കണ്ണുരുട്ടലുകളും ഭീഷണിപ്പെടുത്തലുകളും, അതുകണ്ട് വേവലാതിപ്പെടുന്നവരുടെ അടുത്തേ ചിലവാകൂ; അല്ലാത്തവരോട് കണ്ണുരുട്ടിയിട്ട് കാര്യമില്ല: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം > നവോത്ഥാനം സംരക്ഷിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കെതിരായ കണ്ണുരുട്ടലും ഭീഷണിയും ഇവിടെ വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

നമ്മുടെ സമൂഹത്തിന് പറ്റാത്ത എല്ലാ തെറ്റായ കാര്യങ്ങളെയും കേരള സമൂഹം കൂട്ടായി എതിര്‍ക്കും. ആര് എതിര്‍ക്കുന്നുവെന്ന് നോക്കില്ല.

അവരുടെ മേനി പറച്ചിലിനോ ശക്തിക്കോ മുമ്പില്‍ അടിയറ പറയില്ല. കണ്ണരുട്ടലും ഭീഷണിയും അത് കണ്ടാല്‍ ഭയക്കുന്നവര്‍ക്കുമുമ്പിലേ വിലപോകൂ.

കേരളത്തെ പിന്നോട്ട് നയിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അതിനെ ഭൂരിപക്ഷന്യൂനപക്ഷ വ്യത്യാസമില്ലാതെ ചെറുത്തുതോല്‍പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന ന്യൂനക്ഷേമ വകുപ്പ് ദിനാഘോഷ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാജ്യത്തെ മതനിരപേക്ഷത ഇല്ലാതാക്കാന്‍ ശക്തമായ ശ്രമങ്ങള്‍ ഉണ്ടാവുന്നു. മതനിരപേക്ഷതയ്ക്കായി നില്‍ക്കുന്ന പലരും ശക്തമായി പ്രതികരിക്കാന്‍ മടിക്കുകയാണ്.

മതനിരപേക്ഷതയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുമായി ചിലരെങ്കിലും സമരസപ്പെടുന്നത് നാം കണ്ടു. ബി ടീം ആയി നിന്ന് എ ടീമിനെ പ്രതിരോധിക്കാനാവില്ല.

അങ്ങനെയുണ്ടായാല്‍ ബി ടീമിനെ എ ടീം വിഴുങ്ങും. ഭക്ഷണത്തിന്റെ പേരില്‍ ആളെ കൊല്ലുന്ന സ്ഥിതിയാണ് രാജ്യത്തുള്ളത്. ബാബ്‌റി മസ്ജിദ് തകര്‍ത്തവര്‍ താജ്മഹല്‍ തകര്‍ക്കാന്‍ നീക്കം തുടങ്ങിയിരിക്കുന്നു മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ ഭരണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കുന്നതിന് പകരം അവയെ നിഷ്‌കാസനം ചെയ്യുകയാണ് ആര്‍എസ്എസ് തത്വശാസ്ത്രം.

ഇതിന്റെ പ്രായോഗിക രൂപം ഇവിടെ കൊണ്ടുവരാനുള്ള ശ്രമം ചിലര്‍ നടത്തുന്നു. ഹിറ്റ്‌ലറുടെയും മുസോളിനിയുടെയും ആശയവും പ്രയോഗികതയുമാണ് ആര്‍എസ്എസിന്റേത്. നമ്മുടെ രാജ്യത്ത് അതി തീവ്രമായാണ് ആര്‍എസ്എസ് ഈ ആശയം നടപ്പാക്കുന്നത്. ഗാന്ധിജിയുടെ വധത്തിലും ബാബരി മസ്ജിദ് തകര്‍ത്തതിലും അത് നമ്മള്‍ കണ്ടു.

ബാബരി മസ്ജിദ് തകര്‍ക്കാന്‍ മതനിരപേക്ഷ പാര്‍ടിയെന്ന് പറഞ്ഞു നടക്കുന്ന കോണ്‍ഗ്രസുകാരനായ പ്രധാനമന്ത്രി നരസിംഹറാവുവും കേന്ദ്ര സര്‍ക്കാരും സംഘപരിവാറിന് കൂട്ടുനിന്നു. മതനിരപേക്ഷതയ്ക്ക് നേരെ ക്രൂരമായ ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നത്അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തില്‍ ക്രിസ്ത്യന്‍ മിഷനറിമാരും മുസ്‌ലീം പണ്ഡിതന്‍മാരും ഉള്‍പ്പെടെ നാടിന്റെ വിവിധ ധാരകള്‍ ഒന്നിച്ചു നീങ്ങിയിട്ടുണ്ട്.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം വ്യത്യസ്തമായി നിലകൊണ്ടത് ഇവിടത്തെ നവോത്ഥാന പാരമ്പര്യം കൊണ്ടാണ്. കര്‍ഷക, തൊഴിലാളി പ്രസ്ഥാനങ്ങളുടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റേയും ഇടപെടല്‍ കൊണ്ട് കേരളത്തിലെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് ശരിയായ തുടര്‍ച്ചയുണ്ടായി.

ഇത് തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ നില്‍ക്കുന്നിടത്തുനിന്ന് പിറകിലേക്കല്ല, മുന്നോട്ടാണ് പോകേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here