മികച്ച ചികിത്സാലയത്തിനുള്ള ദേശീയ സംസ്ഥാന പുരസ്‌ക്കാരങ്ങള്‍ വാരികൂട്ടിയ പുനലൂര്‍ താലൂക്ക് ആശുപത്രിയാണ് ജനകീയ ചികിത്സയുമായി രംഗത്ത്. ഡര്‍മറ്റോളജി വിഭാഗം ഡോക്ടര്‍ അഞ്ജു.എസ്.നായരുടെ നേതൃത്വത്തിലാണ് കഷണ്ടിക്കുള്ള ചികിത്സ ഒരുക്കുന്നത്.

പ്ലേറ്റ്‌ലറ്റ് റിച്ച് പ്ലാസ്മാ അഡ്മിനിസ്‌ട്രേഷന്‍ ചികിത്സയാണിത്. 40 വയസ്സില്‍ താഴെ പ്രായമുള്ള യുവതിയുവാക്കളില്‍ കഷണ്ടിയുടെ ലക്ഷണം കാണുമ്പോള്‍ തന്നെ പി.ആര്‍.പി ചികിത്സ തുടങ്ങണം കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 25 പേര്‍ക്ക് നല്‍കിയ ചികിത്സ വിജയം കണ്ടു.

കഷണ്ടിക്ക് ചികിത്സ തേടുന്നവരുടെ രക്തത്തില്‍ നിന്നു തന്നെ പ്ലാസ്മ വേര്‍തിരിച്ചെടുത്ത് തലയൊട്ടിയിലെ തൊലി ഭാഗത്ത് കുത്തിവയ്ക്കുന്നതാണ് പി.ആര്‍.പി.അഡ്മിനിസ്‌ട്രേഷന്‍ ചികിത്സ.

മുടി വളരാന്‍ സഹായിക്കുന്ന എല്‍.ജി, പി.ഇ.ജി.എഫ്, ഐ.ജി.എഫ് ഘടകങളെ ഉത്തേജിപ്പിക്കുകയും മുടിവളര്‍ച്ചയുടെ ആക്കം കുട്ടുകയും ചെയ്യുന്നതാണ് ചികിത്സയുടെ പ്രത്യേകത.

സ്വകാര്യ ആശുപത്രികളില്‍ പതിനായിരം രൂപയ്ക്ക് മുകളില്‍ ചികിത്സാ ചിലവ് വരുന്ന പി.ആര്‍.പിക്ക് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ നാമം മാത്രമായ തുകയാണ് ഈടാക്കുന്നത്.