രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമാവാനൊരുങ്ങി കേരളം

തിരുവനന്തപുരം: രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമാകാൻ കേരളം. ഐടി വകുപ്പും സംസ്ഥാനത്തെ ഐടി പാർക്കുകളും ചേർന്നാണ‌് പ്രവർത്തനങ്ങൾക്ക‌് ചുക്കാൻ പിടിക്കുന്നത‌്.

പൗരത്വം, ജീവിതശൈലി, വാണിജ്യം എന്നിങ്ങനെ മൂന്നുമേഖലയായി തിരിച്ചാണ‌് സമ്പൂർണ ഡിജിറ്റൽ സംസ്ഥാനത്തിലേക്ക‌് കേരളം ചുവടുവയ‌്ക്കുക.

ഡിജിറ്റൽ പൗരത്വമാണ‌് ആദ്യം നടപ്പാക്കുക. സർട്ടിഫിക്കറ്റുകൾ, സർക്കാർ സേവനങ്ങൾ, ഫീസ‌് ഒടുക്കൽ, ഭൂരേഖകൾ ഉൾപ്പെടെയുള്ളവയെല്ലാം ഡിജിറ്റലാക്കുന്നതാണ‌് ഡിജിറ്റൽ പൗരത്വം.

അപേക്ഷകളെല്ലാം ഓൺലൈനാവുകയാണ‌്. റേഷൻകാർഡ‌്, ആധാർ തുടങ്ങിയ തിരിച്ചറിയൽ രേഖകളും ഓൺലൈനായതോടെ “ഡിജിറ്റൽ പൗരത്വം’ ലക്ഷ്യം ഏറെക്കുറെ കൈവരിച്ചു കഴിഞ്ഞു.

ആദ്യ ഡിജിറ്റൽ സംസ്ഥാനമായ കേരളത്തെ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമാക്കുക എന്നത‌് ഐടി നയത്തിന്റെ പ്രധാനലക്ഷ്യമാണ‌്.

പൗരൻ എല്ലാ ജീവിതാവശ്യങ്ങൾക്കും വിവരസാങ്കേതികവിദ്യ പ്രയോഗിക്കുമ്പോഴാണ‌് സമൂഹം സമ്പൂർണ ഡിജിറ്റലായതായി കണക്കാക്കുന്നത‌്. ഡിജിറ്റൽ സംസ്ഥാന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന‌് ഹൈപ്പവർ ഐടി കമ്മിറ്റിക്ക് രൂപം നൽകി.

ഡിജിറ്റൽ ജീവിതശൈലിയും ഡിജിറ്റൽ വാണിജ്യവും പ്രാബല്യത്തിലാകാൻ സമയമെടുക്കും. ഡിജിറ്റൽ സാക്ഷരതയ‌്ക്ക‌് സാങ്കേതിക നടപടി പൂർത്തിയാക്കുന്നതിന‌് കൂടുതൽ സമയം വേണ്ടതിനാലാണിത‌്.

ഡിജിറ്റൽ കൊമേഴ്‌സിനാവശ്യമായ സൈറ്റുകളും ആപ്പുകളും തയ്യാറാക്കും. സംസ്ഥാനത്തിന്റെ ഐടി വികസനത്തിന‌് ഡിജിറ്റൽ പശ‌്ചാത്തല സൗകര്യവും ഭൗതിക പശ‌്ചാത്തല വികസനവും ഒരുപോലെ വികസിപ്പിക്കുകയാണെന്ന‌് ഐടി പാർക്കുകളുടെ സിഇഒ ഋഷികേശ‌്നായർ പറഞ്ഞു.

സംസ്ഥാന സർക്കാർ നടത്തുന്ന ഈ മുന്നേറ്റം കണ്ടാണ‌് നിരവധി വൻകിട അന്താരാഷ‌്ട്ര ഐടി കമ്പനികൾ കേരളത്തിലേക്ക‌് വരുന്നത‌്.

ഭൗതിക പശ‌്ചാത്തലവികസനത്തിൽ മൂന്നുവർഷത്തിനുള്ളിൽ പുതുതായി ഒരുകോടി ചതുരശ്ര അടി ഐടി കെട്ടിടങ്ങൾ നിർമിക്കാനാണ‌് ലക്ഷ്യമിട്ടത്‌.

ഇതിൽ 52 ലക്ഷം ചതുരശ്ര അടിയുടെ നിർമാണം പൂർത്തിയായി. ഒരുകോടി ചതുരശ്ര അടി പ്രവർത്തനക്ഷമമാകുമ്പോൾ ലക്ഷത്തിലേറെ പേർക്ക‌് പുതുതായി തൊഴിൽ ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News