മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫര്‍. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായ കാര്യം പൃഥ്വിരാജാണ് ഫെയ്‌സ്ബുക്ക് വഴി അറിയിച്ചത്. റഷ്യയിലായിരുന്നു ചിത്രത്തിന്റെ അവസാനഘട്ട ഷൂട്ടിങ്.

ഇന്ന് ലാലേട്ടന്‍ ലൂസിഫറിനോടും സ്റ്റീഫന്‍ നെടുംപള്ളിയോടും വിടപറയുകയാണ്, തന്റെ മറ്റേത് യാത്രകളില്‍ നിന്നും വ്യത്യസ്തമായ ഒന്നായിരുന്നു ഇതെന്നും ഈ ചിത്രം ഏറ്റെടുത്തപ്പോള്‍ അത് മണ്ടത്തരമാണെന്നും തന്നോട് പലരും പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറയുന്നു.

അത് എത്രത്തോളം സത്യമാണെന്ന് തനിക്ക് അറിയില്ലായെന്നും പക്ഷേ തന്റെ 16 കൊല്ലത്തെ സിനിമ ജീവിതത്തില്‍ നിന്നും താന്‍ പഠിച്ചതിലേറെ ഈ ആറു മാസം കൊണ്ട് പഠിച്ചു കഴിഞ്ഞുവെന്നും പൃഥ്വിരാജ് പറയുന്നു.

തന്നെ വിശ്വസിച്ചത്തിയ ലാലേട്ടന് അദ്ദേഹം നന്ദിയും അറിയിക്കുന്നു. മുരളി ഗോപിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കുന്നത്. ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തിലുള്ള ചിത്രത്തില്‍ മഞ്ജു വാര്യര്‍ ആണ് നായിക. ടോവിനോ, ഇന്ദ്രജിത്ത് സുകുമാരന്‍, വിവേക് ഓബ്‌റോയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.