കണ്ണൂര്‍ വിമാനത്താവളം: ഉദ്ഘാടനത്തിന് വരുന്നവരെ എത്തിക്കാനും ചടങ്ങുകള്‍ വീക്ഷിക്കാനും വിപുലമായ സൗകര്യങ്ങള്‍; നാല് കേന്ദ്രങ്ങളില്‍ നിന്ന് 90 സൗജന്യ ബസ് സര്‍വീസുകള്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനത്തിനായി എത്തുന്നവരെ വിമാനത്താവളത്തില്‍ എത്തിക്കാനും ചടങ്ങുകള്‍ വീക്ഷിക്കാനും വിപുലമായ സൗകര്യങ്ങള്‍. നാല് കേന്ദ്രങ്ങളില്‍ നിന്ന് 90 ബസ്സുകള്‍ സൗജന്യമായി സര്‍വീസ് നടത്തും.

ഉദ്ഘാടന ദിവസം സ്വകാര്യ വാഹനങ്ങള്‍ക്ക് വിമാനത്താവളത്തിന് അകത്തേക്ക് പ്രവേശനമില്ല. മട്ടന്നൂരിലും ഗതാഗത നിയന്ത്രണം ഉണ്ടാകും. ഗതാഗത സ്തംഭനം ഒഴിവാക്കുന്നതിനാണ് സ്വകാര്യ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

നാല് കേന്ദ്രങ്ങളില്‍ നിന്നും 90 ബസ്സുകളില്‍ സൗജന്യമായി ആളുകളെ വിമാനത്താവളത്തിന് അകത്ത് എത്തിക്കും. പനയത്താംപറമ്പ്, മട്ടന്നൂര്‍ കോളേജ്, പോളി ടെക്‌നിക് ഗ്രൗണ്ടുകള്‍, ചാവശ്ശേരി ഹൈസ്‌കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ നിന്നായിരിക്കും ഷട്ടില്‍ സര്‍വീസുകള്‍. ഗതാഗത തടസ്സം ഇല്ലാതെ മുഴുവന്‍ ആളുകളെയും ഉദ്ഘാടന ചടങ്ങില്‍ എത്തിക്കാനാണ് ശ്രമമെന്ന് കിയാല്‍ എംഡി വി തുളസീദാസ് പറഞ്ഞു.

അതേസമയം, കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും കെഎസ്ആര്‍ടിസി ആദ്യ സര്‍വീസ് ആരംഭിച്ചു. കിയാല്‍ എംഡി വി തുളസീദാസ് ആദ്യ സര്‍വീസ് ഫ്‌ലാഗ് ഓഫ് ചെയ്തു.

വിമാനത്താവള ജീവനക്കാര്‍ക്ക് വേണ്ടിയുള്ളതാണ് ഇപ്പോള്‍ ആരംഭിച്ച സര്‍വീസ്. കണ്ണൂര്‍ നഗരത്തില്‍ നിന്നും വിമാനത്താവളത്തിലേക്കും തിരിച്ചും തലശ്ശേരി ഇരിട്ടി ടൗണുകളിലേക്കുമാണ് ആദ്യ ഘട്ടത്തില്‍ കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിച്ചത്. അഞ്ചു ലോ ഫ്‌ലോര്‍ എസി ബസ്സുകള്‍ കൂടി ഉടന്‍ സര്‍വീസ് ആരംഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here