“കിത്താബ്” ; സ്കൂൾ അധികൃതരുടെ തീരുമാനത്തിൽ പ്രതിഷേധമറിയിച്ച് പുരോഗമന കലാസാഹിത്യ സംഘം

കോഴിക്കോട് ജില്ലാ കലോത്സവത്തിൽ ഗ്രേഡ് നേടിയ “കിത്താബ്” എന്ന നാടകം സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ അവതരിപ്പിക്കേണ്ടതില്ല എന്ന മേമുണ്ട ഹൈസ്കൂൾ അധികൃതരുടെ തീരുമാനത്തിൽ പ്രതിഷേധമറിയിച്ച് പുരോഗമന കലാസാഹിത്യ സംഘം.

നാടകത്തിനെതിരെ മത വർഗ്ഗീയവാദികൾ പ്രതിഷേധമുയർത്തിയിരുന്നു. വർഗ്ഗീയഭീകരർ സമൂഹത്തിൽ ഇടപെടാനും പിന്നോട്ടു വലിക്കാനും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കലയും ആവിഷ്ക്കാരവുമാണ് അവരുടെ മുഖ്യ ലക്ഷ്യം.

പ്രബുദ്ധകേരളം അതിനു വിധേയപ്പെടരുത്. സ്കൂൾ അധികൃതർ ഉൾപ്പടെയുള്ള സമൂഹനേതൃത്തം വിധേയരാവുന്നതു കാണുമ്പോൾ സാമാന്യ ജനങ്ങൾ ഭയപ്പെട്ട് മതവാദികൾക്ക് കീഴടങ്ങുമെന്നും പുരോഗമന കലാസാഹിത്യ സംഘം പ്രസ്താവനയിലൂടെ അറിയിച്ചു.

വർഗ്ഗീയരാഷ്ട്രീയക്കാർക്ക് മതവുമായി ഒരു ബന്ധവുമില്ല എന്ന വസ്തുത നാം തിരിച്ചറിയണം. അവർ മതവിശ്വാസികളെ ഒരു നിലക്കും പ്രതിനിധീകരിക്കുന്നില്ല.

കൃത്യമായി നിലപാടെടുത്ത് പ്രതികരിച്ചാൽ ഏതിനം വർഗ്ഗീയഭീകരതയും കേരളമണ്ണിൽ തകർന്നു വീഴും എന്ന് “ശബരിമല”യും നമ്മുടെ മുഖ്യമന്ത്രിയും തെളിയിച്ചു കൊണ്ടിരിക്കുന്ന കാലമാണ് ഇത്.

നാടകാവതരണം തടസ്സപ്പെട്ടതിൽ സങ്കടപ്പെടുന്ന കലാപ്രതിഭകളായ പ്രിയപ്പെട്ട കുട്ടികൾക്കൊപ്പം സാംസ്കാരികകേരളം ഉറച്ചു നിൽക്കുന്നുവെന്നും പുരോഗമന കലാസാഹിത്യ സംഘം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here