ഛത്തീസ്ഗഢില്‍ ഭൂപേഷ് ഭാഗല്‍ മുഖ്യമന്ത്രിയാകും.  സത്യപ്രതിജ്ഞ നാളെയുണ്ടാകും. ഹൈക്കമാന്റ് താല്‍പര്യ പ്രകാരം താമ്രധ്വജ് സാഹുവിനെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം മറ്റ് നേതാക്കള്‍ എതിര്‍ത്തതോടെ  ഭൂപേഷ് ഭാഗലിന് നറുക്കു വീ‍ഴുകയായിരുന്നു.

റായ്പൂരില്‍ നടന്ന നിയമസഭ കക്ഷിയോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം.  താമ്രധ്വജ് സാഹുവിനെ മുഖ്യമന്ത്രിയാക്കണമെന്ന ഹൈക്കമാന്റ് താല്‍പര്യത്തെ  വെല്ലുവിളിച്ചാണ് ബാഗേല്‍ മുഖ്യമന്ത്രി പദം നേടിയെടുത്തത്.
മുഖ്യമന്ത്രി പദവി ആഗ്രഹിച്ച മറ്റൊരു നേതാവായ ടിഎസ് സിംഗ്‌ദേവാണ് സാഹുവിനെ മുഖ്യമന്ത്രിയാക്കാതിരിക്കാന്‍ ബാഗേലിന്റെ പേര് നിര്‍ദേശിച്ചത്. ബാഗേല്‍ സര്‍ക്കാര്‍ നാളെ  സത്യപ്രതിജ്ഞ ചെയ്യും
ചത്തീസ്ഗഡില്‍ മുഖ്യമന്ത്രി തീരുമാനം എളുപ്പമാകുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതീക്ഷ.  എന്നാല്‍ പലകുറി ചര്‍ച്ചകള്‍ നടത്തിയാണ് മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസിനായത്. റായ്പൂരില്‍ നടന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗമാണ് മുഖ്യമന്ത്രിയായി ഭൂപേഷ് ബാഗേലിനെ തെരഞ്ഞെടുത്തത്.
പദവിക്കായി രംഗത്തുണ്ടായിരുന്ന ടിഎസ് സിഗ്‌ദേവ്, താമ്രധ്വജ് സാഹു എന്നിവരെ മറികടന്നാണ് ബാഗേല്‍ മുഖ്യമന്ത്രിസ്ഥാനം നേടിയെടുത്തത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ താമ്രധ്വജ് സാഹുവിനെ മുഖ്യമന്ത്രിയാക്കാനായിരുന്നു ഏകദേശ ധാരണ.
ഹൈക്കമാന്റ് താല്‍പര്യവും അതായിരുന്നു.എന്നാല്‍ ഈ നീക്കത്തെ എംഎല്‍എമാരുടെ പിന്തുണ കൊണ്ട് ബാഗേല്‍ വെല്ലുവിളിച്ചു. സാഹുവിന് മുഖ്യമന്ത്രി പദവി ലഭിക്കാതിരിക്കാന്‍ ടിഎസ് സിംഗ്‌ദേവും ബാഗേലിനെ പിന്തുണച്ചു.
തുടര്‍ന്നായിരുന്നു ഹൈക്കമാന്റ് ബാഗേലിന് വഴങ്ങിയത്. മുന്‍പ്പ്രതിപക്ഷനേതാവായിരുന്നെങ്കിലും ഇതാദ്യമായാണ് ബാഗേല്‍ മുഖ്യമന്ത്രിയാകുന്നത്. 2013 ലെ മാവോയിസ്റ്റ് ആക്രമത്തില്‍ പൂര്‍ണമായും തകര്‍ന്ന പാര്‍ട്ടിയെ നിയമസഭാ തെരഞ്ഞെടുപ്പോടെ പഴയ പ്രതാപത്തിലെത്തിക്കാന്‍ പിസിസി അധ്യക്ഷനായ ബാഗേലിന് സാധിച്ചു.
അതേസമയം സെക്‌സ് സിഡി വിവാദത്തില്‍ ഇദ്ദേഹം മുന്‍പ് അറസ്റ്റിലായിരുന്നു. വരും ദിവസങ്ങളില്‍  ബാഗേലിനെതിരെ ബിജെപി ഈ ആരോപണം വീണ്ടും ഉന്നയിച്ചേക്കും.  നാളെ വൈകുന്നേരം 4.30 നാണ് പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ.രാഹുല്‍ ഗാന്ധി, സോണിയഗാന്ധിയുള്‍പ്പെടെയുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും.