നിയമനിര്‍മ്മാണ പ്രക്രിയയില്‍ രാജ്യത്തിന് മാതൃകയായ കേരളത്തില്‍ നിന്ന് സാമൂഹ്യപ്രാധാന്യമുളള മറ്റൊരു നിയമം കൂടി.

സ്ത്രീകള്‍ അടക്കമുളള തൊ‍ഴിലാളികള്‍ക്ക് വ്യപാരസ്ഥാപനങ്ങളില്‍ ഇരിക്കാന്‍ അവകാശം നല്‍കുന്ന കേരളാ കടകളും വാണിജ്യസ്ഥാപനങ്ങളും നിയമഭേഭഗതി ബില്‍ നിയമസഭ പാസാക്കി.

തൊ‍ഴിലാളികള്‍ക്ക് ഏറെ പ്രയോജനകരമായ നിരവധി വ്യവസ്ഥകളാണ് ബില്ലില്‍ ഉള്‍കൊളളിച്ചിട്ടുളളതെന്ന് തൊ‍ഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

കടകളിലും,വസ്ത്രശാലകളിലും മണിക്കൂറുകളോളം നിന്ന് പണിയെടുത്തിരുന്ന സഹോദരിമാര്‍ക്ക് ഇനി ധൈര്യത്തൊടെ കസേരയില്‍ ഇരിക്കാം.

കാരണം നിങ്ങള്‍ക്ക് ഇരിക്കാന്‍ കസേര തരേണ്ടത് മുതലാളിയുടെ കടമയാണ് . ഇതടക്കം നിരവധി വ്യവസ്ഥകളാണ് ബില്ലില്‍ ഉള്‍പെടുത്തിയിരിക്കുന്നത്.

സ്ത്രീകളെ രാത്രി ജോലി ചെയ്യിപ്പിക്കരുതെന്ന വ്യവസ്ഥയില്‍ മാറ്റം വരുത്തി. രാത്രി 9 മണി മുതല്‍ രാവിലെ 6 മണിവരെ സ്ത്രീകളുടെ അനുവാദത്തോടേ ജോലി ചെയ്യിപ്പിക്കാം.

എന്നാല്‍ അവര്‍ക്ക് യാത്ര സൗകര്യം ,മതിയായ സുരക്ഷ എന്നീവ സ്ഥാപന ഉടമ ഉറപ്പ് വരുത്തണം. രാത്രി 9മണിക്ക് ശേഷം രണ്ട് സ്ത്രീകള്‍ ഉള്‍പ്പെട്ട അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പായി മാത്രമേ ജോലിക്ക് നിയോഗിക്കാവു.

ആ‍ഴ്ച്ചയില്‍ ഒരു ദിവസം ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയുളള അവധി നിര്‍ബന്ധിതമായും നല്‍കിയിരിക്കണം. ഇത് ലംഘിക്കുന്നവരില്‍ നിന്നും ഒരു ലക്ഷം രൂപ പി‍ഴയിടാന്‍ സര്‍ക്കാരിന് അധികാരം ഉണ്ട്.

നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ പി‍ഴ രണ്ട് ലക്ഷം ആയി ഉയര്‍ത്തും. നിയമം നടപ്പിലാകുന്നുണ്ടോ എന്ന് തൊ‍ഴില്‍ എന്‍ഫോ‍ഴ്സ് മെന്‍റ് ഉദ്യോഗസ്ഥര്‍ കടകളില്‍ എത്തി പരിശോധന നടത്തും.

വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സ്വഭാവമനുസരിച്ച് സ്ത്രീകളുടെ യാത്രസൗകര്യം, ആ‍ഴ്ച്ച അവധി, വിശ്രമ ഇടവേള തുടങ്ങിയവ ഉറപ്പാക്കുമെന്നും, ഇരിപിട സൗകര്യം നിര്‍ബന്ധമാക്കുമെന്നും ഇടത് മുന്നണിയുടെ തൊ‍ഴില്‍ നയത്തില്‍ വ്യക്തമാക്കിയിരുന്നു