റഫേല്‍ കേസില്‍ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി; കേന്ദ്രസര്‍ക്കാറിന് ആശ്വാസം; വിധി ദൗര്‍ഭാഗ്യകരമാണെന്നും കുടുതല്‍ നിയമ നടപടികളുമായി മുന്നോട്ട് പോവുമെന്നും ഹര്‍ജിക്കാരനായ പ്രശാന്ത് ഭൂഷണ്‍

റാഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറിലെ അഴിമതിയെ കുറിച്ച് അന്വേഷിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി.

ദേശീയ സുരക്ഷാ വിഷയങ്ങളില്‍ സുപ്രീംകോടതിയുടെ നിരീക്ഷണം ആവശ്യമില്ലെന്നും വില സംബന്ധിച്ച വിഷയങ്ങളുടെ വിശദാംശങ്ങളിലേക്ക് കോടതി കടക്കുന്നില്ലെന്നും മൂന്നംഗ ബെഞ്ചിന്റെ വിധി പ്രസ്താവം.

അതേസമയം വിധി ദൗര്‍ഭാഗ്യകരമാണെന്നും കുടുതല്‍ നിയമ നടപടികളുമായി മുന്നോട്ട് പോവുമെന്നും ഹര്‍ജിക്കാരനായ പ്രശാന്ത് ഭൂഷണ്‍.

126 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനായി യുപിഎ സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ മോദി സര്‍ക്കാര്‍ 36 എണ്ണം ആക്കി കുറച്ചതിന്റെ യുക്തി എന്താണെന്ന് കോടതിയ്ക്കറിയില്ല.

അതുകൊണ്ട് 126 യുദ്ധ വിമാനങ്ങള്‍ വാങ്ങണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കാന്‍ സുപ്രീംകോടതിയ്ക്ക് ആകില്ല ഇങ്ങനെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിധി ന്യായം.

ഇന്ത്യക്ക് യുദ്ധ വിമാനങ്ങള്‍ ആവശ്യമാണെന്ന്് മുതിര്‍ന്ന വ്യോമസേന ഉദ്യോഗസ്ഥര്‍ തന്നെ കോടതിയെ അറിയിച്ചിരുന്നു അതുകൊണ്ട് തന്നെ ഈ കാര്യത്തില്‍ വിട്ട് വീഴ്ച സാധ്യമല്ലെന്ന് കോടതി നിരീക്ഷിച്ചു.

വില സംബന്ധിച്ച വിഷയങ്ങളുടെ വിശദാംശങ്ങളിലേക്ക് കോടതി കടക്കുന്നില്ലെന്നും റാഫേല്‍ വിമാനങ്ങളുടെ ഗുണനിലവാരത്തില്‍ കോടതിയ്ക്ക് സംശയമില്ലെന്നും കോടതി വിധി പ്രസ്ഥാവത്തില്‍ വ്യക്തമാക്കി.

വിമാനങ്ങളുടെ വില ആയി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കേണ്ടത് കോടതിയുടെ ജോലിയല്ലെന്ന് നിരീക്ഷിച്ച കോടതി എല്ലാ ഹര്‍ജികളും തള്ളി.

അഭിഭാഷകരായ മനോഹര്‍ ലാല്‍ ശര്‍മ്മ, പ്രശാന്ത് ഭൂഷണ്‍, വിനീത് ദണ്ഡെ, എന്നിവര്‍ക്കൊപ്പം ആംആദ്മി എംപി സജ്ഞയ് സിംഗ്, മുന്‍ ബിജെപി മന്ത്രി യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.

മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ അഭിമുഖത്തിന് ശേഷം ഉരു തിരിഞ്ഞ ഒരാശയത്തിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജികള്‍ ഫയല്‍ ചെയ്തിരിക്കുന്നത്.

ഒരു വാര്‍ത്ത സമ്മേളനത്തിന്റെ അടിസ്ഥാനത്തില്‍ ഇടപാടിനെ കുറിച്ച് ഒരു ജുഡീഷ്യല്‍ പരിശോധന സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

അതേസമയം റാഫേല്‍ കേസിലെ സുപ്രീംകോടതി വിധി തെറ്റാണെന്നും നടപടി ക്രമങ്ങളില്‍ വീഴ്ച പറ്റിയിട്ടുണ്ടെന്നും ഹര്‍ജിക്കാരനായ പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി.

റാഫേല്‍ കരാറിലെ അഴിമതിയെ കുറിച്ചുള്ള പ്രചാരണം നിര്‍ത്തില്ലെന്നും കുടുതല്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും പ്രശാന്ത് ഭൂഷണ്‍ കൂട്ടിചേര്‍ത്തു.

ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ്, ജസ്റ്റിസ് സജ്ഞയ് കിഷന്‍ കൗള്‍,ജസ്റ്റിസ് കെ എം ജോസഫ് എന്നിവര്‍ ഒറ്റ വിധി പ്രസ്ഥാവമാണ് നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News