ചെന്നൈ: തൂത്തുക്കുടിയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്റ്റെര്‍ലൈറ്റ് വേദാന്ത പ്ലാന്റ് തുറന്ന് പ്രവര്‍ത്തിക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അനുമതി. സംസ്ഥാന
സര്‍ക്കാരിന്റെ പ്ലാന്റ് സ്ഥിരമായി അടച്ചിടാനുള്ള ഉത്തരവ് ആണ്  റദ്ദാക്കിയത്.

അമിതമായ പരിസ്ഥതി മലിനീകരണം പരത്തുന്നു എന്ന പേരില്‍ തൂത്തുക്കുടിയില്‍ നടന്ന പ്രക്ഷോഭത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്ലാന്റ് അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്.

കടുത്ത മലിനീകരണവും ആരോഗ്യപ്രശ്‌നങ്ങളും കാരണം പൊറുതിമുട്ടിയ പ്രദേശവാസികള്‍ ആണ് പ്ലാന്റിനെതിരെ സമരവുമായി രംഗത്തെത്തിയത്. ഇവര്‍ക്കെതിരെ പൊലീസ് നടത്തിയ വെടിവയ്പ്പില്‍ ആണ് 13 പേര്‍ കൊല്ലപ്പെട്ടത്.

നിരവധി കാര്യങ്ങളില്‍ പല വീഴ്ചകളും വ്യക്തയില്ലായ്മയും ഉണ്ടായിട്ടും ഹരിത ട്രൈബ്യൂണല്‍ പ്ലാന്റ് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. അപകടരമായ വസ്തുക്കള്‍ ഉപയോഗിക്കുന്നതിന് അനുമതി നല്‍കാനും തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് ആവശ്യപ്പെട്ടു.

ഈ കാര്യത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെമ്പ് അപകടകരമായ ഒരു വസ്തുവല്ലന്നും കൂട്ടിചേര്‍ത്തു. പ്ലാന്റില്‍ ചോര്‍ച്ച ഉണ്ടെങ്കില്‍ അത് തടയാന്‍ കഴിയുമോ എന്ന് ബോര്‍ഡ് അന്വേഷച്ചില്ലായെന്നും എന്‍ജിറ്റി കുറ്റപ്പെടുത്തി.

അതേസമയം വേദാന്തയോട് അവര്‍ക്ക് പറ്റിയ പരാജയങ്ങളുടെ അടിസ്ഥാനത്തില്‍ 2.5 കോടി രൂപ നഷ്ടപരിഹാരമായി നല്‍കാനും ഉത്തരവിട്ടു. പ്ലാന്റ് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് വേണ്ടി 3 വര്‍ഷ സമയത്തിനുള്ളില്‍ 100 കോടി ചിലവാക്കാനും കോടതി പറഞ്ഞു. പ്ലാന്റിന്റെ വൈദ്യുതി പുനസ്ഥാപിക്കാനും ഈ കാശ് ഉപയോഗിക്കാന്‍ സാധിക്കും.