വിശ്വാസികളുടെ പേരില്‍ തെരുവില്‍ക്കണ്ടത് ഏകപക്ഷീയ പ്രതികരണം; മഹാഭൂരിപക്ഷത്തിന്റെ ഹിതം കേരളം കണ്ടില്ല; വനിതാ മതില്‍ അതു കാട്ടിക്കൊടുക്കും

‘സാമൂഹ്യമുന്നേറ്റത്തില്‍ ലോകമാതൃകയായ നാടിനെ വീണ്ടും ജീര്‍ണമാക്കുന്നതിനെതിരെ ഉയരുന്ന വനിതാമതില്‍ കാലം ഏറ്റെടുക്കേണ്ട കടമയാണ്. വനിതാമതില്‍ കേരളത്തിന്റെ സാമൂഹ്യമുന്നേറ്റത്തില്‍ ഇതിഹാസമാകും.

പുതിയ കാലഘട്ടത്തില്‍ ഒരു പരിഷ്‌കൃത സമൂഹത്തിന് വേണ്ടതെന്തൊക്കെയെന്നുള്ള ഓര്‍മപ്പെടുത്തലാണിത്. എണ്ണമറ്റ പെണ്‍പോരാട്ടങ്ങളുടെ ചരിത്രംപേറുന്ന കേരളമണ്ണ് ഈ ചരിത്രദൗത്യം ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍.

‘ശബരിമലയിലെ സ്ത്രീപ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധിക്കുശേഷം ദൂരദര്‍ശനില്‍ നടന്ന മുഖ്യമന്ത്രിയുടെ നാം മുന്നോട്ട് എന്ന പ്രതിവാര സംവാദപരിപാടിയുടെ 46—ാമത് ഷോ കേരളത്തിലെ നവോത്ഥാനത്തെ അടിസ്ഥാനമാക്കിയായിരുന്നു.

വിവിധ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്ത ഈ പരിപാടിയില്‍ ഉയര്‍ന്ന അഭിപ്രായങ്ങള്‍ക്കുള്ള മറുപടിയാണ് വനിതാമതിലിന് വഴിതുറന്നത്. ശബരിമല മാത്രമല്ല, അന്യനാടുകളില്‍ നാംകണ്ട ആള്‍ക്കൂട്ട വിചാരണ, സദാചാരത്തിന്റെ പേരിലുള്ള അതിക്രമം, ദുരാചാര കൊലപാതകങ്ങള്‍, ആവിഷ്‌കാരസ്വാതന്ത്ര്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനുംവേണ്ടിയുള്ള പോരാട്ടം എന്നിവ നമ്മുടെ നാട്ടിലും സാര്‍വത്രികമാകുന്നതില്‍ ഉയര്‍ന്ന ആശങ്ക പ്രതിരോധം ഉയര്‍ത്തേണ്ടതിന്റെ പ്രസക്തി വര്‍ധിപ്പിച്ചു.

കേരളത്തിന്റെ ഇരുണ്ടകാലത്ത് തിരുത്തല്‍ശക്തിയായി വെളിച്ചം പകര്‍ന്നത് നവോത്ഥാനപ്രസ്ഥാനങ്ങളാണ്. നമ്മുടെ നാട് വീണ്ടും കരി പടരാതിരിക്കാന്‍ നിലവിലുള്ള സാമൂഹ്യപ്രസ്ഥാനങ്ങളെ ഏകോപിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതേത്തുടര്‍ന്ന് ഡിസംബര്‍ ഒന്നിന് 174 സംഘടനകള്‍ പങ്കെടുത്ത യോഗത്തിലാണ് വനിതാമതിലിന്റെ ഉദയം.

‘കേരളത്തെ ഭ്രാന്താലയമാക്കരുത്, നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കുക, സ്ത്രീ-പുരുഷ സമത്വം ഉറപ്പാക്കുക എന്നീ മുദ്രാവാക്യങ്ങളാണ് വനിതാമതില്‍ ഉയര്‍ത്തുന്നത്. വനിതാമതില്‍ ഹിന്ദുമതിലാണെന്ന് ആക്ഷേപിച്ച് തുടക്കത്തില്‍ ചിലര്‍ രംഗത്തെത്തി. ഇത് തെറ്റിദ്ധരിപ്പിക്കലാണ്. ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ് ഇതിനു പിന്നിലെ ലക്ഷ്യം.

രാജ്യത്ത് മതനിരപേക്ഷതയും സ്വാതന്ത്ര്യവും അപകടത്തിലാകുന്ന അനുഭവങ്ങളാണ് കേന്ദ്രഭരണാധികാരികളുടെ അറിവോടെ കഴിഞ്ഞ കുറെ നാളായി കാണുന്നത്. ഇത് തുടരാന്‍ പാടില്ല. ശബരിമലയിലെ സുപ്രീംകോടതി വിധിക്കുശേഷം സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷി യോഗവും തന്ത്രിമാരുടെ യോഗവും വിളിച്ചിരുന്നു.

‘മൂന്നാമതായി എല്ലാവരെയും ചേര്‍ത്ത് യോഗം വിളിച്ചപ്പോള്‍ മതനിരപേക്ഷതയും സ്വാതന്ത്ര്യവും അപകടപ്പെടാന്‍ പാടില്ലെന്ന അഭിപ്രായം ഉയര്‍ന്നു. ഇതിനായി ഏകോപനമുണ്ടാകണമെന്നും ഇതില്‍ അണിനിരക്കേണ്ടവര്‍ ആരൊക്കെയെന്നും കൂട്ടായി തീരുമാനിച്ചു. മതനിരപേക്ഷ, ജനാധിപത്യമൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന എല്ലാവരെയും അണിനിരത്തിയാകണം പ്രതിരോധം എന്ന് യോഗം തീരുമാനിക്കുകയായിരുന്നു. എന്‍എസ്എസ് ഉള്‍പ്പെടെ മൂന്ന് സംഘടനകളാണ് പൊതു തീരുമാനത്തോട് വിയോജിച്ചത്.

‘കേരളം ഏറെ ജനാധിപത്യപുരോഗതി നേടിയ നാടാണ്. രാജ്യത്തെ ഇതര സംസ്ഥാനങ്ങളില്‍നിന്ന് ഇവിടം വേറിട്ടുനില്‍ക്കുന്നു. നിരവധി പോരാട്ടങ്ങളാണ് ഇതിന് അടിസ്ഥാനം. ഒരു പുരോഗമന സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന സാഹചര്യത്തില്‍ അതിനുതകുന്ന സാഹചര്യങ്ങള്‍ ഉണ്ടായാല്‍ പരിപോഷിപ്പിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. ഈ ഉത്തരവാദിത്തം പിണറായി സര്‍ക്കാര്‍ ഭംഗിയായി നിര്‍വഹിക്കുന്നു. ഇതിനെ സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്ന തരത്തില്‍ ആക്ഷേപിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണ്.

’19, 20 നൂറ്റാണ്ടുകളില്‍ നടന്ന മതസാമൂഹ്യ പരിഷ്‌കരണങ്ങളാണ് നവോത്ഥാനം. കീഴാള ജനതയുടെ ഇടയില്‍നിന്നാണ് നവോത്ഥാന പ്രസ്ഥാനങ്ങള്‍ രൂപംകൊണ്ടത്. ഈ വിഭാഗങ്ങളില്‍നിന്ന് അയ്യന്‍കാളിയെപ്പോലുള്ള ഉല്‍പ്പതിഷ്ണുക്കള്‍ ഉയര്‍ന്നുവന്നതാണ് നവോത്ഥാനത്തിന്റെ മഹത്വവും ശക്തിയും.
ഇതിനൊപ്പം സവര്‍ണവിഭാഗത്തില്‍പ്പെടുന്ന മന്നത്ത് പത്മനാഭനും ചങ്ങനാശേരി പരമേശ്വരന്‍പിള്ളയും വി ടി ഭട്ടതിരിപ്പാടും പല ഘട്ടങ്ങളിലായി നവോത്ഥാനമുന്നേറ്റത്തിന്റെ നേതൃനിരയില്‍ അണിനിരന്നു.

‘1923ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കാക്കിനഡ സമ്മേളനമാണ് അയിത്തോച്ചാടനം പ്രധാന പ്രമേയമായി അംഗീകരിച്ചത്. ഗുരുവായൂര്‍ സത്യഗ്രഹം നവോത്ഥാനവഴികളിലെ നാഴികക്കല്ലാണ്. കേരളഗാന്ധി എന്നറിയപ്പെടുന്ന കെ കേളപ്പന്റെ പിന്മുമുറക്കാര്‍ ഇന്നെവിടെ നില്‍ക്കുന്നു.

നവോത്ഥാനമൂല്യങ്ങള്‍ അപകടപ്പെടുന്നതിനെ പ്രതിരോധിക്കാന്‍ ഭൂരിപക്ഷ ജനത മുന്നോട്ടുവരുമ്പോള്‍ ഇരുണ്ട കാലത്തേക്ക് മടങ്ങാനാണ് കെ കേളപ്പന്റെ പിന്മുറക്കാരായ രമേശ് ചെന്നിത്തലയെപ്പോലുള്ളവരുടെ ആഹ്വാനം.

‘ശബരിമല സ്ത്രീപ്രവേശനത്തിലെ സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് വിശ്വാസികളുടെ പേരില്‍ കുറെ ദിവസംമുമ്പ് തെരുവില്‍ കണ്ടത് ഏകപക്ഷീയ പ്രതികരണംമാത്രമാണ്. മഹാഭൂരിപക്ഷം വരുന്നവരുടെ ജനഹിതം എന്താണെന്ന് കേരളം കണ്ടില്ല. ഇത് കാട്ടിക്കൊടുക്കലാണ് പുതുവര്‍ഷദിനത്തിലെ വനിതാമതില്‍.

ഭഗവാന്റെ കല്‍പ്പിത ഹിതത്തേക്കാള്‍ സ്ത്രീയുടെ അന്തസ്സാണ് കോടതിക്ക് മുഖ്യം എന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു വിഭാഗം സ്ത്രീകള്‍ക്ക് വിശ്വാസ സമൂഹത്തിന്റെ ഭാഗമാകാന്‍ കഴിയുന്ന വിധി പ്രസ്താവംകൂടിയാണ് സുപ്രീംകോടതി ശബരിമല വിഷയത്തില്‍ നടത്തിയത്. സ്വാതന്ത്ര്യവും സമത്വവും നിലനില്‍ക്കണമെന്ന സന്ദേശം വനിതാമതില്‍ നല്‍കുന്നു.

‘വനിതാമതില്‍ കേരളത്തിന്റെ സാമൂഹ്യമുന്നേറ്റത്തില്‍ ഇതിഹാസമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News