കൈ പിടിക്കാതെ നേതാക്കള്‍; കെപിസിസി പുനഃസംഘടന; ചെന്നിത്തലയും മുല്ലപ്പള്ളിയും വിട്ടുനിന്നു

തിരുവനന്തപുരം : കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗത്തിൽനിന്ന‌് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി, പ്രതിപക്ഷനേതാവ‌് രമേശ‌് ചെന്നിത്തല ഉൾപ്പെടെ പ്രമുഖർ വിട്ടുനിന്നതോടെ പുനഃസംഘടന ത്രിശങ്കുവിലായി.

21 അംഗ സമിതിയിലെ 12 അംഗങ്ങൾ മാത്രമാണ‌് പങ്കെടുത്തത‌്. വലിയവിഭാഗം വിട്ടുനിന്നതോടെ പുനഃസംഘടനാവിഷയം ചർച്ച ചെയ്യാൻ പോലുമാകാതെ യോഗം അവസാനിപ്പിച്ചു.

ലോക‌്സഭാ തെരഞ്ഞെടുപ്പിനുമുമ്പ‌് പുനഃസംഘടന പൂർത്തിയാക്കുന്നതിന്റെ മുന്നോടിയായാണ‌് പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രൻ യോഗം വിളിച്ചുചേർത്തത‌്.

ദിവസങ്ങൾക്കുമുമ്പ‌് അറിയിപ്പ‌് നൽകിയെങ്കിലും പലരും ബോധപൂർവം വിട്ടുനിന്നു. പുതിയ ഭാരവാഹികളായ കെ മുരളീധരൻ, കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ‌്, യുഡിഎഫ‌് കൺവീനർ ബെന്നി ബെഹനാൻ എന്നിവർക്ക‌് പുറമെ വി എം സുധീരൻ, ഷാനിമോൾ ഉസ‌്മാൻ, എം ലിജു, കെ സി ജോസഫ‌് തുടങ്ങിയവരാണ‌് യോഗത്തിൽ പങ്കെടുത്തത‌്.

ഉമ്മൻചാണ്ടിയും ചെന്നിത്തലയും വിട്ടുനിന്നതോടെ പുനഃ സംഘടനാ ചർച്ചതന്നെ വഴിമുട്ടി. എന്നാൽ, പുനഃസംഘടനയ‌്ക്ക‌് ഹൈക്കമാൻഡ‌് അംഗീകാരം നൽകിയതായും തെരഞ്ഞെടുപ്പിനുമുമ്പ‌് ഇത‌് പുർത്തിയാക്കണമെന്നും നിർദേശിച്ചു.

വി എം സുധീരൻ ഉൾപ്പെടെ ചിലർ ഈ നിർദേശത്തോട‌് യോജിപ്പ‌് പ്രകടിപ്പിച്ചെങ്കിലും മറ്റുള്ളവർക്ക‌് അനുകൂല പ്രതികരണമല്ല. ഉമ്മൻചാണ്ടിയും ചെന്നിത്തലയുമായി വിശദാംശങ്ങൾ ചർച്ചചെയ‌്ത‌് തീരുമാനമെടുക്കാമെന്നുമാത്രമാണ‌് യോഗത്തിലുണ്ടായ ധാരണ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News