മധ്യവയസ്കന്‍ തീ കൊളുത്തി മരിച്ച സംഭവം : ആത്മഹത്യ എന്ന് പോലീസ്; ശബരിമല സമരവുമായി സംഭവത്തിന് ബന്ധമില്ല

സെക്രട്ടേറിയേറ്റിന് മുന്നില്‍ ഇന്ന് വെളുപ്പിന് തീകൊളുത്തിയതിനെ തുടര്‍ന്ന് ചികില്‍സയിലിരിക്കെ മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ മരണമടഞ്ഞ സംഭവം ആത്മഹത്യയാണെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

ശബരിമല പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഒരു സംഘടന നടത്തുന്ന സമരവുമായി ഈ സംഭവത്തിന് ബന്ധമില്ല.

വ്യാഴാഴ്ച വെളുപ്പിന് 01.30 മണിയോട് കൂടിയാണ് മുട്ടട അഞ്ചുമുക്ക് ആനൂര്‍ വീട്ടില്‍ ശിവന്‍നായരുടെ മകന്‍ വേണുഗോപാലന്‍ നായര്‍ (49) ശരീരത്തില്‍ തീ കൊളുത്തിയത്.

സ്ഥലത്തുണ്ടായിരുന്ന പേട്ട പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്പെക്ടര്‍ പ്രതാപചന്ദ്രന്‍.ആര്‍.കെ യും സംഘവും ചേര്‍ന്ന് തീ കെടുത്തുകയും പൊളളലേറ്റയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

പ്ലംബിംഗ് ഇലക്ട്രിക് ജോലികള്‍ക്ക് സഹായിയായി പോകുന്ന ഇയാള്‍ക്ക് പ്രത്യേക രാഷ്ട്രീയ ബന്ധങ്ങളില്ല. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് (II) ആശുപത്രിയില്‍ എത്തി ഇയാളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

ജീവിത നൈരാശ്യം മൂലവും തുടര്‍ന്ന് ജീവിക്കുവാന്‍ ആഗ്രഹം ഇല്ലാത്തതുകൊണ്ടുമാണ് കൃത്യം ചെയ്തതെന്നും മരണ വെപ്രാളത്തില്‍ സമരപന്തലിന് സമീപത്തേക്ക് ഓടിയതാണെന്നും ഇയാള്‍ മജിസ്ട്രേറ്റിന് മൊഴി നല്‍കിയിട്ടുണ്ട്.

മൃതശരീരം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോലീസിന്‍റെ ശാസ്ത്രീയ അന്വേഷണ സംഘം, ഫോറന്‍സിക് വിഭാഗം, ഫിംഗര്‍ പ്രിന്‍റ് വിദഗ്ദ്ധര്‍, ഡോഗ് സ്ക്വാഡ് എന്നിവര്‍ സംഭവസ്ഥലത്തെത്തി തെളിവെടുത്തു.

ഇക്കാര്യത്തില്‍ കന്‍റോണ്‍മെന്‍റ് പോലീസ് സ്റ്റേഷനില്‍ 1561/2018 നമ്പരായി U/ട 309 IPC പ്രകാരം കേസ്സ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News