കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനം; പ്രതിപക്ഷത്തിന്റെ സൗജന്യയാത്ര ആരോപണം വാസ്തവ വിരുദ്ധം; ഒഡെപെകിന്റെ വിശദീകരണം ഇങ്ങനെ

തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനത്തോടനുബന്ധിച്ച് ഞായറാഴ്ച തിരുവനന്തപുരത്തേക്ക് യാത്രാ സൗജന്യം ഒരുക്കിയെന്ന ആരോപണം വാസ്തവ വിരുദ്ധമെന്ന് ഓവര്‍സീസ് ഡവലപ്‌മെന്റ് ആന്റ് എംപ്ലോയ്‌മെന്റ് പ്രമോഷന്‍ കൗണ്‍സില്‍ (ഒഡെപെക്) ജനറല്‍ മാനേജര്‍ എസ്എസ് സാജു അറിയിച്ചു.

അയാട്ട അംഗീകാരമുള്ള സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള ട്രാവല്‍ ഏജന്‍സി കൂടിയാണ് ഒഡെപെക്. കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനത്തോടനുബന്ധിച്ച് ഗോ എയര്‍ തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തുന്നുവെന്ന് അറിഞ്ഞപ്പോള്‍ 64 ടിക്കറ്റുകളും ഒഡെപെക് മൊത്തമായി വിലയ്ക്ക് വാങ്ങിയതാണ്.

ഇത് ഓരോ യാത്രക്കാര്‍ക്കും വിറ്റു. ഇതില്‍ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും ടിക്കറ്റ് തുക നല്‍കുന്നതിന് ഒരു മാസത്തെ കാലതാമസം അനുവദിക്കും. മറ്റുള്ളവരുടെയെല്ലാം കാശ് വാങ്ങി. ഇതിനകം 29 പേരുടെ ടിക്കറ്റ് ചാര്‍ജ് കിട്ടിയതായും ജനറല്‍ മാനേജര്‍ അറിയിച്ചു.

ഒഡെപെകിന്റെ വിശദീകരണത്തോടെ പ്രതിപക്ഷം ഉയര്‍ത്തിയ വിമാന യാത്രാ ധൂര്‍ത്ത് ആരോപണം വസ്തുതാ വിരുദ്ധമെന്ന് തെളിഞ്ഞു.

കെഎസ് ശബരീനാഥനാണ് സര്‍ക്കാര്‍ പണം ധൂര്‍ത്തടിച്ച് നേതാക്കന്മാര്‍ക്ക് കണ്ണൂരില്‍ നിന്ന് സൗജന്യ വിമാന ടിക്കറ്റ് നല്‍കിയെന്ന് ആരോപിച്ച് രംഗത്തെത്തിയത്.

എന്നാല്‍ ഇതേ വിമാനത്തില്‍ ഒഡെപെക് വഴിയല്ലാതെ, ഗോ എയര്‍ വെബ്‌സൈറ്റില്‍ നിന്ന് നേരിട്ടും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സൗകര്യമുണ്ടായിരുന്നു എന്നതാണ് വസ്തുത. ഡിസംബര്‍ ഒന്‍പതിന് ഉച്ച വരെ ഈ സൗകര്യം എയര്‍ഗോ വെബ്‌സൈറ്റില്‍ ലഭ്യമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News