയാണ്.

ദേശീയപ്രസ്ഥാനത്തിലെ ഇടതുപക്ഷധാരകള്‍ സജീവമായതോടെ ഇത്തരം നീക്കങ്ങള്‍ കൂടുതല്‍ ചലനാത്മകമായിത്തീര്‍ന്നു. ഗുരുവായൂര്‍ സത്യഗ്രഹംപോലുള്ളവ രൂപപ്പെട്ടുവരുന്നതും ഇതിന്റെ തുടര്‍ച്ച എന്ന നിലയിലാണ്.

കര്‍ഷകതൊഴിലാളി പ്രസ്ഥാനങ്ങള്‍ ശക്തിയാര്‍ജിച്ചതോടെ ഇത്തരം മുദ്രാവാക്യങ്ങള്‍ അവരും ഏറ്റെടുത്തുതുടങ്ങി. കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തിലാകട്ടെ പാലിയം സമരം പോലുള്ളവയും നടത്തി.

വിവിധ ജാതിവിഭാഗങ്ങളില്‍നിന്ന് ഉയര്‍ന്നുവന്ന നവോത്ഥാനമുന്നേറ്റങ്ങള്‍ ആ വിഭാഗത്തിന്റെ മാത്രം പ്രശ്‌നങ്ങളെയല്ല സമീപിച്ചത്. മറിച്ച് മറ്റു ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങളെക്കൂടി ഏറ്റെടുക്കുന്ന നിലയുണ്ടായി. ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന് ഉദ്‌ഘോഷിച്ച കേരളീയനവോത്ഥാനത്തിന്റെ പതാകവാഹകനായ ശ്രീനാരായണഗുരു ഏതെങ്കിലും ഒരു വിഭാഗത്തിന്റെമാത്രമല്ല, മനുഷ്യരെ ആകെ ഒന്നാക്കുക എന്ന ചിന്താഗതിയാണ് മുന്നോട്ടുവച്ചത്. മന്നത്ത് പത്മനാഭന്റെ നേതൃത്വത്തില്‍ നടന്ന സവര്‍ണജാഥകള്‍ പോലുള്ളവയും ഇതിന് ഉദാഹരണമാണ്.

ഇങ്ങനെ അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളില്‍നിന്ന് ഉയര്‍ന്നുവന്ന് വിവിധ ജാതിവിഭാഗങ്ങളെയാകമാനം മാറ്റിമറിച്ച സമഗ്രമായ മുന്നേറ്റമായിരുന്നു നവോത്ഥാനം എന്ന് കാണാം. അതിന്റെ പ്രവാഹത്തില്‍ മാറ്റംവരാതെപോയ ഒരു വിഭാഗവും കേരളത്തിലില്ല എന്ന് പറഞ്ഞാല്‍ അതിശയോക്തിയാകില്ല. വസ്തുത അതാണ്.

നവോത്ഥാനത്തിന് തുടര്‍ച്ചയുണ്ടായി

കേരളത്തിലെ നവോത്ഥാനപ്രസ്ഥാനങ്ങള്‍ ഉഴുതുമറിച്ച മണ്ണില്‍ തുടര്‍ച്ചയായുണ്ടാകുന്ന പ്രവര്‍ത്തനങ്ങള്‍ പിന്നീട് നടക്കുകയുണ്ടായി. നവോത്ഥാനം ജാതിമേധാവിത്വത്തിനെതിരായാണ് പൊരുതിയതെങ്കില്‍ അതിന്റെ സാമ്പത്തികഘടനയായ ജന്മിത്തത്തിനും രാഷ്ട്രീയ ഘടനയായ നാടുവാഴിത്തത്തിനും എതിരായ പ്രക്ഷോഭങ്ങളുമായി കര്‍ഷകതൊഴിലാളി പ്രസ്ഥാനങ്ങളും മുന്നോട്ടുവന്നു. ജന്മിത്തത്തിന്റെ സാംസ്‌കാരികരൂപങ്ങള്‍ക്കെതിരായുള്ള സമരത്തെ അതിന്റെ സാമ്പത്തിക അടിത്തറയ്‌ക്കെതിരായുള്ള സമരംകൂടിയായി രൂപപ്പെടുത്താന്‍ തൊഴിലാളികര്‍ഷക പ്രസ്ഥാനങ്ങള്‍ക്ക് സാധ്യമായി.

അതിന്റെഫലമായി 1957ല്‍ കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ ഭൂപരിഷ്‌കരണം നടപ്പാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. അങ്ങനെ ജന്മിത്തത്തിന്റെ സാംസ്‌കാരികരൂപത്തിനെതിരായുള്ള സമരം സാമ്പത്തികരാഷ്ട്രീയ ഘടനയ്‌ക്കെതിരായുള്ള ഒന്നായി കേരളത്തില്‍ മാറി. ഈ കണ്ണിചേര്‍ക്കലാണ് കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയത്.

കേരളീയ നവോത്ഥാനത്തിന്റെ സവിശേഷത

ഉത്തരേന്ത്യയില്‍നിന്ന് വ്യത്യസ്തമായി അടിസ്ഥാനവിഭാഗങ്ങളില്‍നിന്ന് ഉയര്‍ന്നുവന്ന കേരളത്തേക്കാള്‍ ശക്തമായ നവോത്ഥാനപ്രസ്ഥാനം തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും ഉണ്ടായിരുന്നു. എന്നിട്ടും അവര്‍ക്ക് കേരളത്തെ പോലെയൊരു ജനാധിപത്യസമൂഹത്തെ സൃഷ്ടിക്കാന്‍ കഴിയാതെപോയത് എന്തുകൊണ്ടാണ്? നവോത്ഥാനമൂല്യങ്ങളെ വര്‍ഗപരമായ കാഴ്ചപ്പാടുമായി കണ്ണിചേര്‍ത്തുകൊണ്ട് ഇടപെടുന്ന മുന്നേറ്റങ്ങള്‍ തുടര്‍ച്ചയില്‍ ഇല്ലാത്തതാണ് കാരണമെന്ന് കാണാം.

നവോത്ഥാനവും വര്‍ത്തമാനകാലവും

വര്‍ത്തമാന കാലഘട്ടത്തിന്റെ ആവശ്യകതകളെക്കൂടി കണക്കിലെടുത്ത് മുന്നോട്ടുകൊണ്ടുപോകാന്‍ നമുക്ക് കഴിയണം. അതിന് നവോത്ഥാന നായകര്‍ രൂപം കൊടുത്ത ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രസ്ഥാനങ്ങള്‍ അത് ഏറ്റെടുത്ത് മുന്നോട്ടുവരാന്‍ തയ്യാറാകണം.

നമ്മുടെ സമൂഹത്തിലെ വിവിധ തരത്തിലുള്ള വിവേചനങ്ങള്‍ക്കെതിരായി ഒറ്റക്കെട്ടായിനിന്ന് മുന്നോട്ടുപോകാന്‍ നമുക്കാകണം.

കേരളീയസമൂഹത്തില്‍ ഇന്ന് നിലനില്‍ക്കുന്ന വിവിധ തരത്തിലുള്ള അസമത്വങ്ങളെ ഇല്ലാതാക്കുക എന്ന നവോത്ഥാന നായകര്‍ മുന്നോട്ടുവച്ച കാഴ്ചപ്പാടുകളെ പ്രാവര്‍ത്തികമാക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. സാമ്പത്തികവും സാമൂഹ്യവും ലിംഗപരവുമായ എല്ലാവിധ അസമത്വങ്ങളെയും പരിഹരിക്കുന്നതിന് നിലവിലുള്ള സാഹചര്യത്തില്‍ എന്തൊക്കെ ചെയ്യാന്‍ പറ്റും എന്ന കാര്യമാണ് നാം വിശകലനംചെയ്യേണ്ടത്.

സാമൂഹ്യവും ലിംഗപരവുമായ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ പൊരുതിയ നവോത്ഥാനപാരമ്പര്യം മുന്നോട്ടുകൊണ്ടുപോകാന്‍ നിങ്ങള്‍ തയ്യാറാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

നവോത്ഥാനമൂല്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം
സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം സാമൂഹ്യമായ അവശതകള്‍ പരിഹരിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. നിലവിലുള്ള സംവരണം അതേപടി തുടരുക എന്ന കാഴ്ചപ്പാടാണ് സര്‍ക്കാരിനുള്ളത്. അതോടൊപ്പം അത് പറ്റാവുന്ന മേഖലകളിലേക്ക് വ്യാപിപ്പിക്കാനുള്ള ഇടപെടലും നടത്തുകയാണ്. ദേവസ്വം ബോര്‍ഡില്‍ പട്ടികജാതിപട്ടികവര്‍ഗക്കാര്‍ക്കും പിന്നോക്കവിഭാഗങ്ങള്‍ക്കും സംവരണം ഏര്‍പ്പെടുത്തിയത് ഇതിന്റെ അടിസ്ഥാനത്തിലാണ്.

അതേപോലെതന്നെ മുന്നോക്കവിഭാഗത്തിലാണ് ജനിച്ചതെങ്കിലും സാമ്പത്തികമായി ഏറെ ദരിദ്രാവസ്ഥയിലെത്തിയ വിഭാഗങ്ങളെയും പരിഗണിക്കുക എന്നതാണ് സര്‍ക്കാരിന്റെ നയം. അതോടൊപ്പം ദൈവ ആരാധനയ്ക്ക് നേതൃത്വം നല്‍കാനുള്‍പ്പെടെ എല്ലാവര്‍ക്കും അവകാശമുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ് അബ്രാഹ്മണര്‍ക്ക് പൂജ നടത്താനുള്ള അവകാശം ഉറപ്പുവരുത്തിയത്.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം, ലൈഫ്, ആര്‍ദ്രം തുടങ്ങിയ പദ്ധതികളെല്ലാം ആത്യന്തികമായി സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കംനില്‍ക്കുന്നവരുടെ ജീവിതം മെച്ചപ്പെടുത്താനുള്ളതാണെന്ന് തിരിച്ചറിയാനാകണം. ക്ഷേമ പെന്‍ഷനുകളും മറ്റു സാമൂഹ്യസുരക്ഷാ പദ്ധതികളും ലക്ഷ്യംവയ്ക്കുന്നതും ഇത്തരം വിഭാഗങ്ങളെ കൈപിടിച്ചുയര്‍ത്താനാണ്.

കേരളത്തിന്റെ വികസനത്തില്‍ ഏറെ മുന്നോട്ടുപോകാത്തതാണ് സ്ത്രീകളുടെ നില. ഭരണഘടനപ്രകാരം സ്ത്രീക്കും പുരുഷനും തുല്യ അവകാശമാണ് ഉള്ളത്. അതനുസരിച്ചാണ് നമ്മുടെ രാജ്യത്തെ നിയമസംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നത്. ആധുനിക ജനാധിപത്യ രീതിയുടെ ഭാഗമായി വികസിച്ചുവന്ന ഒന്നാണ് ഇത്.

നവോത്ഥാനത്തില്‍ സ്ത്രീകളുടെ സ്ഥാനം

നവോത്ഥാനചരിത്രത്തില്‍ സജീവമായിത്തന്നെ സ്ത്രീകളും ഇടപെട്ടിട്ടുണ്ട്. എന്നാല്‍, ആ പാരമ്പര്യം പലപ്പോഴും നാം വേണ്ടത്ര വിശകലനം ചെയ്തിട്ടില്ല. ചാന്നാര്‍ ലഹള, പാലിയം സമരം, മാറുമറയ്ക്കല്‍ സമരം, ഘോഷ ബഹിഷ്‌കരണം, കല്ലുമാല സമരം തുടങ്ങി സ്ത്രീകള്‍ നേതൃനിരയില്‍ ഉണ്ടായിട്ടുള്ള പോരാട്ടങ്ങള്‍ അനവധിയാണ്. അവയെയെല്ലാം ചരിത്രത്തിന്റെ ഭാഗമായി രേഖപ്പെടുത്തേണ്ടതുണ്ട്. സ്ത്രീകളുടെ നവോത്ഥാനത്തിലെ പങ്ക് വിശദീകരിക്കുന്ന ഒരു പുസ്തകംതന്നെ സര്‍ക്കാര്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത് ഈ പശ്ചാത്തലത്തിലാണ്.

സ്ത്രീവിമോചന മുദ്രാവാക്യത്തിന്റെ സവിശേഷത

നവോത്ഥാനപാരമ്പര്യം പരിശോധിച്ചാല്‍ വ്യക്തമാകുന്ന ഒരു കാര്യം പിന്നോക്കദളിത് വിഭാഗങ്ങളില്‍നിന്ന് രൂപപ്പെട്ട പ്രസ്ഥാനങ്ങള്‍ അവരുടെ ഏറ്റവും പ്രധാനപ്പെട്ട ഇടപെടല്‍ നടത്തിയത് ജാതിക്കെതിരായിട്ടാണ്.

കാരണം സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള എല്ലാവരുടെയും അടിച്ചമര്‍ത്തലുകള്‍ ജാതിയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു എന്നതുകൊണ്ടാണ് അത്. കീഴാളവിഭാഗത്തില്‍പെട്ട സ്ത്രീകള്‍ക്കാണ് താരതമ്യേന സവര്‍ണവിഭാഗത്തില്‍ പെട്ടവരേക്കാള്‍ സ്വാതന്ത്ര്യം ഉണ്ടായിരുന്നുവെന്ന കാര്യവും പ്രസക്തമാണ്.

മറ്റു വിഭാഗങ്ങളിലാകട്ടെ ജാതിക്രമത്തിനകത്തുള്ള ജീവിതവുമായി ബന്ധപ്പെട്ട അടിച്ചമര്‍ത്തലുകളായിരുന്നു സ്ത്രീകള്‍ക്കുണ്ടായിരുന്നത്. അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക് പോലുള്ള മുദ്രാവാക്യങ്ങള്‍തന്നെ ഉയര്‍ന്നുവന്നത് ഈ പശ്ചാത്തലത്തിലാണ്.

അത് ഒരു നാടകത്തിന്റെ മാത്രം പേരല്ല, സ്ത്രീയുടെ ജീവിതാവസ്ഥതന്നെയായിരുന്നു. സ്ത്രീസമത്വത്തിന്റേതായ കാഴ്ചപ്പാടിന്റെ ഭാഗമായാണ് അത്തരം പ്രസ്ഥാനങ്ങള്‍ ഘോഷ ബഹിഷ്‌കരണവും ദായക്രമത്തിലെ മാറ്റവുമെല്ലാം നിര്‍ദേശിച്ച് മുന്നോട്ടുവന്നത്.
ഈ പാരമ്പര്യങ്ങളെ മുന്നോട്ടുകൊണ്ടുപോകാനുള്ള ഉത്തരവാദിത്തമാണ് നവോത്ഥാനപ്രസ്ഥാനത്തിന്റെ ഇന്നത്തെ നേതാക്കള്‍ ഏറ്റെടുക്കേണ്ടത്.

നവോത്ഥാനപ്രസ്ഥാനങ്ങള്‍ തുടക്കത്തില്‍ നിലവിലുള്ള നിയമസംഹിതകളെ കൂടുതല്‍ ഗുണപരമായി മാറ്റിത്തീര്‍ക്കാന്‍ വേണ്ടി പോരാട്ടം നയിച്ചവയാണ്. നിലവിലുള്ള നിയമത്തിനകത്ത് സ്ത്രീകളെയും ജാതീയമായി പിന്നോക്കം എന്ന് വിശേഷിപ്പിക്കുന്നവരെ അടിച്ചമര്‍ത്തുന്ന നിയമങ്ങള്‍ക്കെതിരെയും മനുഷ്വത്വരഹിതമായ രീതികള്‍ക്കുമെതിരെയാണ് പോരാടിയത് എന്ന് കാണാം. അത്തരം പോരാട്ടത്തിന്റെ ഫലമായി പുതിയ നിയമങ്ങള്‍ നിര്‍മിക്കപ്പെടുകയായിരുന്നു. ക്ഷേത്രപ്രവേശന വിളംബരംതൊട്ട് ദായക്രമങ്ങളിലെ മാറ്റംവരെ ഉയര്‍ന്നുവന്നത് അങ്ങനെയാണ്. സ്വാതന്ത്ര്യപ്രസ്ഥാനം ഉയര്‍ത്തിക്കൊണ്ടുവന്ന ആശയങ്ങളാണല്ലോ ഇന്ത്യന്‍ ഭരണഘടനയ്ക്ക് അടിസ്ഥാനമായിത്തീര്‍ന്നത്.

ജീവിതക്രമത്തെ മുന്നോട്ടുകൊണ്ടുപോകാനാകണം

നിലവിലുള്ള നിയമസംഹിതയേക്കാള്‍ ഒരുപടി മുന്നോട്ടുനടക്കുകയായിരുന്നു നവോത്ഥാനപ്രസ്ഥാനങ്ങള്‍. എന്നാല്‍, ഇപ്പോള്‍ സംഭവിക്കുന്ന പ്രധാനപ്പെട്ട കാര്യം നിലവിലുള്ള നിയമസംഹിതകള്‍ മുന്നോട്ടുവയ്ക്കുന്ന സമത്വത്തെ നിഷേധിക്കാനുള്ള ഇടപെടലുകള്‍ സമൂഹത്തില്‍ നടക്കുന്നുവെന്നതാണ്. ന

നമ്മുടെ നാടിനെ പിന്നോട്ടുവലിക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ക്കെതിരായി നവോത്ഥാന ആശയങ്ങള്‍ മുറുകെപ്പിടിച്ചുകൊണ്ടുള്ള ശക്തമായ ബഹുജനപ്രസ്ഥാനം വളര്‍ത്തിയെടുക്കാനാകണം. അതിന് ഏതൊക്കെ രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തേണ്ടതെന്നും നവോത്ഥാന ആശയങ്ങള്‍ക്കായി ഏതൊക്കെ രീതിയില്‍ നിങ്ങളുടെ സംഘടനയ്ക്ക് പ്രവര്‍ത്തിക്കാനാകുമെന്ന് മനസ്സിലാക്കാനും ചര്‍ച്ച ചെയ്യാനുമാണ് ഇത്തരമൊരു യോഗം സര്‍ക്കാര്‍ വിളിച്ചുചേര്‍ത്തിരിക്കുന്നത്.

നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് നിങ്ങളുടെ എല്ലാവിധ സഹായങ്ങളും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News