അബുദാബി കോടതിയാണ് യുവാവിന് രണ്ട് മാസം തടവും 20,000 ദിര്‍ഹം പിഴയും ശിക്ഷ വിധിച്ചത്. തന്നെ അപമാനിച്ചുവെന്ന് കാണിച്ച് പ്രതിശ്രുത വധു കോടതിയില്‍ ഫയല്‍ ചെയ്ത കേസാണ് യുവാവിന് വിനയായത്. വിഡ്ഢി എന്ന് അര്‍ത്ഥം വരുന്ന അറബി വാക്ക് യുവാവ് പ്രതിശ്രുത വധുവിന് വാട്‌സ്ആപ്പ് സന്ദേശമായി അയച്ചതാണ് കേസിലും ഒടുവില്‍ ശിക്ഷയിലുമെത്തിച്ചത്.

തന്നെ അപമാനിച്ചുവെന്ന് കാണിച്ച് പ്രതിശ്രുത വധു കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നുവെന്ന് എമിറാത്ത് അല്‍ യൗം പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇത്തരത്തില്‍ ആളുകള്‍ അയക്കുന്ന സന്ദേശങ്ങള്‍ പലരും ഗൗരവത്തിലെടുക്കുകയും പരാതിയുമായി അധികൃതരെ സമീപിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ യുഎഇയില്‍ വര്‍ദ്ധിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ട്.

ഒരാളെ അപമാനിക്കുന്ന തരത്തില്‍ അല്ലെങ്കില്‍ അയാള്‍ക്ക് അപമാനകരമായി തോന്നുന്ന തരത്തില്‍ സോഷ്യല്‍ മീഡിയ വഴി അയക്കുന്ന സന്ദേശങ്ങള്‍ സൈബര്‍ കുറ്റകൃത്യമായാണ് യുഎഇ നിയമം കണക്കാക്കുന്നത്. ഇത്തരത്തലുള്ള കുറ്റകൃത്യങ്ങള്‍ക്ക് 2.5 ലക്ഷം മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കുകയും ചെയ്യും. മനഃപൂര്‍വമല്ലാതെ ചെയ്തതാണെന്ന് വാദിച്ചാലും ഇത്തരം കേസുകളില്‍ ശിക്ഷയില്‍ നിന്ന് രക്ഷപെടാനാകില്ലെന്നതാണ് അവസ്ഥ.