റഫേലില്‍ പാര്‍ലമെന്റില്‍ ഭരണ-പ്രതിപക്ഷ ബഹളം; രാഹുല്‍ഗാന്ധി മാപ്പ് പറയണമെന്ന് ഭരണപക്ഷം

റഫേലില്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ ഭരണ-പ്രതിപക്ഷ ബഹളം. റഫേല്‍ അഴിമതി അന്വേഷണ ഹര്‍ജി സുപ്രീംകോടതി തള്ളിയതിനാല്‍ രാഹുല്‍ഗാന്ധി മാപ്പ് പറയണമെന്ന് ഭരണപക്ഷം.

കോടതിയെ തെറ്റ്ദ്ധരിപ്പിച്ച പ്രധാനമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നടപടിയെടുക്കണമെന്ന് പ്രതിപക്ഷം. ബഹളത്തെ തുടര്‍ന്ന് രാജ്യസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു.

ലോക്സഭ പല തവണ നിറുത്തി വച്ചു. ബഹളത്തിനിടയിലും മുത്തലാക്ക് ബില്‍ ലോക്സഭയില്‍ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും അവതരിപ്പിച്ചു. ഒരു മതത്തെ ലക്ഷ്യമിടുന്ന ബില്‍ ഭരണഘടന വിരുദ്ധമെന്ന് കോണ്‍ഗ്രസ്.

തുടര്‍ച്ചയായി നാലാം ദിവസവും പാര്‍ലമെന്റിനെ സ്തംഭിപ്പിച്ച് റഫേല്‍ അഴിമതി. സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷം ഇന്നും ഇരുസഭകളുടേയും നടുത്തളത്തിലിറങ്ങി.

എന്നാല്‍ സുപ്രീംകോടതി അന്വേഷണ ആവശ്യം തള്ളിയതിനാല്‍ രാഹുല്‍ഗാന്ധി മാപ്പ് പറയണമെന്ന മുദ്രാവാക്യവുമായാണ് ഭരണപക്ഷ ബഞ്ചുകള്‍ പ്രതിപക്ഷത്തെ പ്രതിരോധിച്ചത്.

ആന്ധ്രയ്ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അടക്കമുള്ള വിഷയങ്ങളുമായി പ്രാദേശിക കക്ഷി എം.പിമാരും പ്രതിഷേധം ശക്തമാക്കിയതോടെ രാജ്യസഭ അഞ്ച് മിനിറ്റ് മാത്രം ചേര്‍ന്ന ശേഷം ഇന്നത്തേയ്ക്ക് പിരിഞ്ഞു.

സമാനമായ പ്രതിഷേധമരങ്ങേറിയ ലോക്സഭ പല തവണ നിറുത്തി വച്ചു.സുപ്രീംകോടതിയെ തെറ്റ്ദ്ധരിപ്പിച്ച പ്രധാനമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നടപടി ആവശ്യപ്പെട്ട് സിപിഐഎം,കോണ്ഗ്രസും നല്‍കിയ നോട്ടീസ് ലഭിച്ചതായി സ്പീക്കര്‍ സുമിത്രാ മഹാജന്‍ ലോക്സഭയെ അറിയിച്ചു.

ഇതിനിടയില്‍ ഭേദഗതി വരുത്തിയ പുതിയ മുത്തലാക്ക് ബില്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. നേരത്തെ സഭ പാസാക്കിയ ബില്ലിലെ ജാമ്യ വ്യവസ്ഥകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിടുന്ന ബില്‍ ഭരണഘടന വിരുദ്ധമായതിനാല്‍ അവതരിപ്പിക്കാന്‍ അനുവദിക്കരുതെന്ന് ശശിതരൂര്‍ എം.പി കോണ്‍ഗ്രസിന് വേണ്ടി എതിര്‍ത്തു.

മുസ്ലീം സ്ത്രീകളുടെ സുരക്ഷിതത്വം ലക്ഷ്യമിടുന്നതാണ് ബില്ലെന്ന് കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ മറുപടി പറഞ്ഞു. കര്‍ണ്ണാടകയില്‍ പ്രസാദം കഴിച്ച മരിച്ചവരുടെ കുടുംബത്തിന് കേന്ദ്ര സര്‍ക്കാര്‍ സഹായധനം അനുവദിക്കണമെന്ന് സ്ഥലം എം.പി ആവശ്യപ്പെട്ടു.

സിഖ് വിരുദ്ധ കൂട്ടകൊലയില്‍ കോണ്‍ഗ്രസ് നേതാവ് സജ്ഞന്‍ കുമാറിനെതിരായ ശിക്ഷവിധിയെ പിന്തുണച്ച് പഞ്ചാബില്‍ നിന്നും ശിരോമണി അകാലിദള്‍ എംപി പ്രം സിങ്ങ് സംസാരിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റ കമല്‍നാഥും ശിക്ഷാര്‍ഹനാണന്ന് എം.പി പറഞ്ഞത് കോണ്ഗ്രസിന്റെ പ്രതിഷേധത്തിനും ഇടയാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News