സൗദിയില്‍ നിന്നും കണ്ണൂരില്‍ ആദ്യം പറന്നിറങ്ങിയ പ്രവാസികള്‍ക്ക് ഗംഭീര വരവേല്‍പ്പ്

കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമായതിന്റെ ആഘോഷം പ്രവാസ ലോകത്തും കണ്ണൂരിലും തുടരുന്നു.സൗദി അറേബ്യയില്‍ നിന്നും കണ്ണൂരിലേക്കുള്ള ആദ്യ വിമാനത്തില്‍ പറന്നിറങ്ങിയ യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ ഊഷ്മള വരവേല്‍പ്പ് നല്‍കി. കണ്ണൂര്‍ ജില്ലക്കാരുടെ റിയാദിലെ കൂട്ടായ്മയായ കിയോസിന്റെ ഭാരവാഹികളും പ്രവര്‍ത്തകരുമായിരുന്നു ആദ്യ യാത്രക്കാരില്‍ ഏറെയും.

തറിയുടെയും തിറയുടെയും നാട്ടില്‍ വന്നിറങ്ങുന്ന യാത്രക്കാരെ സ്വീകരിക്കാന്‍ തെയ്യം തന്നെ വിമാനത്താവളത്തില്‍ എത്തി. ശിങ്കാരി മേളത്തിന്റെ താളവും പ്രീയപ്പെട്ടവരുടെ സ്‌നേഹോഷ്മളതയും ജന്മനാട്ടില്‍ പറന്നിറങ്ങിയവരെ സ്വാഗതം ചെയ്തു.വിമാനത്താവളം ഉദ്ഘാടനത്തിന്റെ തൊട്ടടുത്ത ദിനം സൗദി അറേബ്യയില്‍ നിന്നുള്ള ആദ്യ വിമാനം കണ്ണൂരില്‍ പറന്നിറങ്ങി.

റിയാദില്‍ നിന്നും പുലര്‍ച്ചെ 12.35 ന് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് KL 722 നമ്പര്‍ വിമാനമാണ് 8 മണിക്ക് കണ്ണൂരില്‍ ഇറങ്ങിയത്.കണ്ണൂര്‍ ജില്ലക്കാരുടെ റിയാദിലെ കൂട്ടായ്മയായ കിയോസിലെ അംഗങ്ങളായിരുന്നു ആദ്യം സൗദിയില്‍ നിന്നെത്തിയ വിമാനത്തില്‍ ഏറെയും.

വ്യവസായിയും കിയോസിന്റെയും കണ്ണൂരിലെ ദയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ചെയര്‍മാനുമായ സൂരജ് പാണയിലിന്റെ നേതൃത്വത്തിലാണ് ഇവര്‍ എത്തിയത്.
ജന പ്രതിനിധികളും സൗദിയില്‍ നിന്നുള്ള ആദ്യ യാത്രക്കാരെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തി.

റിയാദ് വിമാനത്താവളത്തില്‍ സൗദി ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരും, എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഉദ്യോഗസ്ഥരും യാത്രയയപ്പ് നല്‍കി.വിമാനത്തിനകത്ത് മധുരം പങ്കു വച്ചും പാട്ട് പാടിയും ആര്‍പ്പു വിളിച്ചും യാത്രക്കാര്‍ കണ്ണൂരില്‍ നിന്നുള്ള ആദ്യ യാത്ര അവിസ്മരണീയമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here