ദൂരൂഹത മാറാത്ത ആലുവ കൊലക്കേസ്;അവസാനം കൊലക്കയറില്‍ നിന്ന് ആന്റണി ജീവപര്യന്തത്തിലേക്ക്

പതിനേഴ് വര്‍ഷം മുന്‍പാണ് നാടിനെ നടുക്കിയ ആലുവ കൂട്ടക്കൊല നടക്കുന്നത്. ഒരു കുടുംബത്തിലെ ആറുപേര്‍ ദാരുണമായി കൊല്ലപ്പെടുന്നു.

നാടിനെ നടുക്കിയ കൊലപാതകത്തില്‍ അവസാനം ആന്റണി പിടിക്കപ്പെട്ടു. അന്വേഷണത്തില്‍ ആന്റണി ഒറ്റക്കാണ് കൊല നടത്തിയതെന്ന് തെളിഞ്ഞു.

എന്നിട്ടും കേസിലെ ദുരൂഹത മാറിയില്ലെന്നതാണ് വാസ്തവം. കാരണം ആന്റണി ഒറ്റയക്ക് ഈ കുറ്റകൃത്യം നടത്തിയെന്ന കാര്യത്തിലാണ് ജനങ്ങള്‍ക്ക് സംശയം.

ആലുവ മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റിന്‍ (47), ഭാര്യ ബേബി (42), മക്കളായ ജെയ്മോന്‍ (14), ദിവ്യ (12), അഗസ്റ്റിന്റെ മാതാവ് ക്ളാര തൊമ്മി (74), സഹോദരി കൊച്ചുറാണി (42) എന്നിവരാണ് ദാരുണമായ കൊലക്ക് ഇരയായത്.

ആലുവ സെന്റ്മേരീസ് സ്‌കൂളിനു സമീപമാണ് മാഞ്ഞൂരാന്‍ വീട്. അഗസ്റ്റിനാണ് കുടുംബനാഥന്‍. ആലുവ മുന്‍സിപ്പല്‍ ഓഫീസിലെ താല്‍ക്കാലിക ഡ്രൈവറായ ആന്റണി അഗസ്റ്റിന്റെ അകന്ന ബന്ധുവായിരുന്നു.

ആന്റണിക്ക് വിദേശത്ത് ഒരു ജോലി തരപ്പെട്ടു. എന്നാല്‍ അതിന് കുറച്ച് പണം അത്യാവശ്യമായി വന്നു. പണം ചോദിക്കാനാണ് സംഭവ ദിവസം ആന്റണി മാഞ്ഞൂരാന്‍ വീട്ടിലെത്തിയത്.

അവിടെ അപ്പോഴുണ്ടായിരുന്നത് അഗസ്റ്റിന്റെ സഹോദരി 42 വയസുള്ള കൊച്ചുറാണിയും അമ്മ 74 വയസുള്ള ക്ലാരമ്മയും ആയിരുന്നു.

ഈ സമയം അഗസ്റ്റിനു ഭാര്യയും രണ്ട് മക്കളും സനിമ കാണാന്‍ പോയിരിക്കുകയായിരുന്നു. കൊച്ചുറാണിയോട് കാശ് ചോദിച്ച ആന്റണി അത് കിട്ടാതെ വന്നപ്പോള്‍ അവരെ വെട്ടിക്കൊന്നു.

ഇതിന് സാക്ഷിയായ ക്ലാരമ്മയേയും കൊലപ്പെടുത്തി. താന്‍ വീട്ടില്‍ വന്ന വിവരം അഗസ്റ്റിന്‍ അറിഞ്ഞിരുന്നതിനാല്‍ തന്നെ പിടിക്കപ്പെടുമെന്ന് ഉറപ്പുണ്ടായിരുന്ന ആന്റണി അഗസ്റ്റിനും കുടുംബവും സനിമ കണ്ട് മടങ്ങിയെത്തും വരെ വീട്ടില്‍ കാത്തിരുന്നു.

പിന്നീട് വീട്ടിലെത്തിയ 47 കാരനായ അഗസ്റ്റിന്‍, അഗസ്റ്റിന്റെ ഭാര്യ 42 കാരിയായ ബേബി, പതിനാലും പന്ത്രണ്ടും വയസുള്ള മക്കള്‍ ജയ്മോനും ദിവ്യയും ആന്റണിയുടെ ക്രൂരതയ്ക്ക് ഇരയായി.

ആറു പേരെ കൊന്ന ശേഷം യാതൊന്നു മറിയാത്ത മട്ടില്‍ മുംബൈക്കും അവിടെ നിന്ന് ദമാമിലേക്കും കൊലയാളി കടന്നു. ഇതാണ് ആന്റണിക്കെതിരെയുള്ള കുറ്റപത്രം.

പിന്നീട് ആന്റണിയാണ് കൊല നടത്തിയതെന്ന നിസംശയം ഉറപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ ഇയാളെ തന്ത്രപൂര്‍വം വിദേശത്ത് നിന്ന് നാട്ടിലെത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.

പിന്നീട് പ്രതി എല്ലാം ഏറ്റു പറഞ്ഞുവെന്നാണ് കേസ്.ലോക്കല്‍ പൊലീസും സിബിഐയും കേസ് അന്വേഷിച്ചു. രണ്ട് അന്വേഷണങ്ങളും ആന്റണിയെന്ന കൊലയാളിക്ക് തൂക്ക് കയര്‍ ഉറപ്പാക്കും വിധത്തില്‍ തന്നെയാണ് അന്വേഷണം നടത്തിയതും കുറ്റപത്രം സമര്‍പ്പിച്ചതും.

അവസാനം ഹൈക്കോടി ആന്റണിക്ക് വധശിക്ഷ വിധിച്ചു. വധശിക്ഷ ഒഴിവാക്കാന്‍ ദയാഹര്‍ജി നല്‍കിയെങ്കിലും രാഷ്ട്രപതി തള്ളി. പിന്നീട് സുപ്രീം കോടതിയാണ് വധശിക്ഷ സ്‌റ്റേ ചെയ്തത്്. ഇപ്പോള്‍ ശിക്ഷ ജീവപര്യന്തമാക്കുകയും ചെയ്തു.

വിചാരണകള്‍ക്കുശേഷം ആന്റണി 12 വര്‍ഷത്തെ ശിക്ഷ ഇതിനകം അനുഭവിച്ചു. വധശിക്ഷ നടപ്പിലാക്കാന്‍ വേണ്ട ക്രമീകരണങ്ങളും പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അധികൃതര്‍ ഒരുക്കി.

പക്ഷെ ഇതിനിടയില്‍ ആന്റണി സുപ്രീം കോടതിയെ സമീപിച്ചു. ഈ വിധി കാക്കുകയായിരുന്നു ജയില്‍ അധികൃതര്‍. ആന്റണിയുടെ വധിക്ഷ കോടതി സ്‌റ്റേ ചെയ്‌തെങ്കിലും ജീവപര്യന്തം തടവ് അനുഭവിക്കണം.

അപ്പോഴും ആലുവ കൂട്ടക്കൊലയും പ്രതി വധശിക്ഷയില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടതും ഒരു സിനിമ കഥപോലെ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here