വികസനത്തിന്റെ മികച്ച മാതൃകയായി കണ്ണൂര്‍ വിമാനത്താവളം; കേരള സർക്കാരിനെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രി സുരേഷ‌് പ്രഭു

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളം വികസനത്തിന്റെ മികച്ച മാതൃകയാണെന്ന് കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭു. വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി യാഥാർഥ്യമാക്കുന്നതിനുവേണ്ടി പ്രവർത്തിച്ച കേരള സർക്കാരിനെ സുരേഷ‌‌് പ്രഭു അഭിനന്ദിച്ചു.

സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും കൈകോർത്ത് എങ്ങനെ മികച്ച രീതിയിൽ അടിസ്ഥാനസൗകര്യ വികസനം സാധ്യമാക്കാം എന്നതിന് ഉദാഹരണമാണ് കണ്ണൂർ വിമാനത്താവളം. ഇന്ത്യയുടെ വ്യോമയാന മേഖലയുടെയും രാജ്യ വികസനത്തിന്റെയും സുപ്രധാന ദിവസമാണിന്ന്.

വികസന സാധ്യതകൾ ഏറെയുള്ള സംസ്ഥാനമാണ് കേരളം. വ്യോമഗതാഗതത്തോടൊപ്പം കേരള വികസനത്തിന്റെ കവാടംകൂടിയാണ‌് കണ്ണൂർ വിമാനത്താവളം തുറന്നിരിക്കുന്നത‌്. യാത്രാസൗകര്യം അഭിവൃദ്ധിയിലേക്കുള്ള പാതയാണ‌്.

രാജ്യത്ത് നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഏക സംസ്ഥാനമായി ഇതോടെ കേരളം മാറിയിരിക്കുകയാണ്. ഭാവിയെക്കൂടി മുന്നിൽ കണ്ടുകൊണ്ടുള്ള നിർമാണമാണ് കണ്ണൂർ വിമാനത്താവളത്തിലേത്. ഇത് മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണ്. രാജ്യത്തെ വ്യോമയാന മേഖല വൻ മുന്നേറ്റത്തിനാണ് ഇപ്പോൾ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത‌്.

ഈ വർഷം 80 ബില്യൻ ഡോളർ വിദേശ നാണ്യം പ്രവാസികൾ രാജ്യത്തിന് നേടിത്തരുമെന്നാണ് ലോകബാങ്കിന്റെ കണക്കുകൂട്ടൽ. ഇതിൽ ബഹു ഭൂരിപക്ഷവും മലയാളി പ്രവാസികളുടെ സംഭാവനയാണ്. പ്രതികൂല സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന ഇവർക്ക് നാട്ടിൽ വരാനും കുടുംബത്തെ സന്ദർശിക്കാനും സൗകര്യമൊരുക്കുകയെന്നത് വളരെ പ്രധാനമാണ‌്.

കേരളത്തിന്റെ ടൂറിസം വികസനത്തിനും കയറ്റുമതി വളർച്ചയ്ക്കും വിമാനത്താവളങ്ങൾ സഹായകമാവും. കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനായി എല്ലാവിധ സഹായങ്ങളും ചെയ്യാൻ കേന്ദ്രസർക്കാർ തയ്യാറാണെന്നും സുരേഷ‌് പ്രഭു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here