കടലിലിറങ്ങിയ സ്ത്രീയെ വളഞ്ഞ് കൊലയാളി തിമിംഗലങ്ങള്‍; അപൂര്‍വ നിമിഷങ്ങളുടെ വീഡിയോ പുറത്ത്

ന്യൂസീലന്‍ഡിലെ ഹാഹെയ് ബീച്ചില്‍ നീന്താനിറങ്ങിയ അറുപതുകാരിയായ ജൂഡ് ജോണ്‍സണാണ് ചരിത്രത്തിലെ അപൂര്‍വ നിമിഷത്തിനുടമയായത്.

ശാന്തമായി കടലില്‍ തീരത്ത് നിന്ന് അധികം ദൂരയല്ലാതെ ഇവര്‍ നീന്തുന്നതിനിടെയാണ് കൊലയാളി തിമിംഗലങ്ങളുടെ വരവ്.

ഓര്‍ക്കകള്‍ എന്നറിയപ്പെടുന്ന രണ്ട് മുതിര്‍ന്ന കൊലയാളി തിമിംഗലങ്ങള്‍ക്കൊപ്പം ഒരു കുട്ടി ഓര്‍ക്കയും.

സ്രാവുകളെയും മറ്റു തിമിംഗലങ്ങളെയും വരെ വേട്ടയാടി ഭക്ഷണമാക്കുന്നവരാണ് ഓര്‍ക്കകള്‍. ഓര്‍ക്കകളെ തിരിച്ചറിഞ്ഞ ജൂഡ് നീന്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും തിമിംഗല സംഘം അത് തടസപ്പെടുത്തി ജൂഡിനൊപ്പം നീന്തുന്നതും പിന്നീട് പുറംകടലിലേക്ക് മടങ്ങുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം.

തീര നിരീക്ഷണത്തിനു വേണ്ടി ഉപയോഗിക്കുന്ന ഡ്രോണിലാണ് ഈ തിമിംഗല സംഘം സ്ത്രീയെ വളയുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്.

കടലില്‍ വച്ച് ഓര്‍ക്കകള്‍ മനുഷ്യരെ ആക്രമിച്ച സംഭവങ്ങള്‍ വിരളമാണെങ്കിലും മറൈന്‍ പാര്‍ക്കുകളിലെ പ്രധാന അന്തേവാസികളായ ഓര്‍ക്കകള്‍ അവിടെ നടത്തിയ ആക്രമണത്തില്‍ പലരും കൊല്ലപ്പെട്ടിട്ടുണ്ട്.

അതുകൊണ്ടു തന്നെ ഓര്‍ക്കകളെ കണ്ടാല്‍ കടലില്‍ നിന്ന് കയറണമെന്നാണു ബീച്ചുകളിലെ സന്ദര്‍ശകര്‍ക്കുള്ള നിര്‍ദേശം.

എന്നാല്‍ ഹാഹെയ് ബീച്ചില്‍ നീന്താനിറങ്ങിയ ജൂഡിന് ഈ ഓര്‍ക്കകള്‍ സമ്മാനിച്ചത് അപൂര്‍വ നിമിഷങ്ങളാണ്. തെളിവിനായി വീഡിയോ ദൃശ്യങ്ങളും.

നീന്തുന്നതിനിടെ ഡോള്‍ഫിനെ പോലുള്ള മീനിന്റെ നിഴല്‍ കണ്ടതായും ഇവയെ അകറ്റാനായി വേഗം നീന്തുന്നതിനിടെ ശ്രദ്ധിച്ചു നോക്കുമ്പോഴാണ് കൊലയാളി തിമിംഗലങ്ങളാണ് തനിക്ക് ചുറ്റുമെന്ന് തിരിച്ചറിഞ്ഞതെന്നും ജൂഡ് പറയുന്നു.

ഒരു നിമിഷത്തേക്ക് ഭയന്നെങ്കിലും പെട്ടെന്ന് മനസാന്നിധ്യം വീണ്ടെടുത്ത് നീന്തല്‍ തുടര്‍ന്നു. തിമിംഗലങ്ങള്‍ വളഞ്ഞതിനാല്‍ തീരത്തേക്കു നീന്താന്‍ കഴിഞ്ഞില്ല.

ഇടയ്ക്ക് ഓര്‍ക്കകള്‍ ജൂഡിന്റെ കാലില്‍ തൊടുകയും ചെയ്തു. ഇതിനിടയില്‍ തന്റെ മുഖത്തിന് സമീപത്തെത്തിയ വലിയ ഓര്‍ക്കയുടെ കണ്ണില്‍ ഭയപ്പെടുത്തുന്നതൊന്നും കണ്ടില്ലെന്നും ജൂഡ് ഓര്‍ത്തെടുത്തു.

ഇതോടെ ധൈര്യം വീണ്ടുകിട്ടിയെന്നും മുന്നോട്ടുള്ള നീന്തല്‍ തുര്‍ന്നുവെന്നും ജൂഡ് പറയുന്നു. അല്‍പ്പസമയം കൂടി ജൂഡിനൊപ്പം നീന്തിയ ശേഷം കൊലയാളി തിമിംഗലങ്ങള്‍ പുറംകടലിലേക്ക് മടങ്ങുകയും ചെയ്തു.

സമൂഹ മാധ്യങ്ങളിലെത്തിയ ഈ അപൂര്‍വ നിമിഷങ്ങളുടെ വീഡിയോ ഇതിനോടകം 17 ലക്ഷത്തിലേറെ പേരാണ് കണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News