ആലുവ കൂട്ടക്കൊലക്കേസ്‌: പ്രതി ആന്റണിയുടെ വധശിക്ഷ ജീവപര്യന്തമാക്കി

ദില്ലി : ആലുവ കൂട്ടകൊലക്കേസ്‌ പ്രതി എം എ ആന്റണിയുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമായി കുറച്ചു. 2001ൽ ഒരു കുടുംബത്തിലെ ആറുപേരെ കൊലപ്പെടുത്തിയ കേസിൽ ആണ്‌ ആന്റണിയെ വധശിക്ഷക്ക്‌ വിധിച്ചത്‌.

ഈ വിധി സുപ്രീംകോടതി ശരിവെച്ചിരുന്നു. കേസിലെ ഏക പ്രതിയാണ്‌ ആന്‍റണി. ആന്റണിയുടെ ദയാഹർജി രാഷ്‌ട്രപതി തള്ളിയിരുന്നു. എന്നാൽ ഇപ്പോൾ ആൻറണി നൽകിയ പുന പരിശോധനാ ഹർജി പരിഗണിച്ചാണ്‌ ജസ്‌റ്റിസ്‌ മദൻ ബി ലോകൂർ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്‌.

വധശിക്ഷയ്‌ക്കെതിരായ പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന് 2014 ല്‍ ചീഫ് ജസ്റ്റീസായിരുന്ന ആര്‍.എം. ലോധയുടെ ബഞ്ച് വിധിച്ചിരുന്നു. ഈ വിധിയുടെ പശ്ചാത്തലത്തില്‍ പുനഃപരിശോധന ഹര്‍ജി തുറന്ന കോടതിയില്‍ തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി ആന്റണി ഹര്‍ജി നല്‍കി.

തുടര്‍ന്ന് വധശിക്ഷ സുപ്രീംകോടതി സ്‌റ്റേ ചെയ്തിരുന്നു. ഇപ്പോള്‍ അന്തിമ വിധി പാസാക്കുകയായിരുന്നു. 2001 ജനുവരി ആറിനായിരുന്നു കൂട്ടക്കൊലപാതകം നടന്നത്. മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റിന്‍ (47) ഭാര്യ ബേബി (42), മക്കളായ ജെയ്‌മോന്‍ (14) ദിവ്യ (12) അഗസ്റ്റിന്റെ മാതാവ് ക്ലാര തൊമ്മി (74) സഹോദരി കൊച്ചുറാണി (42) എന്നിവരാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്.

ആന്റണി ഇപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ്. 12 വര്‍ഷത്തോളം തടവുശിക്ഷ പൂര്‍ത്തിയാക്കി കഴിഞ്ഞു.

മാഞ്ഞൂരാന്‍ കുടുംബത്തില്‍ ഏറെ അടുപ്പമുള്ളയാളായിരുന്നു ആന്റണി. വിദേശത്ത് ജോലിക്ക് പോകാന്‍ ആന്റണിക്ക് കൊല്ലപ്പെട്ട അഗസ്റ്റിന്റെ സഹോദരി കൊച്ചുറാണി പണം വാഗ്ദാനം ചെയ്തിരുന്നു.

ഇത് നല്‍കാന്‍ കൊച്ചുറാണി വിസമ്മതിച്ചതില്‍ പ്രകോപിതനായ ആന്റണി ആദ്യം കൊച്ചുറാണിയെയും പിന്നീട് അമ്മയെയും കൊല്ലുകയായിരുന്നുവെന്നായിരുന്നു പോലീസ് കേസ്.

സംഭവ സമയത്ത് വീട്ടിലില്ലാതിരുന്ന അഗസ്റ്റിനെയും കുടുംബത്തെയും സെക്കന്‍ഡ് ഷോ സിനിമ കണ്ട് മടങ്ങിയെത്തിയപ്പോള്‍ തെളിവു നശിപ്പിക്കുന്നതിനായി കൊലപ്പെടുത്തുകയും ചെയ്തുവെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News