കെ സുരേന്ദ്രനെതിരെ ഹൈക്കോടതി; സുരേന്ദ്രന്‍ എന്തിന് ശബരിമലയില്‍ പോയി? അയ്യപ്പഭക്തര്‍ കാണിക്കുന്ന കാര്യങ്ങളല്ല സുരേന്ദ്രന്‍ കാണിക്കുന്നത്

ബിജെപി നേതാവ് കെ സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ശബരിമലയിലെ സുരേന്ദ്രന്റെ പ്രവര്‍ത്തികളെ ന്യായീകരിക്കാനാവില്ലെന്ന് വിമര്‍ശിച്ച കോടതി.

സുരേന്ദ്രന്‍ എന്തിനാണ് ശബരിമലയില്‍ പോയത് എന്നും ആരാഞ്ഞു. സുരേന്ദ്രന്‍ സുപ്രീംകോടതിവിധി മാനിച്ചില്ലെന്നും കോടതി വിമര്‍ശിച്ചു. ശബരിമലയിലെ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് സുരേന്ദ്രനാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു .

ചിത്തിര ആട്ട ദിവസം 52 കാരിയെ സന്നിധാനത്ത് ആക്രമിച്ച സംഭവത്തില്‍ ജാമ്യം തേടി സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.

ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ത്തു. ശബരിമലയിലെ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് സുരേന്ദ്രന്‍ ആണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

യുവതി പ്രവേശനം വിധി നടപ്പാക്കാതിരിക്കാന്‍ ആള്‍ക്കൂട്ട ആക്രമണത്തിന് സുരേന്ദ്രന്‍ നേതൃത്വംനല്‍കിയെ ന്നും ഇതിന് തെളിവുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

രാഷ്ട്രീയ അജണ്ട നടപ്പാക്കാന്‍ ശബരിമലയില്‍ സമരത്തിന് നേതൃത്വം നല്‍കുകയാണ് സുരേന്ദ്രന്‍ ചെയ്തത് . സംഘര്‍ഷത്തിന് നേതാക്കളെ ചുമതലപ്പെടുത്തി സര്‍ക്കുലര്‍ ഇറക്കി. ഫേസ്ബുക്ക് പോസ്റ്റും ചിത്രങ്ങളും അടക്കം രേഖകള്‍ പ്രോസിക്യൂഷന്‍ കോടതിക്ക് കൈമാറി.

തുടര്‍ന്നാണ് സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനം കോടതി നടത്തിയത്. സുരേന്ദ്രന്‍ എന്തിനാണ് ശബരിമലയില്‍ പോയത് എന്ന് കോടതി ചോദിച്ചു.

സുരേന്ദ്രന്റെ പ്രവര്‍ത്തികളെ ന്യായീകരിക്കാന്‍ ആവില്ല. സുരേന്ദ്രന്‍ സുപ്രീംകോടതി വിധി മാനിച്ചില്ല എന്നും കോടതി വിമര്‍ശിച്ചു. ശബരിമലയില്‍ എത്തുന്ന ഭക്തര്‍ ചെയ്യുന്ന കാര്യങ്ങള്‍ അല്ല സുരേന്ദ്രന്‍ ചെയ്തത്.

ശബരിമലയില്‍ എത്തുന്ന ഭക്തരുടെ പ്രായം പരിശോധിക്കാന്‍ എന്ത് അധികാരമാണുള്ളത് എന്നും കോടതി ചോദിച്ചു.

സുരേന്ദ്രന്‍ ഭരണഘടന അവകാശത്തെ കുറിച്ചാണ് പറയുന്നത്. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ തടഞ്ഞ വര്‍ക്കും ഭരണഘടന അവകാശമുണ്ടെന്നും ഹൈക്കോടതി ഓര്‍മിപ്പിച്ചു.

ജാമ്യഹര്‍ജിയില്‍ തുടര്‍വാദം കേട്ടശേഷം നാളെ ഹൈക്കോടതി വിധി വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here