സവാളയുടെ വിലയിടിവ്; നരേന്ദ്ര മോഡിക്ക് കര്‍ഷകന്‍റെ മണിയോര്‍ഡര്‍; പ്രതികാര നടപടിയുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍

ന്യൂഡല്‍ഹി: സവാളവില കുത്തനെ ഇടിഞ്ഞതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് മണിയോഡര്‍ അയച്ച നാസിക്കിലെ മാതൃകാ കര്‍ഷകനെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അന്വേഷണം.

വിളവെടുത്ത 750 കിലോ സവാളയ്ക്ക് കിട്ടിയ 1064 രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കയച്ച സഞ്ജയ് സാതെയുടെ രാഷ്ട്രീയ ബന്ധം തേടിയാണ് അന്വേഷണം.

സംഭവം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയില്‍ എത്തിയതോടെയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ നാസിക്കിലെ ജില്ലാ അധികൃതരോട് റിപ്പോര്‍ട്ട് തേടിയത്.

കര്‍ഷകരുടെ ദുരിതം പ്രധാനമന്ത്രിയെ അറിയിക്കാന്‍ ഉദ്ദേശിച്ച് മണിയോഡര്‍ അയച്ചതിന്റെ പേരില്‍ പ്രതികാര നടപടി ഉണ്ടാകുമെന്ന ഭയത്തിലാണിപ്പോള്‍ കര്‍ഷകന്‍.

സാവാളയുടെ വിലയിടിയുന്നതില്‍ അന്വേഷണം നടത്തുമെന്നു കരുതിയെങ്കിലും തന്റെ രാഷ്ട്രീയ ബന്ധം തേടുകയാണ് അവര്‍ ചെയ്തതെന്ന് സഞ്ജയ് സാതെ പറഞ്ഞു.

ബന്ധുക്കളെയും സുഹൃത്തുക്കളെയും അവര്‍ ചോദ്യം ചെയ്തു. താന്‍ ഒരു കര്‍ഷകന്‍ മാത്രമാണെന്നും ഒരു രാഷ്ട്രീയപാര്‍ടിയുമായും ബന്ധമില്ലെന്നും സാതെ പറഞ്ഞു.

75000 രൂപ മുടക്കി കൃഷിചെയ്ത സവാളയ്ക്ക് കേവലം 1064 രൂപ കിട്ടിയതോടെയാണ് കര്‍ഷകരുടെ ദുരിതം അറിയിക്കാന്‍ പ്രധാനമന്ത്രിക്ക് പണമയച്ചത്.

എന്നാല്‍, കര്‍ഷകരുടെ ദുരിതം മൂടിവെയ്ക്കാന്‍ അവര്‍ വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തുകയാണ്. പ്രസിദ്ധിക്കുവേണ്ടിയല്ല തങ്ങളുടെ ഭാവിയെ കരുതിയാണ് അത് ചെയ്തത്- സാതെ പറഞ്ഞു.

തഹസില്‍ദാറും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സാതെയുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ബന്ധപ്പെട്ടിരുന്നു. രാഷ്ട്രീയ പ്രേരണയോടെയാണോ സാതെയുടെ നടപടിയെന്നാണ് ഉദ്യോഗസ്ഥര്‍ അന്വേഷിച്ചത്.

സാതേയുടെ രാഷ്ട്രീയ ബന്ധം തങ്ങള്‍ അന്വേഷിച്ചിട്ടില്ലെന്ന് നാസിക് ജില്ലാ കളക്ടര്‍ ബി രാധാകൃഷ്ണന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ആവശ്യപ്രകാരം സംസ്ഥാന സര്‍ക്കാരാണ് റിപ്പോര്‍ട്ട് തേടിയത്.

മണിയോഡര്‍ അയച്ചെന്ന വിവരം ശരിയാണോ എന്ന് തങ്ങള്‍ അന്വേഷിച്ചിരുന്നു. തുടര്‍ന്ന് ജില്ലാ ഡെപ്യൂട്ടി രജിസ്ട്രാറിന്റെ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് കൈമാറിയെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു.

സാതെ വില്‍ക്കാനെത്തിച്ചത് മോശം സാവാളയാണെന്നും അതിനാലാണ് കുറഞ്ഞ വിലകിട്ടിയതെന്നുമാണ് റിപ്പോര്‍ട്ടെന്നാണ് വിവരം.

റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് സാതെ രംഗത്തെത്തി. നാസിക്കില്‍ സവാള വിറ്റ ആയിരക്കണക്കിന് കര്‍ഷകര്‍ക്ക് ഇതേപോലെ തുച്ഛ വിലയാണ് കിട്ടിയതെന്നും അവരെല്ലാം എത്തിച്ചത് മോശം സാവാളയാണോ എന്നും സാതെ ചോദിച്ചു.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുമായി ആശയവിനിമയം നടത്തുന്നതിന് 2010ല്‍ കേന്ദ്ര കൃഷി മന്ത്രാലയം തിരഞ്ഞെടുത്ത മികച്ച കര്‍ഷകരില്‍ ഒരാളാണ് സഞ്ജയ് സാതെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here