തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍ക്കരണം; എല്‍ഡിഎഫ് നേതൃത്വത്തില്‍ ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനാചരണം

തിരുവനന്തപുരം > തിരുവനന്തപുരം അന്താരാഷ‌്ട്ര വിമാനത്താവളം സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ എൽഡിഎഫിന്റെ നേതൃത്വത്തിൽ ഇന്ന് കരിദിനമാചരിക്കും.

ജില്ലയിലെമ്പാടും കറുത്ത ബോർഡുകളും കൊടികളുമുയർത്തി. ചാക്കയിൽ എൽഡിഎ‌ഫ‌് പ്രവർത്തകരും ജില്ലയിലെ ജനപ്രതിനിധികളും ജനാധിപത്യവിശ്വാസികളും പങ്കെടുക്കുന്ന പ്രതിഷേധപരിപാടി സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ ഉദ‌്ഘാടനംചെയ്തു.

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍പന നടത്തുന്നത് കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ നയത്തിന്‍റെ അടിസ്ഥാനത്തില്‍. പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് കമ്മീഷന്‍ വ‍ഴി തുക സ്വരൂപിക്കാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്.

സ്വകാര്യവല്‍ക്കരിക്കാനാണ് നീക്കമെങ്കില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വരുമെന്നും വിമാനത്താവളം ഏറ്റെടുക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്‍റെ സന്നദ്ധത മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചതായും കോടിയേരി പറഞ്ഞു.

സിപിഐ ദേശീയ എക‌്സിക്യൂട്ടീവ‌് അംഗം പന്ന്യൻ രവീന്ദ്രനും മറ്റ‌് എൽഡിഎഫ‌് നേതാക്കളും പങ്കെടുത്തു. കറുത്ത വസ‌്ത്രങ്ങളണിഞ്ഞാണ‌് പ്രവർത്തകർ പ്രതിഷേധ കൂട്ടായ‌്മയ‌്ക്കെത്തിയത്.

വിമാനത്താവളം സ്വകാര്യവൽക്കരണത്തിനെതിരായ സമരങ്ങളുടെ തുടക്കമാണ‌് ഇന്ന് നടന്നതെന്ന‌് സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു.

രാജ്യത്തിന്റെ തെക്കേ അറ്റത്തുള്ള വിമാനത്താവളമെന്ന നിലയിൽ വലിയ പ്രാധാന്യമാണ‌് തിരുവനന്തപുരത്തിനുള്ളത‌്. നിരവധി വിമാനക്കമ്പനികൾ തിരുവനന്തപുരത്തുനിന്ന‌് ലാഭകരമായി സർവീസ‌് നടത്തുന്നുണ്ട‌്.

1935ൽ തുടങ്ങിയ വിമാനത്താവളം വി പി സിങ് പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ‌് അന്താരാഷ‌്ട്ര വിമാനത്താവളമായി പ്രഖ്യാപിച്ചത‌്.

ഇ കെ നായനാരായിരുന്നു മുഖ്യമന്ത്രി. നിലവിൽ 635 ഏക്കർ വിസ‌്തൃതിയുള്ള വിമാനത്താവളത്തിന്റെ വികസനത്തിന‌് നിലവിൽ സംസ്ഥാന സർക്കാർ 18 ഏക്കർ ഭൂമികൂടി ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിച്ചു.

വിമാനത്താവളത്തിനാവശ്യമായ ഭൂമി പൂർണമായും ഏറ്റെടുത്തുനൽകിയത‌് സംസ്ഥാന സർക്കാരാണ‌്. ഈ ഭൂമികൂടി കണ്ടാണ‌് സ്വകാര്യ കോർപറേറ്റുകൾ ഇവിടെ കണ്ണുവയ‌്ക്കുന്നത‌്.

സ്വകാര്യവൽക്കരണത്തോടെ ഇവിടെ ജോലിയെടുക്കുന്ന 20,000 തൊഴിലാളികളുടെ തൊഴിൽ സുരക്ഷ അവതാളത്തിലാകും. പൊതുമേഖലയിൽതന്നെ നിലനിർത്തി വിമാനത്താവളത്തിന്റെ വികസനം ഉറപ്പാക്കുകയാണ‌് വേണ്ടതെന്ന‌് ആനാവൂർ നാഗപ്പൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here