ആലപ്പുഴ: കലോത്സവ നഗരിയില്‍ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും സമ്പൂര്‍ണ സുരക്ഷ ഉറപ്പാക്കുന്നതിലേക്ക് പോലീസ് ബൃഹത്തായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

സുരക്ഷ ഒരുക്കുന്നതിലേക്ക് രാവും പകലുമായി 1200 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. എല്ലാ കലോത്സവ വേദികളിലെയും സുരക്ഷയ്ക്കായി മൂന്ന് ഷിഫ്റ്റുകളിലായി പോലീസ് ഉദ്യോഗസ്ഥരുടെ സേവനം ഉണ്ടാകും.

വനിതകളുടെ സുരക്ഷയ്ക്കായി പിങ്ക് പട്രോള്‍ ഉദ്യോഗസ്ഥര്‍, കലോത്സവ വേദികളിലേയും പരിസരപ്രദേശങ്ങളിലേയും കുറ്റവാളികളുടെയും സമൂഹവിരുദ്ധരുടെയും സാന്നിധ്യം പരിശോധിക്കുന്നതിനുമായി സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍, കലോത്സവ വേദികളിലും പരിസരപ്രദേശങ്ങളിലും ലഹരിവസ്തുക്കളുടെ ഉപയോഗവും വിതരണവും തടയുന്നതിന് പ്രത്യേക സ്‌ക്വാഡ്, ട്രാഫിക്ക് നിയന്ത്രണത്തിനായി 100 ബൈക്ക് പട്രോളിങ്, 60 മൊബൈല്‍ പട്രോള്‍, നഗരത്തില്‍ എത്തുന്നവരെ സഹായിക്കുന്നതിനായി വൊളന്റിയര്‍മാരായി 600 സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍, 300 സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാര്‍ എന്നിവരെ നഗരത്തില്‍ വിന്യസിക്കും.
കലോത്സവത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് താമസസൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ള വിദ്യാലയങ്ങളില്‍ കര്‍ശന സുരക്ഷ ഒരുക്കിയിട്ടുണ്ട്. കൂടാതെ ആലപ്പുഴ ബീച്ചും വേമ്പനാട്ട് കായലും സന്ദര്‍ശിക്കുന്ന വിദ്യാര്‍ഥികളുടെയും രക്ഷാകര്‍ത്താക്കളുടെയും സുരക്ഷയ്ക്കായി മുങ്ങല്‍ വിദഗ്ധര്‍, ലൈഫ് ബോയിമാര്‍, സ്റ്റുഡന്‍സ് പോലീസ്, വനിതാ പോലീസ്, വിവിധ സ്ഥലങ്ങളിലായി അഞ്ച് ആംബുലന്‍സ് എന്നീ സേവനങ്ങളുമുണ്ടാകും.

നഗരത്തില്‍ 600 സി.സി.ടി.വി. ക്യാമറകള്‍. നിരീക്ഷിക്കുന്നതിനായി പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. കലോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവരുടെ അടിയന്തര സഹായത്തിനായി 1090, 100, 9497910100 എന്നീ ഫോണ്‍ നമ്പരുകളില്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാം.
29 കേന്ദ്രങ്ങളിലായി നടക്കുന്ന യുവജനോത്സവത്തിന് ഇ.എം.എസ്. സ്റ്റേഡിയത്തില്‍ കേന്ദ്രീകൃത ഭക്ഷണശാല ഒരുക്കിയിട്ടുള്ളതിനാല്‍ പ്രസ്തുത ദിവസങ്ങളില്‍ നഗരത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ക്ക് കര്‍ശനമായ വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തും. ഇടറോഡുകളില്‍ വാഹന പാര്‍ക്കിങ് കര്‍ശനമായി നിരോധിക്കും

കിഴക്കുഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ക്ക് ബൈപ്പാസ്, എസ്.ഡി. കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളിലും തെക്ക് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ക്ക് വനിതാ സെല്‍ ഗ്രൗണ്ട്, റബ്ബര്‍ ഫാക്ടറി ഗ്രൗണ്ട്, ബീച്ച് എന്നിവിടങ്ങളിലും വടക്കുഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ക്ക് കൊമ്മാടി ബൈപ്പാസ്, എസ്.ഡി.വി. സ്‌കൂള്‍ ഗ്രൗണ്ട്, കിടങ്ങാംപറമ്പ് മൈതാനം എന്നിവിടങ്ങളിലും കലോത്സവങ്ങള്‍ നടക്കുന്ന വേദികള്‍ക്ക് വളരെ അകലെ അല്ലാതെ പ്രത്യേക പാര്‍ക്കിങ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.