ചോദ്യം ചെയ്യപ്പെടുന്നു, ഇന്നലെ അവൻ/അവൾ ആരായിരുന്നു എന്ന ചോദ്യം.

അശോകൻ ചരുവിലിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം:

“എക്കാലത്തേയും പോലെ ഇപ്പോഴും നമ്മുടെ സാംസ്കാരിക മൂല്യവ്യവസ്ഥ ഒരു ശുദ്ധിവാദം മുന്നോട്ടു വെക്കുന്നുണ്ട്. പക്ഷേ അതനുസരിച്ച് ശുദ്ധരിൽ വിശുദ്ധരായവരെ മാത്രം ഉൾപ്പെടുത്തി രൂപീകരിക്കേണ്ടതല്ല ഫാസിസത്തിനെതിരായി ഇന്ന് അനിവാര്യമായിരിക്കുന്ന വിശാല സാംസ്കാരിക മുന്നണി എന്നു ഞാൻ കരുതുന്നു. മഞ്ഞ പാസ്പോർട്ടുള്ളവർക്കും ഇതിൽ സ്ഥാനമുണ്ട്.

“കഴിഞ്ഞ ദിവസം തൃശൂരിൽ നടന്ന “ജനാഭിമാനസംഗമം” ഹിന്ദുത്വ ഫാസിസത്തിനെതിരായ മതേതര സാംസ്കാരിക പ്രവർത്തകരുടെ ഒരു മുന്നേറ്റം തന്നെയായിരുന്നു. അത് ഒറ്റപ്പെട്ട സംഭവമായിരുന്നില്ല എന്നോർക്കണം. രണ്ടു ദിവസം മുൻപ് കൊടുങ്ങല്ലൂരിലും അമ്മട്ടിൽ ഒരു ദിവസം നീണ്ടു നിന്ന സദസ്സ് നടന്നു. അപ്രതീക്ഷിതമായ ജനപങ്കാളിത്തമാണ് അവിടെ കണ്ടത്.

ഇത്തരം സദസ്സുകൾ കേരളം മുഴുവൻ നടക്കുകയാണ്. ഒരു സാംസ്കാരിക സംഘാടകൻ എന്ന നിലയിൽ അത്തരം പല സദസ്സുകളിൽ ഞാൻ പങ്കെടുത്തിരുന്നു. ഒരുപിടി വർഗ്ഗീയവാദികളും വൻ നവോത്ഥാന ജനാവലിയുമായി കേരളം ധ്രുവീകരിക്കുകയാണ്.

“സാംസ്കാരിക സദസ്സുകൾ കേരളത്തിൽ പുതുമയുള്ള സംഗതിയല്ല. ചെറുതും വലുതുമായി നടന്നു കൊണ്ടിരുന്ന സദസ്സുകളുടെ ഒരു ദൗർബ്ബല്യം അവയൊക്കെ ഒരേ തൂവൽ പക്ഷികൾ മാത്രം ഒത്തുചേരുന്നവയായിരുന്നു എന്നതാണ്. ഏതാണ്ട് കൃത്രിമമായി സംഘടിപ്പിക്കുന്ന സദസ്സുകൾ.

കൊണ്ടിരുത്തുന്ന സദസ്യർ. മുഖം കാണിച്ചു മടങ്ങാൻ വരുന്നവർ. എന്നാൽ ഇന്ന് കേരളമെമ്പാടും അലയടിക്കുന്ന സാംസ്കാരിക പ്രതിരോധത്തിന്റെ സവിശേഷത അവിടെ വിഭിന്ന ആശയഗതിക്കാർ ഒത്തുചേരുന്നു എന്നതാണ്.

മതേതര മനസ്സുള്ളവർ തമ്മിൽ അതുവരെ പരസ്പരം വെച്ചു പുലർത്തിയിരുന്ന ആശയ വിരോധങ്ങളും ശത്രുതയും മാറ്റിവെച്ച് ഒത്തുചേരാൻ തയ്യാറായിരിക്കുന്നു.

ഇന്ത്യയിലെ മനുഷ്യജീവിതം ചെന്നുപെട്ടിരിക്കുന്ന അപകടകരമായ പ്രതിസന്ധിയെക്കുറിച്ചുള്ള തിരിച്ചറിവാണ് അതിനവരെ പ്രേരിപ്പിക്കുന്നത്.

“പ്രതീക്ഷാ നിർഭരമായ ഈ കൂട്ടായ്മകളെ ആന്തരികമായി തകർക്കാനുള്ള ശ്രമങ്ങളും അതിനൊപ്പം ആരംഭിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായാണ് ഒരുവക ശുദ്ധിവാദം ഉയർന്നു വരുന്നത്. മതഭീകരതക്കെതിരായ പ്രസ്ഥാനത്തിൽ പങ്കാളിയാവാൻ അയാൾക്ക് അർഹതയുണ്ടോ? ജാതക പരിശോധന.

ഇന്നലെ അവൻ/അവൾ ആരായിരുന്നു? എന്തായിരുന്നു? എവിടെയായിരുന്നു? കൂടുതൽ വെയിലു കൊണ്ടത് ഞാനല്ലേ? എന്നിങ്ങനെയുള്ള ചോദ്യങ്ങൾ.

അവൻ ദൈവവിശ്വാസിയാണ്, നിരീശ്വരവിശ്വാസിയാണ്, ഒരു മഴക്ക് പൊടിച്ചു വന്ന തകരയാണ്, ഗജഫ്രോഡാണ്, പൈങ്കിളിയാണ്, പഴയ നക്സലൈറ്റാണ്, പഴയ ആർ.എസ്.എസാണ്, ട്രാഫിക് റൂൾ തെറ്റിച്ചു നടന്നയാളാണ്, പൊതുസ്ഥലത്ത് ബീഡി വലിച്ചു, മദ്യപാനമുണ്ട്, ഒരു കഥ കട്ടെഴുതിയിട്ടുണ്ട്. കവിത പ്രസിദ്ധീകരിക്കാൻ പത്രാധിപരുടെ കാലുപിടിച്ചിട്ടുണ്ട്. പൈങ്കിളി ഭാഷയിലാണ് എഴുത്ത്. അവാർഡിനു വേണ്ടി ചരടുവലിച്ചു. എന്നിങ്ങനെ പരസ്പരമുള്ള ആരോപണങ്ങൾ.

“ഇത്തരം ആരോപണങ്ങൾ സ്വഭാവികമായി ഉണ്ടാകുന്നതാണെന്ന് ഞാൻ കരുതുന്നില്ല. സംഘപരിവാർ ഭീകരതക്കെതിരെ വളർന്നു വരുന്ന വിപുലമായ മതേതര സർഗ്ഗാത്മക ഐക്യത്തിൽ വിള്ളലുണ്ടാക്കാനുള്ള പരിശ്രമങ്ങൾ മൂലധന സഹായത്തോടെ നടക്കും എന്നതിൽ സംശയമില്ല.

വേറിട്ടു നിൽക്കുന്ന മഹാനായ ഞാൻ എന്ന എന്നെ സ്ഥാപിക്കുന്നതിനു വേണ്ടി, ഹാസ്യത്തിന്റെ അകമ്പടിയോടെ, ആധുനിക ഭാഷയിൽ ഒക്കെ ആയിരിക്കും നാട്ടുഭാഷയിൽ പറഞ്ഞാൽ ഇത്തരം ഇടങ്കോലുകൾ കടന്നു വരുന്നത്.

“ഇന്നലെവരെ മതേതര സാംസ്കാരിക പ്രവർത്തകർ തമ്മിൽ വലിയ ഭിന്നത ഉണ്ടായിരുന്നു. ആശയ സംഘർഷങ്ങൾ പലതും ആശയതലം വിട്ട് വ്യക്തിവിദ്വേഷത്തിലേക്ക് കടന്നിട്ടുണ്ട്. അഭിപ്രായഭേദങ്ങളെല്ലാം പറഞ്ഞവസാനിപ്പിച്ചിട്ടല്ല നമ്മൾ അനിവാര്യമായ ഐക്യത്തിലേക്ക് എത്തിയിട്ടുള്ളത്.

അതുകൊണ്ട് ഇന്നത്തെ വിശാല മുന്നണിയിൽ ഭിന്നിപ്പുണ്ടാക്കുക എളുപ്പമാണ്. നമ്മൾ സാംസ്കാരിക രംഗത്തുള്ളവർ പ്രധാനമായും മധ്യവർഗ്ഗത്തിൽ നിന്നാണെന്ന പ്രശ്നമുണ്ട്.

അസൂയ, അസഹിഷ്ണത, പൊങ്ങച്ചം, ദുരഭിമാനം, പ്രമാണിത്തം, പ്രശസ്തിമോഹം എന്നിങ്ങനെ ജീവിതശൈലീ രോഗങ്ങൾ നിരവധി.

“പക്ഷേ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയെ തെല്ലെങ്കിലും രാഷ്ട്രീയമായി തിരിച്ചറിയുന്നവർ സഹിഷ്ണതയോടെ സംഘം ചേർന്നു തന്നെ നിൽക്കും. പ്രതിരോധിക്കും.”