ബേബി പൗഡറില്‍ ആസ്ബസ്റ്റോസ്; ക്യാന്‍സറിനിടയാക്കുമെന്ന് പഠനം; റിപ്പോര്‍ട്ട് പൂഴ്ത്തിയതായി റോയിട്ടേഴ്‌സ്

ബേബി പൗഡറില്‍ ക്യാന്‍സറിന് കാരണമാകുന്ന ആസ്ബസ്റ്റോസിന്റെ സാന്നിധ്യമുണ്ടെന്ന വസ്തുത പ്രമുഖ നിര്‍മാതാക്കളായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വര്‍ഷങ്ങളോളം രഹസ്യമാക്കി വെച്ചെന്ന് റോയിട്ടേഴ്‌സിന്റെ പഠന റിപ്പോര്‍ട്ട്.

1971 മുതല്‍ 2000 വരെയുള്ള കമ്പനിയുടെ രഹസ്യരേഖകളും പഠന റിപ്പോര്‍ട്ടുകളും പരിശോധന ഫലങ്ങളും തെളിവുകളും വിലയിരുത്തിയശേഷമാണ്
റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

കാന്‍സര്‍ ബാധിച്ച ഉപഭോക്താക്കളുടെ പരാതികളില്‍ ഏതാനും വര്‍ഷങ്ങളായി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ നിയമക്കുരുക്കിലാണ്. പൗഡറില്‍ ക്യാന്‍സറിന് കാരണമാവുന്ന ഘടകം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധി സ്ത്രീകള്‍ കമ്പനിക്കെതിരെ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് കമ്പനിക്കെതിരെ കോടതി വിധിയും വന്നിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം നടത്തിയതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

നൂറ്റാണ്ടിലേറെയായി ബേബി പൗഡര്‍ വിപണിയില്‍ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള കമ്പനിയാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍. കമ്പനിയുടെ ടാല്‍ക്ക്, ഫിനിഷ്ഡ് പൗഡറുകളില്‍ ആസ്ബസ്റ്റോസ് ചെറിയ തോതില്‍ അടങ്ങിയിട്ടുണ്ടെന്ന് നേരത്തെ കണ്ടെത്തിയെന്നുവെന്നും എന്നാല്‍ ഇതു രഹസ്യമാക്കിവെച്ചെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഏത് അളവില്‍ ശരീരത്തിലെത്തിയാലും മാരക പ്രത്യാഘാതമുണ്ടാക്കുന്ന രാസവസ്തുവാണ് ആസ്ബസ്റ്റോസ്. കമ്പനി ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും ഡോക്ടര്‍മാരും ഇതറിഞ്ഞിരുന്നെങ്കിലും പൊതുജനങ്ങളില്‍നിന്നും സര്‍ക്കാര്‍ നിയന്ത്രണ ഏജന്‍സികളില്‍നിന്നും ഇതു മറച്ചുവെയ്ക്കുകയായിരുന്നു എന്നും തെളിഞ്ഞിട്ടുണ്ട്.

കമ്പനിക്കെതിരെയുള്ള പരിശോധന ഫലങ്ങള്‍ തിരുത്തി പ്രസിദ്ധീകരിച്ചതായും കണ്ടെത്തിയിട്ടുണ്ട്. കമ്പനിക്ക് അനുകൂലമായ പഠനങ്ങള്‍ നടത്താനും റിപ്പോര്‍ട്ടുകളെഴുതാനും പണം മുടക്കിയതായും യു എസ് ഏജന്‍സികളെ സ്വാധീനിച്ചതായും റോയിട്ടേഴ്‌സ്ചൂണ്ടിക്കാട്ടുന്നു.

അതേസമയം കമ്പനിയുടെ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട് യാതൊരു വിധത്തിലമുള്ള സുരക്ഷാ പ്രശ്‌നങ്ങളുമില്ലെന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വക്താവ് പ്രതികരിച്ചു. നൂതനമായ പരിശോധനകള്‍ നടത്തി സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയതിനു ശേഷമാണ് ബേബി പൗഡര്‍ വിപണിയിലെത്തുന്നത്. കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും കമ്പനി വക്താക്കള്‍ അറിയിച്ചു.

അതേസയമം റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജോണ്‍സണ്‍ ആന്‍ഡ ജോണ്‍സണിന്റെ ഓഹരി വിപണിയില്‍ പത്ത് ശതമാനത്തിലേറെ ഇടിവുണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here