ഹര്‍ത്താലിനെ നേരിടും; തിയേറ്റര്‍ ഉടമകള്‍ക്ക് പിന്നാലെ വ്യാപാരികളും ബസുടമകളും

കോഴിക്കോട്: തിയേറ്റര്‍ ഉടമകള്‍ക്ക് പിന്നാലെ ഹര്‍ത്താലിനെ നേരിടാനൊരുങ്ങി വ്യാപാരി സംഘടനകളും.

ഹര്‍ത്താലിനെതിരെ സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യാന്‍ വ്യാപാരികള്‍ക്ക് പുറമെ ബസുടമകളും വ്യവസായികളും ഇന്ന് കോഴിക്കോട് ചേരും. വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിലാണ്, വിവിധ സംഘടനകള്‍ ഹര്‍ത്താലിനെതിരെ സംഘടിക്കുന്നത്.

ഹര്‍ത്താല്‍ മൂലം വ്യാപാരവ്യവസായ മേഖലകള്‍ക്കുണ്ടാകുന്ന നഷ്ടം കൂടിയതാണ് പുതിയ കൂട്ടായ്മ രൂപീകരിക്കാനുള്ള നീക്കത്തിന് പിന്നില്‍. ഇന്ന് കോഴിക്കോട് നടക്കുന്ന യോഗത്തില്‍ 32 സംഘടനകള്‍ പങ്കെടുക്കും. ഏകോപനസമിതിക്ക് പുറമെ മറ്റ് വ്യാപാരി വ്യവസായി സംഘടനകള്‍, ബസുടമകള്‍, ഹോട്ടലുടമകളുടെ സംഘടന, തുടങ്ങിയവരും യോഗത്തിനെത്തും. ഇടയ്ക്കിടെയുള്ള ഹര്‍ത്താലുകള്‍ക്കെതിരെ പ്രതികരിക്കാന്‍ ഒരു ഫോറം ഉണ്ടാക്കാനാണ് തീരുമാനം.

ഹര്‍ത്താലുകളെ നേരിടാന്‍ ഹര്‍ത്താല്‍ ദിനത്തില്‍ ഒരേ സമയം കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതടക്കമുള്ള തീരുമാനങ്ങളും യോഗത്തിലുണ്ടാകും.

കൊച്ചി, സുല്‍ത്താന്‍ ബത്തേരി, തിരുവനന്തപുരം ചാല തുടങ്ങിയ ഇടങ്ങളിലെ വ്യാപാരികള്‍ ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനെല്ലാം ഏകോപിപ്പിച്ച് സംസ്ഥാന അടിസ്ഥാനത്തില്‍ തീരുമാനം എടുക്കുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം.

നേരത്തെ, ഇനി മുതല്‍ ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് തിയ്യേറ്റര്‍ ഉടമകള്‍ പ്രഖ്യാപിച്ചിരുന്നു. കൊച്ചിയില്‍ തിങ്കളാഴ്ച ചേര്‍ന്ന യോഗത്തിലാണ് തിയ്യേറ്റര്‍ ഉടമകള്‍ ഹര്‍ത്താലിനോട് സഹകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.

ഹര്‍ത്താല്‍ ദിനത്തില്‍ തിയ്യേറ്റര്‍ അടച്ചിടുന്നത് മൂലം വലിയ നഷ്ടമാണ് തിയ്യേറ്ററുകള്‍ക്ക് സംഭവിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഹര്‍ത്താലിനോട് സഹകരിക്കേണ്ടതില്ലെന്ന് തിയ്യേറ്റര്‍ ഉടമകള്‍ തീരുമാനിച്ചത്. വെള്ളിയാഴ്ച ബിജെപി നടത്തിയ ഹര്‍ത്താലില്‍ തൃശൂരില്‍ തിയേറ്റര്‍ അടപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News