പാല്‍ക്കാരിയില്‍ നിന്നും തൃശൂരിന്റെ മേയറായി മാറിയ അജിത

അതിരാവിലെ സ്‌കൂട്ടറില്‍ പാലുമായി വരുമ്പോള്‍ തൃശ്ശൂര്‍ക്കാര്‍ പറയും ‘ഗഡിയേ മ്മടെ വീട്ടില്‍ പാല് കൊണ്ടവരണത് മ്മടെ മേയറാട്ടാ’ !

പാല്‍ക്കാരിയില്‍ നിന്നും തൃശൂരിന്റെ മേയറായി മാറിയ അജിതയ്ക്ക് പറയാനുള്ളത് ജീവിതമെന്ന പോരാട്ടത്തിന്റെ കഥയാണ്.സൂര്യോദയത്തിന് മുന്‍പേ തന്റെ ജോലികള്‍ ആരംഭിക്കുന്ന അജിതയ്ക്ക് ക്ഷിണമെന്നൊന്നില്ല. മുന്നേറണമെന്ന വാശി മാത്രം. തൃശൂര്‍ കോര്‍പറേഷന്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ട സിപിഐയിലെ അജിതാ വിജയനാണ് 18 വര്‍ഷമായി കൂര്‍ക്കഞ്ചേരിയിലെ സ്ഥിരം പാല്‍ക്കാരി.

അതിരാവിലെ അഞ്ചു മുതല്‍ തന്റെ സ്‌കൂട്ടറില്‍ 300 ഓളം വീടുകളില്‍ പാല്‍വിതരണം നടത്തും. ഇതിന് ശേഷമാവും ഇനി അജിത ‘മേയറുടെ കുപ്പായമണിയുക’. തങ്ങളിലേക്ക് തന്നെ ഒതുങ്ങിക്കൂടി ജീവിക്കുന്ന എല്ലാ വനിതകള്‍ക്കും പ്രചോദനമാണ് അജിതയുടെ ജീവിതം. കണിമംഗലം വലിയാലുക്കല്‍ തിരുനിലത്ത് വീട്ടില്‍ അജിത ഭര്‍ത്താവ് വിജയനൊപ്പം മില്‍മയുടെ ഏജന്‍സി എടുത്താണ് ഉപജീവനം നടത്തിയിരുന്നത്. 2005ല്‍ ആയിരുന്നു അജിത ആദ്യമായി കൗണ്‍സിലര്‍ ആകുന്നത്.വനിതാ സംവരണ ഡിവിഷനില്‍ അജിതയ്ക്കായിരുന്നു LDF സ്ഥാനാര്‍ഥി.

ആദ്യ തിരഞ്ഞെടുപ്പില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണായി. അന്ന് വീടിനോട് ചേര്‍ന്ന് ഒരു ചായക്കടയുണ്ടായിരുന്നു. പുലര്‍ച്ചെ നാലുമുതല്‍ ചായക്കടയിലെ പാചകക്കാരിയായിട്ടായിരുന്നു അജിതയുടെ ദിനചര്യയുടെ തുടക്കം. അതിരാവിലെ അഞ്ചു മുതല്‍ പാല്‍ക്കാരി. പത്തു മുതല്‍ മൂന്നു വരെ അംഗന്‍വാടി ടീച്ചര്‍. ഡിവിഷന്‍ കാര്യങ്ങള്‍ കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ ഇപ്പോഴും രാത്രി എട്ടു കഴിയും. തിരക്കേറിയപ്പോള്‍ ചായക്കട പൂട്ടേണ്ടിവന്നു. അംഗന്‍വാടി ജീവനക്കാര്‍ക്ക് മത്സരിക്കുന്നതില്‍ വിലക്കുണ്ടായപ്പോള്‍ രണ്ടാംതവണ വിട്ടു നിന്നു.

വിലക്ക് മാറിയപ്പോള്‍ 2015ല്‍ മത്സരിച്ച് വീണ്ടും സ്റ്റാന്‍ഡിങ് കമ്മിറ്റി ചേയര്‍പേഴ്‌സണായി. മേയറായിരുന്ന സിപിഎമ്മിലെ അജിതാ ജയരാജന്‍ ഇടതു മുന്നണിയിലെ ധാരണയനുസരിച്ച് രാജിവച്ച ഒഴിവിലാണ് അജിതാ വിജയന്‍ തിരഞ്ഞെടുക്കപ്പെട്ടത്.

പാല്‍ വിതരണം ചെയ്തുവരുമ്പോള്‍ ആവലാതികളും നിവേദനങ്ങളും അജിതയ്‌ക്കൊപ്പം പാല്‍പ്പെട്ടിയിലുണ്ടാകും. ഗിന്നസ് റെക്കാഡ് നേടിയ തിരുവാതിര ടീമിലെ പ്രധാന അംഗംകൂടിയാണ് ഈ മേയര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News