ദില്ലി: മധ്യപ്രദേശിലും ഛത്തീസ്ഗഢിലും നാമമാത്രമായ സീറ്റുകളില്‍ മാത്രമെ ഇനി ഔദ്യോഗിക ഫലം പുറത്ത് വരാന്‍ ബാക്കിയുള്ളു.

ഇന്നലെ രാവിലെ എട്ടുമണിക്ക് തുടങ്ങിയ വോട്ടെണ്ണല്‍ ഔദ്യോഗികമായി ഇപ്പോ‍ഴും പൂര്‍ണമായിട്ടില്ലെങ്കിലും ലീഡ് നിലയില്‍ ഇനി കാര്യമായ മാറ്റങ്ങളുണ്ടാവാന്‍ ഇടയില്ല.

വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്കെത്തുമ്പോള്‍ രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ബിജെപിക്ക് ഭരണം നഷ്ടമായി. ഭരണത്തിലായിരുന്ന സംസ്ഥാനങ്ങളിലുള്‍പ്പെടെ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ജനം നല്‍കിയത്.

ബിജെപിയും കോണ്‍ഗ്രസുമല്ലാതെ മൂന്നാമതൊരുമുന്നണിയുടെ സാന്നിധ്യം ശക്തമായുള്ളിടത്ത് നേട്ടമുണ്ടാക്കിയത് ഈ പ്രാദേശിക കക്ഷികളാണെന്നതും ശ്രദ്ധേയമാണ്. ഭരണത്തിലിരുന്ന മിസോറാമില്‍ മുന്‍ മുഖ്യമന്ത്രി മത്സരിച്ച രണ്ടിടങ്ങളിലും പരാജയപ്പെട്ടു എന്നത് മാത്രമല്ല കോണ്‍ഗ്രസ് കേവലം 05 സീറ്റുകളിലേക്ക് ഒതുങ്ങി എന്നതും ശ്രദ്ധേയമാണ്

മധ്യപ്രദേശില്‍ കേവല ഭൂരിപക്ഷവുമായി കോണ്‍ഗ്രസ് അധികാരത്തിലേക്ക് കടക്കുകയാണ്. കോണ്‍ഗ്രസ് 115 സീറ്റിലും ബിജെപി 108 ലും ബിഎസ്പി 2 സീറ്റിലും മറ്റുള്ളവര്‍ 5 സീറ്റിലും വിജയിച്ചു. സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദവുമായി കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് കത്തുനല്‍കി.

രാജസ്ഥാനില്‍ കടുത്ത ഭരണവിരുദ്ധ വികാരത്തില്‍ ബിജെപിക്ക് അടിപതറി. ഇവിടെ കോണ്‍ഗ്രസ് അധികാരം പിടിച്ചു. വോട്ടെണ്ണല്‍ നടന്ന 199 ഇടങ്ങളില്‍ കോണ്‍ഗ്രസ് 99 ഇടത്തും ബിജെപി 73 ഇടത്തും സിപിഐഎം രണ്ടിടത്തും ബിഎസ്പി 6 ലും മറ്റുള്ളവര്‍ 20 ഇടത്തും വിജയിച്ചു.

ഭരണത്തിലുണ്ടായിരുന്ന ഛത്തീസ്ഗഢും കനത്തപരാജയമാണ് ബിജെപിക്ക് സമ്മാനിച്ചത്. ആകെ 90 സീറ്റില്‍ 68 ലും കോണ്‍ഗ്രസ് വിജയിച്ചു. 15 ഇടത്ത് മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്.ബിഎസ്പി രണ്ടിടത്തും ജെസിസി അഞ്ചിടത്തും വിജയിച്ചു. കേവലഭൂരിപക്ഷം നേടിയ ഇവിടെയും സര്‍ക്കാരുണ്ടാക്കാനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് തുടങ്ങിക്ക‍ഴിഞ്ഞു.

തെലങ്കാനയിലും മിസോറാമിലും പ്രാദേശികകക്ഷികള്‍ ഭരണത്തിലെത്തും. തെലങ്കാനയില്‍ 88 സീറ്റുമായി ടിആര്‍എസ് ഭരണം നിലനിര്‍ത്തിയപ്പോള്‍ മിസോറാമില്‍ 26 സീറ്റ് നേടി എംഎന്‍എഫ് ഭരണം കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുത്തു. പത്തുവര്‍ഷം ഭരണകക്ഷിയായ കോണ്‍ഗ്രസിനെ 05 സീറ്റിലേക്കൊതുക്കിയാണ് എംഎന്‍എഫിന്‍റെ മുന്നേറ്റം. എന്നാല്‍ ഇത്തവണയും മിസോറാമില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനായില്ലെന്നതും പ്രധാനമാണ്.

പ്രാദേശിക വിഷയങ്ങളോടൊപ്പം ദേശീയപ്രശ്‌നങ്ങളും ഈ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടുണ്ട്. രാജ്യത്താകമാനം ഇടതുപക്ഷ കര്‍ഷക സംഘടനകള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന വിഷയങ്ങളും ക്യാമ്പയിനുകളും ഹിന്ദി ബെല്‍ട്ടുകളില്‍ നന്നായി ചര്‍ച്ചയായി വിലക്കയറ്റം, കര്‍ഷക ആത്മഹത്യ, നോട്ട് നിരോധനം, ജിഎസ്ടി, പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ടകൊല തുടങ്ങിയവ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടുണ്ട്. ഇടതുപക്ഷത്തിന്‍റെ ആശയങ്ങള്‍ പതുക്കെയെങ്കിലും ഹിന്ദി ഹൃദയ ഭൂമിയും ഏറ്റെടുക്കുന്നു എന്നത് തന്നെയാണ് ഈ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന പ്രതീക്ഷ

രാജസ്ഥാനിലും മധ്യപ്രദേശിലും കടുത്ത ഭരണവിരുദ്ധവികാരമാണ് ബിജെപിക്ക് നേരിടേണ്ടിവന്നത് മിസോറാമില്‍ കോണ്‍ഗ്രസിനെതിരെയും കടുത്ത ഭരണ വിരുദ്ധ വികാരമുണ്ടായി.