‘മാപ്പു പറയേണ്ടിയിരുന്നത് ആണത്ത ഹുങ്കിലേക്ക് വളര്‍ന്നു മുറ്റിയ ആ ആണ്‍കുട്ടികളും അവരുടെ രക്ഷിതാക്കളുമായിരുന്നില്ലേ?’

തിരുവനന്തപുരം: കിളിനക്കോട്ടെ പൊലീസ് സ്റ്റേഷനില്‍ ചെന്ന് മാപ്പു പറയേണ്ടിയിരുന്നത് ആണത്ത ഹുങ്കിലേക്ക് വളര്‍ന്നു മുറ്റിയ ആ ആണ്‍കുട്ടികളും അവരുടെ രക്ഷിതാക്കളുമായിരുന്നെന്ന് സാഹിത്യകാരി ശാരദക്കുട്ടി.

തങ്ങളുടെ മക്കള്‍ പെണ്ണുങ്ങളുടെ അധികാരികളല്ല എന്നവരെ പറഞ്ഞു നിരന്തരം ബോധ്യപ്പെടുത്തിയെടുക്കേണ്ടത് ആ രക്ഷിതാക്കളായിരുന്നില്ലേയെന്നും ശാരദക്കുട്ടി ചോദിക്കുന്നു.

ശാരദക്കുട്ടിയുടെ വാക്കുകള്‍:

കിളിനക്കോട്ടെ പോലീസ് സ്റ്റേഷനില്‍ ചെന്ന് മാപ്പു പറയേണ്ടിയിരുന്നത് ആണത്ത ഹുങ്കിലേക്ക് വളര്‍ന്നു മുറ്റിയ ആ ആണ്‍കുട്ടികളും അവരുടെ രക്ഷിതാക്കളുമായിരുന്നില്ലേ?

തങ്ങളുടെ മക്കള്‍ പെണ്ണുങ്ങളുടെ അധികാരികളല്ല എന്നവരെ പറഞ്ഞു നിരന്തരം ബോധ്യപ്പെടുത്തിയെടുക്കേണ്ടത് ആ രക്ഷിതാക്കളായിരുന്നില്ലേ? അത്തരം രക്ഷിതാക്കള്‍ക്കെന്താണ് കുറ്റബോധം തോന്നാത്തത്? ആ പെണ്‍കുഞ്ഞുങ്ങളോട് മാപ്പു പറയാന്‍ മക്കളെ പറഞ്ഞു വിടണ്ടേ?

ഊര്‍ജ്ജം തുളുമ്പി, ചിരിച്ചു മറിഞ്ഞ് നര്‍മ്മഭാഷണം പറഞ്ഞ് ആണ്‍കുട്ടികളുടെ തലയിലെ വെളിച്ചമില്ലായ്മക്കു പരിഹാരം നിര്‍ദ്ദേശിക്കുന്ന തരത്തില്‍ ചുണക്കുട്ടികളായി പെണ്മക്കളെ വളര്‍ത്തിയെടുത്ത അമ്മമാരെ അഭിനന്ദിക്കുന്ന ഒരു സമീപനം എന്നാണ് കേരളമെന്ന ഈ വലിയ കിളിനക്കോട്ടുകരയ്ക്ക് ഉണ്ടാവുക?

ആണ്‍മക്കളേ.. വെറുപ്പും അഹങ്കാരവും അധികാര ധാര്‍ഷ്ട്യവും നിങ്ങളെ ഭൂമിയില്‍ നിന്നു തന്നെ ഇല്ലാതാക്കുന്നതിനു മുന്‍പ്, പറന്നുയരുവാന്‍ ചിറകുകളാര്‍ജ്ജിച്ചു കഴിഞ്ഞ പെണ്‍കൂട്ടുകളെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുക. അവരുടെ ചിരിയും ഇളക്കങ്ങളും നിങ്ങളുടെയും ജീവിത പ്രേരണയാകട്ടെ.

നിങ്ങളുടെ ഭുജശാഖയിലല്ല അവരുടെ ഇരുപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News