വനിതാ മതിലിന് എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി

കൊച്ചി:  വനിതാ മതിലില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ആരെയും നിര്‍ബന്ധിക്കുന്നില്ല. സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണിതെന്നും ഹൈക്കോടതിയുടെ നിരീക്ഷണം.

വനിതാ മതിലിനെതിരെയുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. അതേസമയം വനിതാ മതിലില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച ഉത്തരവിന് നിര്‍ബന്ധിത സ്വഭാവമില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ജനുവരി ഒന്നിലെ വനിതാ മതിലില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കണമെന്ന ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ചോദ്യം ചെയ്യുന്ന പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. സര്‍ക്കാര്‍ പണം ചെലവഴിച്ചാണ് വനിതാ മതില്‍ സൃഷ്ടിക്കുന്നതെന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചു.

സര്‍ക്കാര്‍ ജീവനക്കാരായ വനിതകള്‍ പങ്കെടുക്കണമെന്ന ഉത്തരവിന് നിര്‍ബന്ധിത സ്വഭാവമുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ ഉത്തരവിന് നിര്‍ബന്ധിത സ്വഭാവമുണ്ടെന്ന് തോന്നുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.

വനിതാ മതില്‍ സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണ്. വിവിധ വകുപ്പുകളിലുള്ളവര്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും കോടതി വാക്കാല്‍ ചൂണ്ടിക്കാട്ടി.

എങ്കിലും വനിതാ മതിലിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. താല്പര്യമില്ലാത്തവര്‍ വനിതാ മതിലില്‍ പങ്കെടുക്കേണ്ടതുണ്ടോ എന്ന് വ്യക്തമാക്കണം.

പങ്കെടുത്തില്ലെങ്കില്‍ അവര്‍ക്കെതിരെ നടപടി ഉണ്ടാകുമോ എന്ന് വിശദീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. അതേസമയം വനിതാ മതില്‍ സംബന്ധിച്ച ചീഫ് സെക്രട്ടറിയുടെ ഉത്തരവ് നിര്‍ബന്ധിത സ്വഭാവമുള്ളതല്ലെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചു. മലയാള വേദി എന്ന സംഘടനയാണ് വനിതാമതിലിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി അടുത്ത വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News