ലാലിന്റെ കണ്ണുകളില്‍ വരെ അഭിനയം, മഞ്ജുവാര്യരുടെതും തുല്യതയില്ലാത്ത അഭിനയമികവ്; ഒടിയനെ പ്രശംസിച്ച് മന്ത്രി ജി സുധാകരന്‍

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ഒടിയന്‍. എന്നാല്‍ എല്ലാ വിഭാഗം പ്രേക്ഷകരെയും ഒരുമിച്ച് തൃപ്തിപ്പെടുത്താന്‍ ഒടിയനായില്ല. എന്നാല്‍ ഇപ്പോഴും വലിയൊരു വിഭാഗം പ്രേക്ഷകര്‍ ഒടിയന് വന്‍ പിന്തുണയാണ് നല്‍കുന്നത്.

ഈ സാഹചര്യത്തിലാണ് മന്ത്രി ജി സുധാകരന്റെ പോസ്റ്റ്.

മന്ത്രി സുധാകരന്‍ പറയുന്നു:

‘ഡിസംബര്‍ 14ന്റെ കേരള ഹര്‍ത്താലിനെ അതീജിവിച്ചാണ് മലയാളി പ്രേക്ഷകര്‍ കാത്തിരുന്ന ഒടിയന്‍ എന്ന സിനിമ പ്രേക്ഷകരുടെ മുന്നില്‍ എത്തിയത്. പക്ഷേ പെട്ടെന്ന് തന്നെ ചിത്രത്തിന് എതിരെ കുപ്രചരണ വാര്‍ത്തകള്‍ കേട്ടു. അതുകൊണ്ട് സിനിമ ഒന്ന് കാണണമെന്ന് തോന്നി. ചിത്രം എനിക്ക് വളരെ ഇഷ്ടപ്പെട്ടു.

കെ.ഹരികൃഷ്ണന്‍ വ്യത്യസ്തമായ കഥയൊരുക്കി വി.എ.ശ്രീകുമാര്‍ മേനോന്‍ അതിമനോഹരമായി സംവിധാനം ചെയ്ത്, അഭിനയമികവും സ്വാഭാവിക ശൈലിയും കൊണ്ട് മോഹന്‍ലാലും മഞ്ജു വാര്യരും പ്രകാശ് രാജും ഉള്‍പ്പെടെയുള്ള കലാകാരന്മാര്‍ അതിമനോഹരമാക്കിയിട്ടുള്ള മികച്ച ചിത്രം. എം.ജയചന്ദ്രന്റെ മികച്ച സംഗീതവും, പ്രഭാവര്‍മ്മയുടെ ഗാനവും, ഷാജി കുമാറിന്റെ ഛായാഗ്രഹണവും ചിത്രത്തെ ആസ്വാദ്യകരമാക്കിയിട്ടുണ്ട്.

ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിന്റെ യൗവ്വനവും വാര്‍ദ്ധക്യവും ചിത്രത്തില്‍ അവതരിപ്പിക്കുന്നതില്‍ മോഹന്‍ലാല്‍ നല്ല ശാരീരിക വഴക്കം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സിനിമയില്‍ മോഹന്‍ലാലിന്റെ കണ്ണുകളില്‍ വരെ അഭിനയം തുളുമ്പിയിട്ടുണ്ട് എന്ന് മറുചിന്തയില്ലാതെ വിശേഷിപ്പിക്കാം.

മഞ്ജുവാര്യരുടെതും തുല്യതയില്ലാത്ത അഭിനയമികവ് തന്നെ. സിനിമയിലാകെ വളരെ സന്ദര്‍ഭോചിതമായി സംഭാഷണം ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞത് പ്രേക്ഷകരെ ചിന്തിപ്പിക്കുന്നുണ്ട്. പ്രേക്ഷകരെ ആദ്യാവസാനം പിടിച്ചിരുത്തും വിധം ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും സമചിത്തമായി സമ്മേളിപ്പിച്ച് കൊണ്ടാണ് കഥനീങ്ങുന്നത്. മൂല്യബോധമുള്ള സിനിമയാണ്.- മന്ത്രി സുധാകരന്‍ പറഞ്ഞുനിര്‍ത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News