നാളെ തുടങ്ങുന്ന ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ രോഹിത് ശര്‍മയെ പുറത്താക്കിയതിന് പിന്നാലെ രോഷാകുലരായി ആരാധകര്‍. ആദ്യ ടെസ്റ്റില്‍ ഫീല്‍ഡിംഗിനിടെ പുറത്തിനേറ്റ പരിക്ക് മൂലമാണ് രോഹിതിനെ മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണം.

എന്നാല്‍ മത്സരത്തിനിടയിലോ പരിശീലനത്തിന്റെ സമയത്തോ രോഹിതിന് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നില്ല. ഇതോടെയാണ് പെര്‍ത്ത് ടെസ്റ്റില്‍ നിന്നും രോഹിതിനെ മനപൂര്‍വ്വം ഒഴിവാക്കിയാതാണെന്ന സംശയം ആരാധകര്‍ ഉന്നയിക്കുന്നത്. അഡ്‌ലെയ്ഡില്‍ പിച്ചില്‍ നിലയുറപ്പിച്ച് കളിക്കുന്നതിന് പകരം ആക്രമിച്ച് കളിക്കാനാണ് രോഹിത് ശ്രമിച്ചത്.

എന്നാല്‍ തുടക്കത്തില്‍ കിട്ടിയ ഫോം തുടര്‍ന്നുകൊണ്ട് പോകാന്‍ രോഹിതിന് കഴിഞ്ഞിരുന്നില്ല. പെര്‍ത്തിലെ വേഗമേറിയ പിച്ചില്‍ ക്ഷമയോടെ ബാറ്റ് വീശാന്‍ രോഹിതിന് കഴിയുമോ എന്ന സംശയവും രോഹിതിനെ ഒഴിവാക്കിയതിന് പിന്നിലുണ്ടെന്നാണ് സൂചന.