ദില്ലി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ കേസിലെ പ്രതിയായ നടന്‍ ദിലീപിന് നല്‍കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍.

ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്ന ദിലീപിന്റെ ആരോപണം നടിയെ അപമാനിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും ദൃശ്യങ്ങള്‍ ദിലീപിന് നല്‍കരുതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ദൃശ്യങ്ങള്‍ ദിലീപിന് നല്‍കിയാല്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്.

ദൃശ്യങ്ങളില്‍ എഡിറ്റിംഗ് നടന്നിട്ടുണ്ടെന്നും പകര്‍പ്പ് ലഭിച്ചാല്‍ നിരപരാധിത്വം തെളിയിക്കാന്‍ സാധിക്കുമെന്നുമാണ് പ്രതിയായ ദിലീപിന്റെ വാദം.

ഇരയുടെ സ്വകാര്യതയെ ബാധിക്കുന്നതിനാല്‍ മെമ്മറി കാര്‍ഡ് അടക്കമുളള രേഖകള്‍ പ്രതിക്ക് കൈമാറാന്‍ കഴിയില്ലെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്നാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്.