രാജസ്ഥാനില്‍ രണ്ടു മണ്ഡലങ്ങളില്‍ കൂടി വിജയിച്ചതോടെ സിപിഐ എമ്മിന് രാജ്യത്തെ എട്ടു നിയമസഭകളില്‍ പ്രാതിനിധ്യമായി.

പിരിച്ചുവിട്ട ജമ്മു കശ്മീര്‍ നിയമസഭയിലെ അടക്കം കണക്കാണിത്. വിവിധ സംസ്ഥാന നിയമസഭകളില്‍ സിപിഐ എമ്മിന്‍റെ പ്രതിനിധികളായി ആകെ 110 അംഗങ്ങളാണുള്ളത്.

കേരളം, ബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് എംഎല്‍എമാര്‍ കൂടുതല്‍. കേരളത്തില്‍ 62 പേരും പശ്ചിമ ബംഗാളില്‍ 26 പേരും ത്രിപുരയില്‍ 16 പേരും നിയമസഭകളില്‍ പാര്‍ട്ടിയെ പ്രതിനിധീകരിയ്ക്കുന്നു.

ഇതിനു പുറമേ ഇപ്പോള്‍ രാജസ്ഥാനില്‍ ജയിച്ച രണ്ടുപേരും ഹിമാചല്‍‌പ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ സംസ്ഥാനങ്ങളില്‍ ഓരോ അംഗങ്ങളും സിപിഐ എമ്മില്‍ നിന്നുണ്ട്.

രാജസ്ഥാനിലെ വിജയത്തിലൂടെ പാര്‍ട്ടിയ്ക്ക് ഒരു ഇടവേളയ്ക്കു ശേഷമാണ് ഹിന്ദി മേഖലയില്‍ നിയമസഭാ പ്രാതിനിധ്യം ലഭിയ്ക്കുന്നത്.