ഇഷാന്തിന്‍റെ ഒരോവറിലെ ആറ് പന്തും നോ ബോള്‍; അഡലെയ്ഡിലെ ഇന്ത്യന്‍ ജയം ചോദ്യം ചെയ്യപ്പെടുന്നു

അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരായ ഇന്ത്യന്‍ ജയത്തെ ചോദ്യം ചെയ്ത് മത്സരത്തിന്‍റെ ഔദ്യോഗിക സംപ്രേഷകരായ ഫോക്‌സ് സ്‌പോര്‍ട്‌സ്.

ടെസ്റ്റിന്‍റെ ഒന്നാമിന്നിങ്‌സില്‍ മാത്രം ഇഷാന്ത് 16 നോ ബോളുകള്‍ എറിഞ്ഞതും ഇതില്‍ അഞ്ചെണ്ണം മാത്രമാണ് അമ്പയര്‍മാര്‍ നോ ബോള്‍ വിളിച്ചതെന്നും ഫോക്‌സ് സ്‌പോര്‍ട്‌സ് വാദിക്കുന്നു.

ഇഷാന്തിന്‍റെ ഒരോവറിലെ ആറു പന്തും ഫ്രണ്ട് ഫൂട്ട് നോ ബോള്‍ ആണെന്നാണ് ഫോക്‌സ് പോര്‍ട്‌സിന്‍റെ കണ്ടെത്തല്‍. എന്നാല്‍ ഇതില്‍ ഒന്നുപോലും ഓണ്‍ഫീല്‍ഡ് അമ്പയര്‍ നോ ബോള്‍ വിളിച്ചില്ല.

ഇഷാന്തിന്‍റെ ബൗളിങ്‌ വീഡിയോ വിശദമായി പരിശോധിച്ച ശേഷമാണ് ഫോക്‌സ് സ്‌പോര്‍ട്‌സ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ആദ്യ ടെസ്റ്റില്‍ 31 റണ്‍സിനായിരുന്നു ഇന്ത്യ ഓസ്ട്രേലിയയെ തോല്‍പ്പിച്ചത്.

ഇഷാന്ത് ശര്‍മ്മയുടെ നോ ബോളുകള്‍ അമ്പയര്‍മാര്‍ കണ്ടില്ലെന്ന് നടിച്ചതായി ഡെയ്‌ലി ടെലഗ്രാഫ് അടക്കമുള്ള ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളും ആരോപിച്ചിരുന്നു.

നോ ബോളുകള്‍ എറിയുന്നത് ഇഷാന്തിന്‍റെ പതിവാണെന്നും അലസമായി നിന്ന ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ ഓസ്‌ട്രേലിയക്ക് ലഭിക്കേണ്ട റണ്‍സുകള്‍ ഇല്ലാതാക്കിയതെന്നും ഓസീസിന്‍റെ മുന്‍ പേസ് ബൗളര്‍ ഡാമിയന്‍ ഫ്‌ളെമിങ്ങ് ആരോപിച്ചിരുന്നു.

ടെസ്റ്റിന്‍റെ കമന്‍ററിക്കിടെ മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങും ഇതേ ആരോപണം ഉന്നയിച്ചിരുന്നു.

എന്നാല്‍ തോല്‍വി അംഗീകരിക്കണമെന്നും ആരോപണങ്ങള്‍ ഉയര്‍ത്തുകയല്ല വേണ്ടതെന്നുമായിരുന്നു ഇതിന് ഇന്ത്യന്‍ ആരാധകരുടെ മറുപടി.

ആദ്യ ടെസ്റ്റ് വിജയത്തിന് ശേഷം നോ ബോളുകള്‍ എറിയുന്ന ശീലം മാറ്റാന്‍ നെറ്റ്‌സില്‍ കഠിന പരിശീലനം നടത്തിയ ഇഷാന്തിന് അതിന്‍റെ ഫലവും കിട്ടിയിരുന്നു.

123 പന്തുകളെറിഞ്ഞ ഇഷാന്ത് ഒരു നോ ബോള്‍ മാത്രമാണ് എറിഞ്ഞത്. ഹാന്‍ഡ്സ്കോമ്പും ട്രാവിസ് ഹെഡുമടക്കം നാല് പേരുടെ വിക്കറ്റുകളും ഇഷാന്ത് വീഴ്ത്തുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here