മധ്യപ്രദേശ്: ഇരുമുന്നണികള്‍ക്കും വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കാതെ എക്സിറ്റ് പോളുകള്‍

ദില്ലി: മധ്യപ്രദേശില്‍ ഇരുമുന്നണികള്‍ക്കും വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കാതെ ഭൂരിപക്ഷ എക്സിറ്റ് പോളുകള്‍.

കോണ്‍ഗ്രസിന്റെ തിരിച്ചുവരവുണ്ടാകുമെന്ന് പ്രവചിക്കുന്ന സര്‍വേകള്‍ക്ക് ഈ നേട്ടം സര്‍ക്കാര്‍ രൂപീകരണത്തിലെത്തിക്കാനാകുമോ എന്നതില്‍ ഇപ്പോഴും അവ്യക്തത. എന്നാല്‍ ബിജെപി സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചെന്ന് സര്‍വേ ഫലങ്ങള്‍ ശരിവയ്ക്കുന്നു.

സര്‍ക്കാര്‍ രൂപീകരണത്തില്‍ ബിഎസ്പി, സ്വതന്ത്രര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായം തേടേണ്ടിവരുമെന്ന സാധ്യതയിലേക്കും വിരല്‍ ചൂണ്ടുന്നതാണ് എക്സിറ്റ് പോളുകള്‍. വോട്ട് ശതമാനത്തിന്റെ കാര്യത്തിലും ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ കാര്യമായ വ്യത്യാസമുണ്ടാകില്ലെന്നും എക്സിറ്റ് പോളുകള്‍ നിരീക്ഷിക്കുന്നു.

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് സുനിശ്ചിതം, 15 വര്‍ഷത്തെ ബിജെപി ഭരണം ജനങ്ങള്‍ മടുത്തിരിക്കുന്നു.എക്സിറ്റ് പോളുകളുടെ ഉള്ളടക്കത്തെ ഇങ്ങനെ വായിക്കാം.

കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കൃത്യമായ ഭൂരിപക്ഷത്തില്‍ കൊണ്ടുചെന്നെത്തിക്കാനാകുമെന്ന് പ്രവചിക്കാന്‍ ഭൂരിപക്ഷം സര്‍വേകള്‍ക്കുമായില്ല.

ഇന്ത്യാ ടുഡെ 104 മുതല്‍ 122 സീറ്റുകള്‍, ടൈംസ് നൗ 89, ന്യൂസ് എക്സ് 112, ന്യൂസ് നേഷന്‍ 105 മുതല്‍ 109 വരെ, സീ വോട്ടര്‍ 118, ജന്‍കീ ബാത്ത് 105 എന്നിങ്ങനെയാണ് 230 സീറ്റുകളുള്ള മധ്യപ്രദേശ് നിയമസഭയില്‍ കോണ്‍ഗ്രസിന് ലഭിക്കുന്ന സീറ്റുകളായി പ്രവചിക്കുന്നത്. ബിജെപിക്ക് 102 മുതല്‍ 120 സീറ്റുകള്‍ ലഭിക്കുമെന്ന് ഇന്ത്യാ ടുഡെ പ്രവചിച്ചു.

ടൈംസ് നൗ 126, ന്യൂസ് എക്സ് 106, ന്യൂസ് നേഷന്‍ 108 മുതല്‍ 112 വരെ, സീ വോട്ടര്‍ 98, ജന്‍കീ ബാത്ത് 118 സീറ്റുകള്‍ എന്നിങ്ങനെ ബിജെപിക്ക് ലഭിക്കുമെന്ന് പറയുന്നു.

10ഓളം സീറ്റുകള്‍ ബിഎസ്പിയും സ്വതന്ത്രരും വിജയിക്കും. ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ ബിഎസ്പിയുടെയും സ്വതന്ത്രരുടെയും സഹായം തേടേണ്ടിവരുമെന്ന സാധ്യതയിലേക്ക് ഈ പ്രവചനം വിരല്‍ ചൂണ്ടുന്നു. ഇരു പാര്‍ട്ടികളും തമ്മില്‍ 2നും 3നും ഇടയിലുള്ള നേരിയ വോട്ട് ശതമാനത്തിന്റെ വ്യത്യാസം മാത്രമേ ഉണ്ടാകാനിടയുള്ളു.

ഗ്രാമീണ മേഖലയില്‍ കോണ്‍ഗ്രസ് അപ്രമാധിത്വം. നേടും വലിയ തകര്‍ച്ചയില്‍ നിന്ന് ബിജെപിക്ക് രക്ഷിക്കുക നഗരമേഖലകളായിരിക്കുമെന്നും സര്‍വേ പറയുന്നു.

അതേസമയം, കണക്കിലെ കളികളില്‍ കാര്യമില്ലെന്നും കൃത്യമായ ഭൂരിപക്ഷത്തില്‍ തന്നെ സര്‍ക്കാര്‍ രൂപീകരിക്കാനാകുമെന്നുമുള്ള ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസും ബിജെപിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News