സുപ്രീംകോടതിയെ കേന്ദ്രം തെറ്റിധരിപ്പിച്ചു; റഫേല്‍ വിഷയത്തിലെ സിഎജി റിപ്പോര്‍ട്ട് പിഎസിയ്ക്ക് മുന്നില്‍ എത്തിയിട്ടില്ലെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

റഫേല്‍ യുദ്ധ വിമാന കരാറുമായി ബന്ധപ്പെട്ട ഇടപാടിന്റെ സിഎജി റിപ്പോര്‍ട്ട് പിഎസിയ്ക്ക് മുന്നില്‍ എത്തിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ.

തെളിവുകളുടെ അടിസ്ഥാനത്തില്‍ മുന്നോട്ട് പോകുന്ന സുപ്രീംകോടതിയെ കേന്ദ്രസര്‍ക്കാര്‍ തെറ്റുദ്ധരിപ്പിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

സുപ്രീംകോടതിയില്‍ അടിയന്തരമായി പുനപരിശോധന ഹര്‍ജി ഫയല്‍ ചെയ്യുമെന്ന് ഹര്‍ജിക്കാര്‍ വ്യക്തമാക്കി. അതേസമയം കോണ്‍ഗ്രസിനെ പിന്തുണച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തിയിട്ടുണ്ട്.

ഇടപാടിന്റെ വിലവിവരം കേന്ദ്ര സര്‍ക്കാര്‍ സിഎജിയുമായി പങ്കുവച്ചിട്ടുണ്ടെന്നും സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിച്ചിട്ടുണ്ടെന്നുമാണ് വിധിന്യായത്തിന്റെ 25-ാം ഖണ്ഡികയില്‍ പറയുന്നത്.

എന്നാല്‍, റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് സിഎജിയുടേതായി ഒരു റിപ്പോര്‍ട്ടും ഇതുവരെ പാര്‍ലമെന്റുമുമ്പാകെ വച്ചിട്ടില്ല. പാര്‍ലമെന്റില്‍ അവതരിപ്പിച്ചശേഷമാണ് സിഎജി റിപ്പോര്‍ട്ട് വിശദപരിശോധനയ്ക്കായി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിമുമ്പാകെ എത്തുക.

റിപ്പോര്‍ട്ട് ഇതുവരെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിമുമ്പാകെ എത്തിയിട്ടില്ലെന്ന് പിഎസിയുടെ അദ്ധ്യക്ഷനായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തന്നെയാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഈ വിഷയം അന്വേഷിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതി വേണമെന്നാവശ്യം കോണ്‍ഗ്രസ് ശക്തമാക്കിയിട്ടുണ്ട്.
സിഎജി റിപ്പോര്‍ട്ട് പിഎസിയ്ക്ക് മുമ്പില്‍ വന്നിലെങ്കില്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ സുപ്രീംകോടതിയില്‍ സത്യാവാങ്മൂലമോ പുനപരിശോധന ഹര്‍ജിയോ സമര്‍പ്പിക്കണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടു.

അനില്‍ അംബാനിയുടെ റിലയന്‍സിനെയും മുകേഷ് അംബാനിയുടെ റിലയന്‍സിനെയും ഒരേ കമ്പനിയായാണ് വിധി ന്യായത്തിലെ 32-ാം ഖണ്ഡികയില്‍ നിരീക്ഷിച്ചിരിക്കുന്നത്.

എന്നാല്‍ 2015 ഏപ്രിലില്‍ റഫേലുമായി മോദി കരാര്‍ ഒപ്പിട്ടതിനു പിന്നാലെയാണ് റിലയന്‍സ് എയ്റോസ്ട്രക്ചര്‍ എന്ന കമ്പനി അനില്‍ അംബാനി രൂപപ്പെടുത്തിയെടുത്തത്.

2012ല്‍ ദസോള്‍ട്ട് ഏവിയേഷന്‍ ചര്‍ച്ചകള്‍ നടത്തിയത് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡ്സ്ട്രീസുമായിട്ടാണ്. മാതൃകമ്പനിയായ റിലയന്‍സുമായി 2012 മുതല്‍ റഫേല്‍ വിമാന നിര്‍മാതാക്കളായ ദസോള്‍ട്ട് ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടുവരുന്നതായി പത്രക്കുറിപ്പില്‍നിന്ന് ബോധ്യപ്പെടുന്നുണ്ടെന്നാണ് വിധിന്യായത്തിലെ പരാമര്‍ശം. ഇങ്ങനെയുള്ള പിഴവുകളാണ് ഹര്ജിക്കാര്‍ ചൂണ്ടികാട്ടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News