മുംബൈ: ഹിന്ദി റിയാലിറ്റി ഷോയായ ബിഗ് ബോസിനിടെ പരുക്കേറ്റ് എസ്. ശ്രീശാന്ത് ആശുപത്രിയില്‍ ചികിത്സ തേടി.

ഷോയിലെ മല്‍സരാര്‍ഥിയായ സുരഭി റാണയെ അധിക്ഷേപിച്ചതിന് ശ്രീശാന്തിനെ അവതാരകനായ സല്‍മാന്‍ ഖാന്‍ ശാസിച്ചിരുന്നു.

ഇതില്‍ ക്ഷുഭിതനായ ശ്രീശാന്ത് കുളിമുറിയില്‍ കയറി ദേഷ്യം നിയന്ത്രിക്കാനാവാതെ തല ചുമരിലിടിക്കുകയായിരുന്നെന്ന് പരിപാടിയുടെ സംഘാടകര്‍ വ്യക്തമാക്കി.

ശ്രീശാന്ത് തിരിച്ചെത്തിയതായും പേടിക്കാന്‍ ഒന്നുമില്ലെന്നും ഭാര്യ ഭുവനേശ്വരി പിന്നീട് ട്വിറ്ററില്‍ കുറിച്ചു.

ട്വീറ്റ് ഇങ്ങനെ: ”ശ്രീശാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നറിഞ്ഞപ്പോള്‍ ഭയമായിരുന്നു. ടീമുമായി സംസാരിച്ചു. അദ്ദേഹത്തിനു കഠിനമായ വേദന ഉണ്ടായിരുന്നതിനാല്‍ പരിശോധിക്കാനും എക്സ് റേ എടുക്കാനുമായി ആശുപത്രിയില്‍ കൊണ്ടുപോയി. ഇപ്പോള്‍ അദ്ദേഹം തിരിച്ചെത്തി. പേടിക്കാന്‍ ഒന്നുമില്ല. നിങ്ങളുടെ സ്നേഹത്തിനും അന്വേഷണത്തിനും നന്ദി.”

മറ്റു മത്സരാര്‍ഥികളോടുള്ള പെരുമാറ്റത്തിന്റെ പേരില്‍ ശ്രീശാന്തിനെ അവതാരകനായ സല്‍മാന്‍ ഖാന്‍ മുന്‍പും വിമര്‍ശിച്ചിട്ടുണ്ട്. ഷോയിലെ യഥാര്‍ഥ വില്ലന്‍ എന്നാണ് ഒരിക്കല്‍ സല്‍മാന്‍ ശ്രീശാന്തിനെ വിശേഷിപ്പിച്ചത്.