വനിതാ മതില്‍ സൃഷ്ടിക്കാന്‍ സര്‍ക്കാരിന്റെ പണം ഉപയോഗിക്കില്ല: മുഖ്യമന്ത്രി

വനിതാ മതില്‍ സൃഷ്ടിക്കാനും വനിതകളെ മതിലില്‍ പങ്കെടുപ്പിക്കാനും സര്‍ക്കാര്‍ പണം ഉപയോഗിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേ സമയം സര്‍ക്കാര്‍ ആശയ പ്രചാരണം നടത്തും.

വനിതാ മതില്‍ ഒരു സാമൂഹ്യ മുന്നേറ്റമാണ്. നവോത്ഥാന സംഘടനകള്‍ തന്നെ സ്ത്രീകളെ കൊണ്ടുവരും. വനിതാ മതിലില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സ്ത്രീകളെയും സാമൂഹ്യ സംഘടനകളെയും തടയാന്‍ ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ ഈ നീക്കത്തെ തട്ടിമാറ്റി വലിയ മുന്നേറ്റം ഉണ്ടാവും.

സ്ത്രീ ശാക്തീകരണത്തിന് സര്‍ക്കാര്‍ ഏറെ പ്രാധാന്യം നല്‍കുന്നു. പോലീസില്‍ 15 ശതമാനം വനിതാ നിയമനം നടത്താന്‍ ഉടന്‍ നടപടി സ്വീകരിക്കും. എക്‌സൈസിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കും. ഓരോ വകുപ്പിലും സ്ത്രീകള്‍ക്കായി പ്രത്യേക പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. സമൂഹത്തിലെ ഭൂരിപക്ഷം സ്ത്രീകളും സമത്വം ആഗ്രഹിക്കുന്നുണ്ട്.

വനിതാ മതില്‍ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റേതല്ല. ജാതിമത ഭേദമില്ലാതെ എല്ലാവരെയും സ്വാഗതം ചെയ്യും. ആചാരങ്ങളുടെ പേരില്‍ ഈ മുന്നേറ്റം തടയാനാവില്ല. ആചാരങ്ങള്‍ ലംഘിക്കാനുള്ളതാണെന്നാണ് കേരളത്തിലെ നവോത്ഥാന നായകര്‍ പഠിപ്പിച്ചത്. അത് മറക്കരുത്. ശ്രീ നാരായണ ഗുരു അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തിയത് ഇങ്ങനെയൊരു ആചാര ലംഘനമായിരുന്നു. പാഠ്യപദ്ധതിയില്‍ നവോത്ഥാന മൂല്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് പ്രാമുഖ്യം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പോളിസി അനലിസ്റ്റ് ഡോ. മീരാ വേലായുധന്‍, കേരള ദളിത് ഫെഡറേഷന്‍ നേതാവ് പി. രാമഭദ്രന്‍, ഗായിക പുഷ്പവതി പൊയ്പ്പാടത്ത്, എഴുത്തുകാരന്‍ എസ്. പി. നമ്പൂതിരി, എഴുത്തുകാരിയും അധ്യാപികയുമായ പ്രൊഫ. മീന ടി. പിള്ള, അഭിനേത്രി വിജയകുമാരി, എം. ജി യൂണിവേഴ്‌സിറ്റി മുന്‍ പ്രോ വി. സി ഷീന ഷുക്കൂര്‍ എന്നിവരായിരുന്നു അതിഥികള്‍. വീണ ജോര്‍ജ് എം. എല്‍. എ അവതാരകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here