ഇടതുപക്ഷത്തിന്റെ വിശിഷ്യാ സി.പി.ഐ.എം എന്ന രാഷ്ട്രീയ പാര്‍ടിയുടെ വളര്‍ച്ചയില്‍ എറ്റവും പ്രധാനപ്പെട്ട ഘടകമാണ് അതിന്റെ തൊഴിലാളി വര്‍ഗ ബഹുജന സംഘടനകള്‍.

പാര്‍ടിക്ക് ശക്തിയുള്ള ഏത് സംസ്ഥാനങ്ങളിലും അതിന്റെ വളര്‍ച്ചയില്‍ സി.ഐ.ടി.യു, കര്‍ഷക സംഘടനകള്‍, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ തുടങ്ങിയ സംഘടനകള്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

കഴിഞ്ഞ പാര്‍ടി സമ്മേളനത്തിന് ശേഷം ഇന്ത്യയൊട്ടാകെ ഇടതുപക്ഷ കര്‍ഷക സംഘടനകള്‍ അതിശയകരമായ മുന്നേറ്റമാണ് നടത്തിയത്.

മണ്ണിനെയും മക്കളെയും അറിഞ്ഞ് ഉയര്‍ത്തിക്കൊണ്ടുവന്ന പ്രക്ഷോഭങ്ങളില്‍ മികച്ച ജനപങ്കാളിത്തമാണ് ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞത് ഈ പ്രവര്‍ത്തനങ്ങളില്‍ അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വം അതിശയിപ്പിക്കുന്നതാണ്.

പാര്‍ടിക്ക് യാതൊരു വേരോട്ടവുമില്ലാത്ത മണ്ണുകളില്‍ പോലും കിസാന്‍ സഭയിലൂടെ തൊഴിലാളി വര്‍ഗ ആശയങ്ങള്‍ മനസിലാക്കുവാനും പ്രചരിപ്പിക്കാനും ചെങ്കൊടിയേന്തി വര്‍ഗസമരങ്ങള്‍ക്കിറങ്ങുവാനും ഒരു വലിയ സമൂഹം തയ്യാറായിരിക്കുന്നു.

മൃഗീയ ഭൂരിപക്ഷത്തോടെ ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനില്‍ ഉള്ളിക്കര്‍ഷകര്‍ക്കൊപ്പവും കര്‍ഷകര്‍ക്ക് മേല്‍ ചുമത്തിയ അധിക വൈദ്യുതി ചാര്‍ജ് കുറക്കാന്‍ വേണ്ടിയുമൊക്കെ കിസാന്‍ സഭ രംഗത്തിറങ്ങിയപ്പോള്‍ ഈ സമരങ്ങള്‍ക്കൊപ്പം ചേര്‍ന്നത് പുതിയൊരിന്ത്യ സ്വപ്‌നം കാണുന്ന പതിനായിരങ്ങളാണ്. നൂറുകണക്കിനാളുകള്‍ക്ക് പകരം പല ലക്ഷം കര്‍ഷകര്‍ ചെങ്കൊടിയേന്തി ഇങ്ക്വിലാബ് വിളിച്ചു.

വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരായ സമരവിജയം രാജസ്ഥാനില്‍ ചെങ്കൊടിക്കൊപ്പം ചേര്‍ത്ത കര്‍ഷകരുടെ എണ്ണം അത്രമേലധികമാണ്.

അതിനുശേഷം തുടര്‍ച്ചയായ കര്‍ഷകസമരങ്ങള്‍ ആ നാടിനെ മൂടിയപ്പോള്‍ കര്‍ഷകര്‍ നേടിയെടുത്തത് അവകാശങ്ങള്‍ മാത്രമായിരുന്നില്ല, സംഘടനാ ബോധം കൂടിയായിരുന്നു. അത് തന്നെയാണ് ദുംഗര്‍ഗഡില്‍ ഇന്ന് നിങ്ങള്‍ കാണുന്നതും.

2013ല്‍ 2597 വോട്ട് കിട്ടിയ നോട്ടക്കും പിറകിലായി 2527 വോട്ട് ലഭിച്ച ഒരു മണ്ഡലത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റിന്റെ സ്ഥാനാര്‍ഥിയായ സഖാവ് ഗിര്‍ധാരി മാഹിയ ഇത്തവണ നേടിയത് 72,000 വോട്ടുകള്‍ക്ക് മേലെയാണ്.

38,000 വോട്ട് നേടിയ ഭദ്ര മണ്ഡലത്തില്‍ ഇത്തവണ സിപിഐഎം നേടിയത് 73,000+ വോട്ടുകളാണ്. എല്ലാ മണ്ഡലങ്ങളിലും ആയിരക്കണക്കിന് വോട്ടുകളുടെ വര്‍ധനവ് സിപിഐഎം നേടിയിരിക്കുന്നത്.

പശുരാഷ്ട്രീയത്തിലൂടെയോ പൂണൂലിന്റെയോ രാമക്ഷേത്രത്തിന്റെയോ വക്താക്കളായോ അല്ല, അത് പച്ചയായ രാഷ്ട്രീയം പറഞ്ഞ് ഓരോ വീടുകളിലും കയറിയിറങ്ങി ഓരോ തെരുവുകളിലും പൊതുയോഗങ്ങള്‍ സംഘടിപ്പിച്ച് അധികാര വര്‍ഗത്തിന് മുന്നില്‍ സമരങ്ങള്‍ സംഘടിപ്പിച്ചാണ്.

ഹിന്ദി ബെല്‍റ്റുകള്‍ ഈ മാറ്റങ്ങള്‍ ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവ് തന്നെയാണ് ഈ തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസ് നേടിയ വിജയം ഒറ്റക്ക് നേടിയെടുത്തതാണെന്ന് അവരുപോലും അവകാശപ്പെടാന്‍ ഇടയില്ല.

ശക്തമായ കര്‍ഷക പ്രക്ഷോഭത്തിലൂടെ ഇടതുസംഘടനകള്‍ സംവദിച്ച രാഷ്ട്രീയം ഈ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് രഹസ്യമായെങ്കിലും അവരും സമ്മതിക്കും.

ഈ പ്രക്ഷോഭത്തിന്റെ നായകത്വം വഹിച്ച അംറാ റാം സിപിഐഎമ്മിന് താരതമ്യേന സ്വാധീനം കുറഞ്ഞ മേഖലയില്‍ സ്വയം തിരഞ്ഞെടുത്ത് മത്സരിച്ചപ്പോഴും മികച്ച വോട്ട് ഷെയറുമായി മൂന്നാം സ്ഥാനത്താണ്.

അവര്‍ സംവദിച്ച രാഷ്ട്രീയം ജനങ്ങള്‍ പഠിക്കാനും സ്വീകരിക്കാനും തയ്യാറായി എന്നതിന്റെ തെളിവ് തന്നെയാണത് 2019 ല്‍ ഇടതുപക്ഷത്തിനാകെ വലിയൊരു പ്രതീക്ഷയാണ് ഈ വോട്ട് ഷെയറുകള്‍