പാലക്കാട് കുഴല്‍മന്ദത്ത് പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധവുമായി കര്‍ഷകര്‍ രംഗത്ത് വന്നു. പെട്രോളിയം ഉല്പന്നങ്ങള്‍ കൊണ്ടു പോവുന്നതിനുള്ള കൊച്ചി സേലം പൈപ്പ് ലൈന്‍ പദ്ധതി, നെല്‍കൃഷി നശിപ്പിച്ച് നടപ്പിലാക്കുന്നതിനെതിരെയാണ് കര്‍ഷകരുടെ പ്രതിഷേധം.

വിളവെടുപ്പ് കഴിയുന്നത് വരെ താത്ക്കാലികമായെങ്കിലും നിര്‍മാണ പ്രവ്യത്തികള്‍ നിര്‍ത്തി വെക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

കുഴല്‍മന്ദത്ത് കൃഷി നശിപ്പിച്ച് പൈപ്പിടാനുള്ള ശ്രമം കര്‍ഷകര്‍ തടഞ്ഞതിനെ തുടര്‍ന്ന് കര്‍ഷകരും കമ്പനി അധികൃതരുമായി പൊലീസ് നടത്തിയ ചര്‍ച്ചയില്‍ വിളകള്‍ക്ക് നഷ്ടപരിഹാരം നല്‍കാമെന്ന് കമ്പനി അധികൃതര്‍ ഉറപ്പ് നല്‍കി.

തിങ്കളാഴ്ച വരെ നിര്‍മ്മാണ പ്രവൃത്തികള്‍ താത്ക്കാലികമായി നിര്‍ത്തി വെച്ചിട്ടുണ്ട്..2000ലാണ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി പദ്ധതിയ്ക്കായി കൊച്ചി മുതല്‍ സേലം വരെ 18 മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുത്തത്.

ആദ്യപൈപ്പ് ലൈന്‍ സ്ഥാപിച്ചിട്ട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് രണ്ടാമത്തെ പൈപ്പ് ലൈന്‍ നിര്‍മാണ പ്രവൃത്തി ആരംഭിച്ചത്.