ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒടിയന്‍ സിനിമയുടെ പ്രചരണാര്‍ത്ഥം ദുബായില്‍ മോഹന്‍ലാലിന്റെ പ്രതിമ.

സിനിമയിലെ ഒടിയന്‍ മാണിക്യന്റെ വേഷത്തിലുള്ള പ്രതിമയാണ് സിനിമ പ്രദര്‍ശിപ്പിക്കാന്‍ പോകുന്ന ദുബായ് ഗ്രാന്‍ഡ് ഹയാത്ത് വോക്‌സ് സിനിമാസില്‍ ഒരുക്കിയിട്ടുള്ളത്.

ദുബായ് ഗ്രാന്‍ഡ് ഹയാത്ത് വോക്‌സ് സിനിമാസില്‍ എത്തിയ ആരാധകരുടെ സാന്നിധ്യത്തില്‍ ഒടിയന്‍ പ്രതിമ അനാച്ഛാദനം ചെയ്തു. ഒടിയന്‍ മാണിക്യന്‍ പുഞ്ചിരിച്ചു കൊണ്ട് മുന്നോട്ട് കുതിക്കുന്നതാണ് പ്രതിമയില്‍ ഒരുക്കിയിട്ടുള്ളത്. ഫൈബര്‍ ഗ്ലാസ്സിലാണ് മോഹന്‍ലാലിന്റെ പ്രതിമ തീര്‍ത്തിരിക്കുന്നത്.

ഈ മാസം പതിനാലിനാണ് ഒടിയന്‍ സിനിമ ഇന്ത്യയിലും ഗള്‍ഫിലും യൂറോപ്യന്‍ രാജ്യങ്ങളിലും റിലീസ് ചെയ്യുന്നത്.

നടന്‍ മിഥുന്‍ രമേശ്, വേള്‍ഡ് വൈഡ് ഫിലിംസ് ഡയറക്ടര്‍മാരായ നൗഫല്‍ അഹമ്മദ്, ബ്രിജേഷ് മുഹമ്മദ്, ഇക്വിറ്റി പ്ലസ് പ്രതിനിധി ജൂബി കുരുവിള, ആഡ് സ്പീക്കിങ് എംഡി ദില്‍ഷാദ്, വേള്‍ഡ് വൈഡ് ഫിലിംസ് പ്രതിനിധി ഷാരു വര്‍ഗീസ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

ഈ മാസം എട്ടിന് വൈകിട്ട് ദുബായ് ഫെസ്റ്റിവല്‍ സിറ്റി അറേനയില്‍ ഒടിയന്റെ ഗ്ലോബല്‍ ലോഞ്ചിങ് നടക്കും. ഗ്ലോബല്‍ വേള്‍ഡ് വൈഡ് ഫിലിംസാണ് ഒടിയന്‍ ഗള്‍ഫില്‍ വിതരണം ചെയ്യുന്നത്.