റഫേല്‍: കേന്ദ്രത്തിന്‍റെ ‘ക്ലീന്‍ ചിറ്റ്’ വാദം പൊളിയുന്നു; വിധിയില്‍ പിശകുകളുണ്ടെന്ന് പ്രതിരോധ മന്ത്രാലയത്തിന്‍റെ സത്യവാങ്മൂലം

ന്യൂഡൽഹി: റഫേൽ ഇടപാടിൽ സുപ്രീംകോടതി ‘ക്ലീൻചിറ്റ‌്’ നൽകിയെന്ന കേന്ദ്രസർക്കാർ അവകാശവാദം പൊളിയുന്നു.

പ്രതിരോധമന്ത്രാലയം സുപ്രീംകോടതിയിൽ സമർപ്പിച്ച പുതിയ സത്യവാങ‌്മൂലത്തിലെ വെളിപ്പെടുത്തലുകളാണ‌് കേന്ദ്രത്തെ വീണ്ടും പ്രതിക്കൂട്ടിലാക്കുന്നത‌്.

കോടതി മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളിയ സുപ്രീംകോടതി വിധിന്യായത്തിലെ പിഴവുകൾ തിരുത്തണമെന്ന‌് ആവശ്യപ്പെട്ട‌് പ്രതിരോധമന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി സുശീൽകുമാറാണ‌് പുതിയ സത്യവാങ്ങ‌്മൂലം സമർപ്പിച്ചത‌്‌.

റഫേൽ ഇടപാടുമായി ബന്ധപ്പെട്ട‌് സിഎജി റിപ്പോർട്ട‌് തയ്യാറാക്കിയിട്ടില്ല, സിഎജി റിപ്പോർട്ട‌് പബ്ലിക്ക‌് അക്കൗണ്ട‌്സ‌് കമ്മിറ്റി (പിഎസി) പരിശോധിച്ചിട്ടില്ല, റിപ്പോർട്ട‌് ഇതുവരെ പാർലമെന്റിൽ സമർപ്പിച്ചിട്ടില്ല, റിപ്പോർട്ട‌് പൊതുസമക്ഷം എത്തിയിട്ടില്ല എന്നിവയാണ‌് സത്യവാങ്ങ‌്മൂലത്തിലെ പ്രധാന വെളിപ്പെടുത്തലുകൾ.

റഫേൽ ഇടപാടിൽ വിലയുടെ വിശദാംശങ്ങളുമായി ബന്ധപ്പെട്ട‌് ഗുരുതരമായ ആരോപണങ്ങൾ ഹർജിക്കാർ ഉന്നയിച്ചിരുന്നു.

ഈ വിഷയത്തിലേക്ക‌് കടക്കുന്നില്ലെന്ന‌് ചീഫ‌്ജസ‌്റ്റിസ‌് രഞ‌്ജൻഗൊഗൊയ‌് അദ്ധ്യക്ഷനായ ബെഞ്ച‌് വിധിന്യായത്തിന്റെ 26ാം ഖണ്ഡികയിൽ നിരീക്ഷിക്കുന്നു.

സിഎജി, പിഎസി, പാർലമെന്റ‌് തുടങ്ങി ഭരണഘടനാപരമായി ഉത്തരവാദിത്വപ്പെട്ട സംവിധാനങ്ങൾ വിഷയം പരിശോധിച്ച‌് കഴിഞ്ഞതാണെന്ന‌ വിധിന്യായത്തിലെ 25ാം ഖണ്ഡികയിലെ നിരീക്ഷണം വ്യാകരണപിശകാണെന്ന‌് പ്രതിരോധമന്ത്രാലയം സത്യവാങ്ങ‌്മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട‌്.

ഈ സാഹചര്യത്തിൽ വിലയുടെ വിശദാംശം ഉൾപ്പടെ കോടതി തന്നെ പരിശോധിക്കണമെന്ന ആവശ്യവും ഉയർന്നു.

വിധിന്യായത്തിലെ തെറ്റിന‌് അടിസ്ഥാനമായത‌് മുദ്രവെച്ച കവറുകളിൽ സർക്കാർ സമർപ്പിച്ച രേഖകളിലെ ‘വസ‌്തുത’കളാണെന്ന‌് പ്രതിരോധമന്ത്രാലയം സത്യവാങ്ങ‌്മൂലത്തിൽ സമ്മതിച്ചിട്ടുണ്ട‌്.

വസ‌്തുതകൾ വിധിന്യായത്തിൽ ഉൾക്കൊള്ളിച്ചപ്പോൾ കോടതിക്ക‌് വ്യാകരണപിശക‌് സംഭവിച്ചതാണ‌് ആശയക്കുഴപ്പത്തിന‌് ഇടയാക്കിയതെന്നും സർക്കാർ അവകാശപ്പെടുന്നു.

‘വിലവിവരങ്ങൾ സർക്കാർ സിഎജിയുമായി പങ്കിട്ടു. അത‌് പിഎസി പരിശോധിക്കുന്നു. റിപ്പോർട്ടിന്റെ സംഗ്രഹം പാർലമെന്റിലും പൊതുസമക്ഷവും വെയ‌്ക്കുന്നു’ എന്നാണ‌് കേന്ദ്രം കോടതിക്ക‌് നൽകിയിരുന്ന വിവരമെന്ന‌് സത്യവാങ്ങ‌്മൂലത്തിൽ പ്രതിരോധമന്ത്രാലയം പറഞ്ഞത‌്.

ആദ്യ വാക്യം നടന്നുകഴിഞ്ഞതാണെന്നും അത‌് ശരിയാണെന്നും മന്ത്രാലയം വിശദീകരിക്കുന്നു. രണ്ടാമത്തെയും മൂന്നാമത്തെയും വാക്യങ്ങളിലൂടെ സാധാരണ നടക്കാറുള്ള പ്രക്രിയയാണെന്നാണ‌് ഉദ്ദേശിച്ചതെന്ന വിചിത്രവാദവും മുന്നോട്ടുവെക്കുന്നു.

വിധി പുറപ്പെടുവിച്ചത‌് ചീഫ‌്ജസ‌്റ്റിസ‌് രഞ‌്ജൻഗൊഗൊയ‌് അദ്ധ്യക്ഷനായ മൂന്നംഗബെഞ്ചാണ‌്. വെള്ളിയാഴ‌്ച പകൽ 10.30യ‌്ക്ക‌് വിധി പ്രസ‌്താവന നടത്തി ഒരു മണിക്കൂറിനുള്ളിൽ സുപ്രീംകോടതി ഔദ്യോഗിക വെബ്സൈറ്റിലും പരസ്യപ്പെടുത്തി.

വിധിയിലെ 25ാം ഖണ്ഡികയിൽ ഇല്ലാത്ത സിഎജി റിപ്പോർട്ടിനെ കുറിച്ച‌് സുപ്രധാന നിരീക്ഷണങ്ങളുള്ള കാര്യം മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.

വാർത്താസമ്മേളനങ്ങളിൽ അരുൺജെയ‌്റ്റ‌്‌ലിയോടും രവിശങ്കർപ്രസാദിനോടും മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നെങ്കിലും മറുപടി ലഭിച്ചില്ലെന്ന‌് ‘ദി ടെലിഗ്രാഫ‌്’ ഉൾപ്പടെ റിപ്പോർട്ട‌് ചെയ്യുന്നു.

ശനിയാഴ‌്ച ഉച്ചയോടെയാണ‌് വ്യാകരണപ്പിശകിൽ വിശദീകരണവുമായി പ്രതിരോധമന്ത്രാലയം രംഗത്തെത്തിയത‌്.

സുപ്രീംകോടതി ജഡ‌്ജിമാർ ഇംഗ്ലീഷും വ്യാകരണവും അറിയാത്തവരാണെന്നാണോ കേന്ദ്രസർക്കാരിന്റെ ധാരണയെന്ന‌് കോൺഗ്രസ‌് ചോദിച്ചു. തെറ്റായ വിവരം നൽകി പരമോന്നത കോടതിയെ കേന്ദ്രസർക്കാർ തെറ്റിദ്ധരിപ്പിച്ചു. ഇത‌് വിധിയെയും ബാധിച്ചു

സുപ്രീംകോടതി ജഡ‌്ജിമാർ ഇംഗ്ലീഷും വ്യാകരണവും അറിയാത്തവരാണെന്നാണോ കേന്ദ്രസർക്കാരിന്റെ ധാരണയെന്ന‌് കോൺഗ്രസ‌് ചോദിച്ചു.

തെറ്റായ വിവരം നൽകി പരമോന്നത കോടതിയെ കേന്ദ്രസർക്കാർ തെറ്റിദ്ധരിപ്പിച്ചു. ഇത‌് വിധിയെയും ബാധിച്ചു. ചീഫ‌്ജസ‌്റ്റിസ‌് ഉൾപ്പടെ മൂന്ന‌് ജഡ‌്ജിമാർ ഒരേപോലെ സർക്കാർ നൽകിയ വിവരങ്ങളെ തെറ്റായി വ്യാഖാനിച്ചുവെന്ന സർക്കാർ വാദം അപഹാസ്യമാണ‌്.

തെറ്റ‌് തിരുത്തണമെന്ന സർക്കാരിന്റെ അപേക്ഷ ഗുരുതരമായ കോടതി അലക്ഷ്യമാണ‌്. വിധി പിൻവലിച്ച‌് കേന്ദ്രസർക്കാരിന‌് എതിരെ കോടതി അലക്ഷ്യനടപടി സ്വീകരിക്കണമെന്നും കോൺഗ്രസ‌് നേതാവ‌് ആനന്ദ‌് ശർമ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News