യുവാവിന്റെ ദുരൂഹമരണം; കാമുകിയായ മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരി കസ്റ്റഡിയില്‍

കൊല്ലം: കൊട്ടാരക്കരയില്‍ മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരിയുടെ ക്വാര്‍ട്ടേഴ്‌സില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജീവനക്കാരി ഉള്‍പ്പടെ മൂന്ന് പേര്‍ കസ്റ്റഡിയില്‍.

കൊട്ടാരക്കര മൈലത്ത് ജെന്‍സ് ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന മലപ്പുറം ആനമങ്ങാട് ചെത്തനാംകുറിശ്ശി ഈങ്ങചാലില്‍ വീട്ടില്‍ മുഹമ്മദാലിയുടെ മകന്‍ മുഹീബ് റഹ്മാന്‍(28) ആണ് മരിച്ചത്.

കൊട്ടാരക്കര സബ് ജയിലിന് സമീപത്തെ കല്ലട ഇറിഗേഷന്‍ വക ക്വാര്‍ട്ടേഴ്‌സിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടെ താമസിച്ചുവന്നിരുന്ന മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാരിയുമായി അടുപ്പത്തിലായിരുന്ന മുഹീബ് റഹ്മാന്‍ ചൊവ്വാഴ്ച രാത്രി 8 മണിയോടെ ക്വാര്‍ട്ടേഴ്‌സില്‍ എത്തിയെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

ഭര്‍ത്താവുമായി അകന്നുകഴിയുന്ന ഈ സ്ത്രീയുമായി ഏറെനാളായി ബന്ധം തുടര്‍ന്നുവരികയാണ്. മുന്‍പ് മകന്‍ ഈ വിഷയം നേരില്‍ കാണുകയും വഴക്കുണ്ടാക്കുകയും ചെയ്തു. അന്ന് മകനെ മര്‍ദ്ദിച്ച ശേഷമായിരുന്നു മുഹീബ് രക്ഷപെട്ടത്.

ഈ വിഷയത്തില്‍ മകന്‍ കൊട്ടാരക്കര പൊലീസിന് പരാതി നല്‍കുകയും നെല്ലിക്കുന്നത്ത് താമസിക്കുന്ന അച്ഛനൊപ്പം താമസത്തിന് പോവുകയുമുണ്ടായി. സ്ത്രീയും 9 വയസ്സുള്ള മകളും മാത്രമാണ് പിന്നീട് ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവന്നത്.

ചൊവ്വാഴ്ച വീട്ടിലെത്തിയ മുഹീബ് മകളുടെ മുന്നില്‍വച്ച് തന്നോട് മര്യാദവിട്ട് പെരുമാറാന്‍ തുടങ്ങിയപ്പോള്‍ താന്‍ എതിര്‍ത്തുവെന്നും മകളെയും കൂട്ടി പെരുംകുളത്തുള്ള കൂട്ടുകാരിയുടെ വീട്ടിലേക്ക് രാത്രി 10 മണിയോടെ പോയെന്നുമാണ് സ്ത്രീ പൊലീസിന് മൊഴി നല്‍കിയത്.

ഇതിന് ശേഷം ക്വാര്‍ട്ടേഴ്‌സില്‍ ഒറ്റയ്ക്കായ മുഹീബ് പലതവണ സ്ത്രീയെ ഫോണ്‍ചെയ്തിരുന്നു. ഇന്നലെ രാവിലെ 7.30ന് സ്ത്രീ ക്വാര്‍ട്ടേഴ്‌സില്‍ തിരികെ എത്തിയപ്പോഴാണ് ഹാളില്‍ മുഹീബിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഉടന്‍ മുഖത്ത് വെള്ളം തളിച്ച് നോക്കി. മരിച്ചുവെന്ന് ഉറപ്പായപ്പോഴാണ് പൊലീസില്‍ അറിയിച്ചത്. കെട്ടിത്തൂങ്ങി ആത്മഹത്യയ്ക്ക് ശ്രമിക്കവെ ഫാനില്‍ കെട്ടിയ ഷീറ്റ് അഴിഞ്ഞ് മുഹീബ് നിലത്ത് വീണതാണെന്നും തലയടിച്ച് വീണതില്‍വച്ചുണ്ടായ മരണമാകുമെന്നുമാണ് സ്ത്രീയുടെ മൊഴിയില്‍ വ്യക്തമാക്കിയത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചെങ്കില്‍ മാത്രമേ മരണ കാരണം വ്യക്തമാവുകയുള്ളു.

മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സ്ത്രീയെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഇവരുടെ മൊഴി പൂര്‍ണ്ണമായും വിശ്വസിക്കാന്‍ കഴിയില്ലെന്നും ഇന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറെ നേരില്‍ക്കണ്ട് കൂടുതല്‍ വിശദാംശങ്ങള്‍ ശേഖരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മൃതദേഹത്തില്‍ മൂക്കില്‍ നിന്നും രക്തം വാര്‍ന്നിരുന്നു. എന്നാല്‍ മറ്റ് മുറിവുകളോ ചതവുകളോ ശരീരത്തില്‍ ഉണ്ടായിരുന്നില്ല.

വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ക്വാര്‍ട്ടേഴ്‌സ് പൊലീസ് സീല്‍ചെയ്തിരിക്കയാണ്. എഴുകോണ്‍ സി.ഐ ടി.ബിനുകുമാര്‍, കൊട്ടാരക്കര എസ്.ഐ സി.കെ.മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here